Saturday, August 4, 2012

ജനങ്ങള്‍ക്കെതിരെ കേസ് ശക്തനെതിരെ കേസില്ല


വിളപ്പില്‍ശാലയില്‍ സമരംചെയ്ത ജനങ്ങള്‍ക്കെതിരെ കേസെടുത്ത പൊലീസ് സമരത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെതിരെ കേസെടുത്തില്ല. കണ്ടാലറിയാവുന്ന 5000 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്ഥലം എംഎല്‍എകൂടിയായ ഡെപ്യൂട്ടി സ്പീക്കറെ നിരുപാധികം ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശ പ്രകാരമാണ് ശക്തനെ കേസില്‍പെടുത്താതിരുന്നത്. കടുത്ത കോടതിയലക്ഷ്യംകൂടിയാകുന്ന കേസില്‍ പെട്ടാല്‍ സ്ഥാനം രാജിവക്കേണ്ടി വരുമെന്ന് കണക്കുകൂട്ടിയാണ് കേസില്‍നിന്ന് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച രാവിലെതന്നെ നിരോധനാജ്ഞയെ പ്രഹസനമാക്കി ഡെപ്യൂട്ടി സ്പീക്കര്‍ സമരസ്ഥലത്തെത്തിയത് വിവാദമായിരുന്നു. വിളപ്പില്‍ശാലയില്‍ ഇപ്പോള്‍ മാലിന്യം ഒട്ടും ഇല്ലെന്നും മാലിന്യസംസ്കരണ ഉപകരണം ഇനി ഫാക്ടറിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യം ഇല്ലെന്നും ശക്തന്‍ സമരസ്ഥലത്തുവച്ച് പ്രഖ്യാപിച്ചു. ഇത് ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. കൂടാതെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താനും നിരോധനാജഞ ലംഘിക്കാനും പൊതുവഴി തടസ്സപ്പെടുത്താനും ഡെപ്യൂട്ടി സ്പീക്കര്‍ നേതൃത്വം നല്‍കി. വിളപ്പില്‍ശാലയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ശക്തന്‍ ഇങ്ങനെ ചെയ്തതെങ്കിലും അത് സത്യപ്രതിജ്ഞാ ലംഘനംകൂടിയായി. സമരം തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തിനും ശക്തന്‍ നേതൃത്വം കൊടുത്തു. ഇതോടെ ശക്തനും സര്‍ക്കാരും നാടകം കളിക്കുകയായിരുന്നെന്നും വ്യക്തമായി. രണ്ടായിരത്തോളം പൊലീസുകാരെയും 10 എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമരെയുമാണ് സര്‍ക്കാര്‍ വിളപ്പിലില്‍ നിയോഗിച്ചിരുന്നത്. കലക്ടറുടെ ചുമതലയുള്ള എഡിഎമ്മും സ്ഥലത്തുണ്ടായിരുന്നു.

ഹൈക്കോടതിയെ സമീപിക്കും നഗരസഭ

വിളപ്പില്‍ശാലയിലേക്ക് മാലിന്യസംസ്കരണ ഉപകരണം കൊണ്ടുവന്ന വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം രംഗത്തുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിക്കുമെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഗരസഭ. കോര്‍പറേഷന്‍ മാലിന്യപ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം സമരക്കാരുടെ പക്ഷംചേര്‍ന്ന് പരസ്യമായി രംഗത്തെത്തി സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തതിനാണ് ശക്തനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് നഗരസസഭ വ്യക്തമാക്കി.

വിളപ്പില്‍ശാല: ഹര്‍ജികള്‍ ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും

കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയും മറ്റു ഹര്‍ജികളുമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ എം ഷെഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അതേസമയം, പ്ലാന്റില്‍ മലിനജല ട്രീറ്റ്മെന്റ്പ്ലാന്റിന്റെ യന്ത്രങ്ങള്‍ കൊണ്ടുവരാനുള്ള നടപടി ജനങ്ങള്‍ തടസ്സപ്പെടുത്തിയതായി നഗരസഭ കോടതിയെ അറിയിച്ചു. പ്ലാന്റിലേക്കുള്ള വഴിയില്‍ പൊങ്കാല നടത്തിയാണ് ഉപരോധിച്ചതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. പൊലീസ് എന്തുചെയ്തുവെന്ന് പിന്നീട് പരിശോധിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

വിളപ്പില്‍ശാല: ജനം സഹകരിക്കുന്നില്ലെന്ന് മന്ത്രി അലി

കൊച്ചി: വിളപ്പില്‍ശാലയില്‍ കോടതിവിധി നടപ്പാക്കാന്‍ ജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സമരം നേരിടാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. മാലിന്യം ഫലപ്രദമായ രീതിയില്‍ നിര്‍മാര്‍ജനംചെയ്യാന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 040812

1 comment:

  1. വിളപ്പില്‍ശാലയില്‍ സമരംചെയ്ത ജനങ്ങള്‍ക്കെതിരെ കേസെടുത്ത പൊലീസ് സമരത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെതിരെ കേസെടുത്തില്ല. കണ്ടാലറിയാവുന്ന 5000 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്ഥലം എംഎല്‍എകൂടിയായ ഡെപ്യൂട്ടി സ്പീക്കറെ നിരുപാധികം ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശ പ്രകാരമാണ് ശക്തനെ കേസില്‍പെടുത്താതിരുന്നത്. കടുത്ത കോടതിയലക്ഷ്യംകൂടിയാകുന്ന കേസില്‍ പെട്ടാല്‍ സ്ഥാനം രാജിവക്കേണ്ടി വരുമെന്ന് കണക്കുകൂട്ടിയാണ് കേസില്‍നിന്ന് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

    ReplyDelete