Sunday, August 5, 2012

കൈയ്യേറ്റ ഭൂമിയിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം; സമര സമിതി അപലപിച്ചു

ചെങ്ങറയില്‍ അഞ്ച് വര്‍ഷമായി നടന്നുവരുന്ന കൈയ്യേറ്റ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭവത്തെ കുമ്പഴ എസ്റ്റേറ്റിലെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ സമര സമിതി അപലപിച്ചു.

ഭൂസമരത്തിന്റെ പേരില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ച് ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ കൈയേറ്റ ഭൂമിയില്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും സൈ്വര്യജീവിതത്തെ കാര്യമായി ബാധിച്ചിട്ടും സര്‍ക്കാര്‍ പ്രശ്നത്തെ ലഘുവായി കാണുന്നതില്‍ യൂണിയനുകള്‍ അമര്‍ഷം രേഖപ്പെടുത്തി. 179 തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയും കോടിക്കണക്കിനുള്ള രൂപയുടെ വസ്തുവകകള്‍ കൊള്ളയടിച്ചും നശിപ്പിച്ചും നടത്തിവരുന്ന കൈയ്യേറ്റ സമരത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.

കൈയ്യേറ്റ ഭൂമിയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചോ വ്യാജവാറ്റ്, വന്യമൃഗവേട്ട, കഞ്ചാവു കൃഷി, ഡിഎച്ച്ആര്‍എം ന്റെ നേതൃത്വത്തില്‍ നാല് കേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധപരിശീലനം, തീവ്രവാദ സാന്നിധ്യം എന്നിവയെകുറിച്ചോ അന്വേഷിക്കാന്‍ പൊലീസിനോ മറ്റു ഭരണസംവിധാനങ്ങള്‍ക്കോ സാധിക്കാത്തത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ പേരുദോഷം വരുത്തിവച്ചിരിക്കുകയാണ്. പട്ടിണി പാവങ്ങളുടെ പക്കല്‍നിന്ന് ആയിരക്കണക്കിന് രൂപ കൈയ്യേറ്റക്കാര്‍ ഇപ്പോഴും പിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഈ പണംകൊണ്ട് ബഹുനില മാളികകളും സ്ഥലങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നവരുടെ ലക്ഷ്യം സാധുജനക്ഷേമമല്ലെന്നും പൊതുജന സമൂഹം തിരിച്ചറിയണമെന്ന് സമിതി അഭ്യര്‍ഥിച്ചു. ഇവിടെനിന്ന് കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി ശക്തമായി പ്രതികരിക്കാന്‍ യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചതായി സംയുക്ത സമരസമിതി കണ്‍വീനര്‍ മലയാലപ്പുഴ മോഹനന്‍ അറിയിച്ചു.

deshabhimani 050812

No comments:

Post a Comment