Sunday, August 5, 2012

ജാതി-മത ശക്തികളുടെ വിലപേശല്‍ കേരളത്തെ പിന്നോട്ടടിപ്പിക്കും: കെ എന്‍ പണിക്കര്‍


ജാതി-മത ശക്തികളുമായി സന്ധിചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കേരളത്തെ പിന്നോട്ടടിപ്പിക്കുമെന്ന് പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരളീയ സമൂഹത്തില്‍ ജാതിയും മതവും സംഘടിതമായി രാഷ്ട്രീയവിലപേശല്‍ നടത്തുകയാണ്. ഒരു സ്വാധീനം എന്നതിനപ്പുറം, മതം ജീവിതത്തില്‍നിന്ന് പറിച്ചെറിയാന്‍ കഴിയാനാകാത്ത ഒരു നീരാളിപ്പിടിത്തമായി മാറിക്കഴിഞ്ഞു. ജനസംസ്കൃതി ചര്‍ച്ചാവേദി "ജാതിമത സാന്നിധ്യം കേരളത്തില്‍" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കെ എന്‍ പണിക്കര്‍.

സമൂഹം കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെടുന്നതനുസരിച്ച് മതത്തിന്റെയും ജാതിയുടെയും സ്വാധീനം കുറഞ്ഞുവരുമെന്നാണ് പൊതുവിലുള്ള കാഴ്ചപ്പാട്. എന്നാല്‍, കേരളത്തില്‍ ഇതിനു വിരുദ്ധമാണ് കാര്യങ്ങള്‍. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെതന്നെ സവിശേഷതകള്‍ ഇതിനു കാരണമാണ്. ജാതിക്കും മതത്തിനും പുറത്തുള്ള മതനിരപേക്ഷ ജനാധിപത്യ ആധുനികത വളര്‍ന്നുവന്നില്ല. ഇടതുപക്ഷ പ്രസ്ഥാനമാണ് കേരളീയസമൂഹത്തില്‍ ജാതി-മത സ്വാധീനത്തിനുപരിയായ കാഴ്ചപ്പാട് വികസിപ്പിച്ചത്. മതഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി മതത്തിന്റെ യഥാര്‍ഥ സ്വരൂപം മനസ്സിലാക്കാനാകില്ല. മതം എപ്പോഴും അധികാരത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളെ ആകര്‍ഷിക്കാന്‍ എളുപ്പവഴി എന്ന നിലയ്ക്കാണ് പല രാഷ്ട്രീയ പാര്‍ടികളും ജാതി-മത സംഘടനകളെ ഉപയോഗിക്കുന്നത്. മതത്തെ ഒരു പ്രത്യയശാസ്ത്രമായി തിരിച്ചറിഞ്ഞ് ബദല്‍പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തുകയാണുവേണ്ടത്- അദ്ദേഹം പറഞ്ഞു. ജനസംസ്കൃതി പ്രസിഡന്റ് എ എന്‍ ദാമോദരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശ്രീനിവാസ് സംസാരിച്ചു.

deshabhimani 050812

1 comment: