Friday, February 14, 2014

കഞ്ചിക്കോടിനെ തഴഞ്ഞു, റായ്ബറേലിയില്‍ നയംമാറ്റി

പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണത്തിന് പൊതുമേഖലാസ്ഥാപനവുമായി സഹകരിക്കാനാകില്ലെന്ന് നിലപാടെടുത്ത യുപിഎ സര്‍ക്കാര്‍ സോണിയയുടെ മണ്ഡലത്തില്‍ നയം മാറ്റി. റായ്ബറേലിയില്‍ വീല്‍ഫാക്ടറി നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് പൊതുമേഖലാസ്ഥാപനമായ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡി (ആര്‍ഐഎന്‍എല്‍)നെ. കഞ്ചിക്കോട്ട് സെയിലിനെ തള്ളിയ സര്‍ക്കാര്‍ സോണിയയുടെ മണ്ഡലത്തില്‍ നിലപാടു മാറ്റുമ്പോള്‍ തെളിയുന്നത് കേരളത്തോടുള്ള വിവേചനം. പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കാമെന്ന് നേരത്തെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) വാഗ്ദാനം ചെയ്തിരുന്നു. ഈ നിര്‍ദേശത്തെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്താമെന്നും ലാഭമെങ്കില്‍ സ്വീകരിക്കാമെന്നും റെയില്‍ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബെന്‍സാല്‍ റെയില്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ഉറപ്പുനല്‍കിയതാണ്. എന്നാല്‍, പിന്നീട് ചര്‍ച്ചയുണ്ടായില്ല. പകരം പൊതു-സ്വകാര്യപങ്കാളിത്തരീതിയില്‍ മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്. സെയിലിന്റെ പങ്കാളിത്തം സ്വീകരിച്ചിരുന്നെങ്കില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്ന പദ്ധതിയാണ് തളര്‍ന്നുവീഴുന്നത്.

പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കിയാല്‍ ഭൂമി ഏറ്റെടുത്തു നല്‍കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പൊതു-സ്വകാര്യപങ്കാളിത്തമാണെങ്കില്‍ ഭൂമിക്ക് വില വേണമെന്നും നിലപാടെടുത്തു. ഇതോടെ പദ്ധതിക്കാവശ്യമായ ഭൂമി 900 ഏക്കറില്‍ നിന്ന് 430-ായി കുറച്ചു. പിന്നീട് അത് വീണ്ടും വെട്ടിച്ചുരുക്കി 230 ഏക്കറാക്കി. ഈ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കുകയും ചെയ്തു. ആറുമാസത്തിനകം പൊതു-സ്വകാര്യപങ്കാളിത്ത കമ്പനി രൂപീകരിക്കുമെന്ന് ശിലാസ്ഥാപനവേളയില്‍ റെയില്‍വേ മന്ത്രി നല്‍കിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കഞ്ചിക്കോട്ടും റായ്ബറേലിയിലും കോച്ച് ഫാക്ടറി ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നത് ഒരേ ബജറ്റിലായിരുന്നു. പല കാരണം പറഞ്ഞ് കഞ്ചിക്കോടിനെ തഴഞ്ഞപ്പോള്‍ സോണിയഗാന്ധിയുടെ മണ്ഡലത്തിലെ ഫാക്ടറിക്ക് കൃത്യമായി തുക അനുവദിക്കുകയും പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയും ചെയ്തു. റായ്ബറേലിയില്‍ കോച്ച് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചെന്ന് ബുധനാഴ്ച അവതരിപ്പിച്ച ഇടക്കാല ബജറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും കഞ്ചിക്കോടിനുവേണ്ടി ഒന്നും ചെയ്തില്ല. റായ്ബറേലിയിലെ വീല്‍ഫാക്ടറി നിര്‍മാണം ഏറ്റെടുത്ത വിശാഖപട്ടണം ആസ്ഥാനമായ ആര്‍ഐഎന്‍എല്ലാകട്ടെ സെയിലിനേക്കാളും സൗകര്യം കുറഞ്ഞ കമ്പനിയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഏതു പ്രതിസന്ധിയെയും അതിജീവിക്കുകയാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും നിരുത്തരവാദപരമായ സമീപനമാണ് കോച്ച് ഫാക്ടറിയെന്ന ചിരകാലസ്വപ്നത്തില്‍ കരിനിഴലാകുന്നത്.

deshabhimani

No comments:

Post a Comment