Saturday, February 1, 2014

തിരിച്ചുവരുന്നവരുടെ മുന്നില്‍ വാതില്‍ അടയ്ക്കില്ല: എ കെ ബാലന്‍

ഷൊര്‍ണൂര്‍: പല കാരണങ്ങളാല്‍ സിപിഐ എം വിട്ടുപോയവര്‍പുനര്‍ചിന്തനത്തിലൂടെ തിരിച്ചുവരാന്‍ തയ്യാറായാല്‍ അവരുടെ മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എമ്മും ജെവിഎസും (ജനകീയ വികസനസമിതി) സംയുക്തമായി സംഘടിപ്പിച്ച ഷൊര്‍ണൂര്‍ നഗരസഭാ വികസന പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ്, തൊഴിലാളിവര്‍ഗ ബോധം മനസ്സിലുള്ളവര്‍ക്ക് എക്കാലത്തും വര്‍ഗശത്രുക്കളുടെ പാളയത്തില്‍ നില്‍ക്കാനാവില്ല. അതിനു തെളിവാണ് എം ആര്‍ മുരളിയുടെ സമീപനം. അദ്ദേഹത്തിന്റെ മുന്നില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം വാതില്‍ അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ടിയിലേക്ക് വരാന്‍ ഒരു തടസ്സവുമുണ്ടാവില്ല. 2008ല്‍ ചില സംഘടനാപ്രശ്നങ്ങളുടെ പേരിലാണ് മുരളി പാര്‍ടി വിട്ടത്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ജെവിഎസിന്റെ സഹായത്തോടെ ഷൊര്‍ണൂര്‍ നഗരസഭ കോണ്‍ഗ്രസ് ഭരിച്ചു. ഭരണത്തിലിരിക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷ ബദലിനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന മുരളിയുടെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. അതിനെത്തുടര്‍ന്നാണ് ഷൊര്‍ണൂര്‍ നഗരസഭയില്‍ ജെവിഎസും സിപിഐ എമ്മും സഹകരിച്ച പ്രവര്‍ത്തനത്തിന് വഴിതുറന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. എം ആര്‍ മുരളി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ഹംസ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

ഇടതുപ്രസ്ഥാനത്തെ ശക്തിപ്പെടുത്തും: എം ആര്‍ മുരളി

ഷൊര്‍ണൂര്‍: സിപിഐ എം- ജെവിഎസ് കൂട്ടായ്മ ഷൊര്‍ണൂരില്‍ ഇടതുപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് ജെവിഎസ് ചെയര്‍മാന്‍ എം ആര്‍ മുരളി പറഞ്ഞു. ജനവിരുദ്ധ ശക്തികളുടെ വളര്‍ച്ചയെ കരുതലോടെ കാണണം. ഇതിനെതിരെ ഇടതുപക്ഷനിലപാടോടെ മാത്രമേ മൂന്നോട്ടുപോകാനാവൂ. സാമൂഹ്യപുരോഗതിക്കായി ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കേണ്ട സാഹചര്യമാണുള്ളത്. ഇന്നലെകളെ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ഭാവിയിലേക്കു നോക്കുന്ന കരുത്തുറ്റ പ്രസ്ഥാനമാണ് വേണ്ടത്. കമ്യൂണിസ്റ്റ് മൂല്യത്തോടുള്ള അചഞ്ചലമായ വിശ്വാസം കൈമോശം വന്നിട്ടില്ല. ഒരിക്കലും വലതുപക്ഷ പിന്തിരിപ്പന്‍മാരുടെ കൂടെപ്പോകാന്‍ ഇടതുപക്ഷക്കാരന് കഴിയില്ല കഴിഞ്ഞകാല പോരായ്മ പരിഹരിക്കാന്‍ ഈ കൂട്ടായ്മയിലൂടെ കഴിയുമെന്നും എം ആര്‍ മുരളി പറഞ്ഞു.

deshabhimani

No comments:

Post a Comment