Saturday, February 1, 2014

മതനിരപേക്ഷ ഇന്ത്യ വികസിത കേരളം

? 26 ദിവസം നീളുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്ന വിപുലമായ ഇത്തരമൊരു ജാഥ നടത്താന്‍ തീരുമാനിച്ചതിനു പിന്നിലെ രാഷ്ട്രീയ സാഹചര്യം.

എസ് ആര്‍ പി: രാജ്യം പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സ്വാഭാവികമായും ദേശീയ രാഷ്ട്രീയത്തെ വിലയിരുത്തി അതിനുള്ള തയ്യാറെടുപ്പ് നടത്തണം. അതോടൊപ്പം കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുകയും വേണം. മതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്നതാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. കേരള രക്ഷാമാര്‍ച്ചിന്റെ പ്രധാന ലക്ഷ്യവും ഇതാണ്.

? ദേശീയ രാഷ്ട്രീയത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും സ്വീകരിക്കുന്ന തന്ത്രമെന്തായിരിക്കും. മൂന്നാം കക്ഷികളുടെ ബദലിനുള്ള സാധ്യതകള്‍. 

ദേശീലതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം മറ്റ് മതനിരപേക്ഷകക്ഷികളെയും അണിനിരത്തി ഒരു ബദല്‍ കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ എം. കേരളത്തില്‍ എല്‍ഡിഎഫ് നിലവിലുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയലും ഇടതുമുന്നണിയുണ്ട്. തമിഴ്നാട്ടില്‍ എഐഡിഎംകെയുമായും കര്‍ണാടകത്തില്‍ ജനതാദളു (സെക്കുലര്‍)മായും ബിഹാറില്‍ ജെഡിയുമായും ഒഡിഷയില്‍ ബിജു ജനതാദളുമായും ഉത്തര്‍പ്രദേശില്‍ മുലായംസിങ് യാദവിന്റെ സമാജ് വാദി പാര്‍ടിയുമായും അസമില്‍ എജിപിയുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആന്ധ്രപ്രദേശില്‍ മതനിരപേക്ഷ കക്ഷികളുമായി ഉടന്‍ ചര്‍ച്ച നടത്തും. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ദേശീയ ബദല്‍ കെട്ടിപ്പടുക്കണമെങ്കില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തണം. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ സര്‍വേകളും തെളിയിക്കുന്നത് കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുമെന്നാണ്. രണ്ടക്കസംഖ്യ തികയ്ക്കാന്‍പോലും കോണ്‍ഗ്രസിന് കഴിയില്ല. ഒരു സംസ്ഥാനത്തും 10 സീറ്റ് തനിച്ച് നേടാനാകില്ല. ആ നിലയില്‍ കോണ്‍ഗ്രസിന് ബിജെപിയെ തടഞ്ഞുനിര്‍ത്താനാകില്ല. ഇടതുപക്ഷ കക്ഷികളുടെയും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുടെയും യോജിപ്പ് കൊണ്ടുമാത്രമേ ബിജെപിയെയും നരേന്ദ്രമോഡിയെയും തടഞ്ഞുനിര്‍ത്താനാകൂ. ഇതിനുള്ള ശ്രമത്തിലാണ് സിപിഐ എമ്മും ഇടതുപാര്‍ടികളും.

? കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള ബദലായി ആം ആദ്മി പാര്‍ടി വളരുകയാണെന്ന ശക്തമായ പ്രചാരണത്തെ എങ്ങനെ കാണുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ ശരിയായ ബദല്‍ ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളും ചേര്‍ന്നതാണ്. നവ ഉദാരവല്‍ക്കരണ വിരുദ്ധ-സാമ്രാജ്യത്വ വിരുദ്ധ- വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ഇടതുപക്ഷംമാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള ബദല്‍ രൂപപ്പെടുക ഉറച്ച ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തമായ ഒരു നയസമീപനവുമില്ലാതെയുള്ള ആള്‍ക്കൂട്ടം മാത്രമാണ് എഎപി. അതുകൊണ്ടുതന്നെ ബദല്‍ ശക്തിയായി അവര്‍ക്ക് വളരാന്‍ കഴിയില്ല. ഇന്ന് അവര്‍ എടുക്കുന്ന നയങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്; നാളെ എങ്ങനെ ഉരുത്തിരിയുമെന്ന് പറയാനാകില്ലെങ്കിലും.

? പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് കേരള രക്ഷാമാര്‍ച്ച് എന്നാണല്ലോ പേര്. അതിന്റെ സാംഗത്യം.

കേരളം കണ്ട ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരില്‍നിന്നാണ് ജനങ്ങളെ രക്ഷിക്കേണ്ടത്. സംസ്ഥാനം രൂപംകൊണ്ടശേഷം അരനൂറ്റാണ്ടുകാലം സ്വീകരിച്ച വികസന സമീപനമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടത്. 1957 ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ തുടങ്ങിവച്ചതും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയതുമായ വികസനനയത്തിന്റെ ഫലമായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യം കേന്ദ്രമാക്കി നാടിന്റെ വികസന പരിപാടി തയ്യാറാകുന്ന സമീപനമാണ് അരനൂറ്റാണ്ടുകാലം കേരളം പിന്തുടര്‍ന്നത്. അതിന്റെ ഭാഗമായാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ തൊഴിലാളികളുടെ സേവന- വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം പൊതുപാര്‍പ്പിടം എന്നിവ ഉറപ്പ് വരുത്താനുംകഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു. സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയരായ ജനങ്ങള്‍ക്ക് തുല്യത ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊണ്ടു. അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കി. ഇതിന്റെയെല്ലാം ഫലമായി താരതമ്യേന പാവപ്പെട്ട ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങള്‍ വലിയൊരളവില്‍ സംരക്ഷിക്കാനായി. അതുകൊണ്ടാണ് ജീവിത ഗുണനിലവാരസൂചികയുടെ കാര്യത്തില്‍ ഇന്ത്യയുടെയും വികസിത രാജ്യങ്ങളുടെയും മുമ്പന്തിയില്‍ കേരളത്തിന് എത്താനായത്്. ഈ നേട്ടങ്ങളെയൊക്കെ അട്ടിമറിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാവപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ച് ഭൂമിയാകെ ഭൂമാഫിയകള്‍ക്കും വ്യവസായികള്‍ക്കും, വിദ്യാഭ്യാസരംഗവും പൊതുജനാരോഗ്യ സംവിധാനങ്ങളും ഊര്‍ജ സ്രോതസ്സുകളും കോര്‍പറേറ്റുകള്‍ക്കും കൈമാറുന്ന വികസനമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേത്. "വികസനകാഴ്ചപ്പാട് 2030" എന്ന രേഖയിലൂടെ കഴിഞ്ഞ അരനൂറ്റാണ്ടിലെ പൊതുസമീപനത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തെറിയുന്നത്. ജനജീവിതം ദുസ്സഹമാക്കുന്നതാണ് ഈ നടപടി. ഇതിനെതിരെ ശക്തമായ ജനകീയരോഷം ഉയര്‍ത്തിക്കൊണ്ടുവരണം.

? കേരളം ഇന്ന് തട്ടിപ്പുകാരുടെ നാടായി മാറുകയാണെന്ന് സര്‍ക്കാര്‍തന്നെ നിയമസഭയില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നിലപാടുമായി ഇതിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ.

തീര്‍ച്ചയായും. നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. കേരളം പലപ്പോഴും തട്ടിപ്പുകാരുടെ നാടായിട്ടുണ്ട്. പക്ഷേ, ഇപ്പോഴുള്ളതുപോലെ തട്ടിപ്പുകള്‍ ഒരിക്കലും സര്‍ക്കാര്‍ ഒത്താശയോടെ നടന്നിരുന്നില്ല. സലിംരാജും ബിജുരാധാകൃഷ്ണനും സരിത എസ് നായരും തട്ടിപ്പ് നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹനവും സഹായവുംകൊണ്ടാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ സര്‍ക്കാര്‍തന്നെ സംഘടിപ്പിക്കുന്ന തട്ടിപ്പാണിത്. എല്ലാ അര്‍ഥത്തിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ച ആക്രമണങ്ങള്‍, ഗുണ്ടാവിളയാട്ടം, തീവ്രവാദ പ്രവര്‍ത്തനം എന്നിവയെല്ലാം ശക്തിപ്പെടുന്നത് നിയമവാഴ്ചയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ നിരന്തരമായി സ്വീകരിക്കുന്നതുകൊണ്ടാണ്. നിയമവാഴ്ച തകരുമ്പോഴാണ് നിയമവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ നീക്കംപോലും നിയമവിരുദ്ധമാണ്. മേല്‍പറഞ്ഞ വിഷയങ്ങളില്‍ സിപിഐ എം എടുക്കുന്ന ശരിയായ നിലപാടുകളില്‍ മറ്റു രാഷ്ട്രീയ കക്ഷികളിലെ ജനവിഭാഗങ്ങള്‍പോലും ആകര്‍ഷണീയരാകുന്നുണ്ട്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് വന്‍ തകര്‍ച്ചയാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ ഊന്നിനില്‍ക്കുന്ന യുഡിഎഫിന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആഭ്യന്തരസംഘര്‍ഷംകൊണ്ട് യുഡിഎഫ് തകരുകയാണ്. പല ഘടകക്ഷികളും യുഡിഎഫ് വിടുന്നു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും മനംമടുത്തവര്‍ ആ പാര്‍ടിയില്‍നിന്ന് പുറത്തുചാടുകയാണ്. കണ്ണൂരില്‍ കാണുന്നത് അതാണ്. മറ്റ് പല പ്രദേശങ്ങളിലും ഇതാവര്‍ത്തിക്കും. കേരളത്തില്‍ വലതുപക്ഷ രാഷ്ട്രീയം കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുഡിഎഫ് എന്ന മുങ്ങുന്ന കപ്പലിലെ കപ്പിത്താനാണ് ഉമ്മന്‍ചാണ്ടി. ബിജെപിയാകട്ടെ തകര്‍ന്നടിയുകയാണ്. ഇക്കാര്യം ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കേരള രക്ഷാമാര്‍ച്ച് നടത്താന്‍ സിപിഐ എം തീരുമാനിച്ചത്. കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പുരോഗമന ജനാധിപത്യശക്തികള്‍ക്ക് അനുകൂലമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ കേരളരക്ഷാ മാര്‍ച്ചിന് കഴിയും. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഇതര ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ബദല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. കേരള രക്ഷാമാര്‍ച്ചിന് എല്ലാ പുരോഗമന ശക്തികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

തയ്യാറാക്കിയത്: വി ബി പരമേശ്വരന്‍

പശ്ചിമഘട്ടം: പുതിയ സമിതിയെ നിയോഗിക്കണം - എസ് ആര്‍ പി

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പരസ്പര വിരുദ്ധമായ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീരുമാനം എടുക്കാനുള്ള ശാസ്ത്രീയ പരിജ്ഞാനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിക്കില്ല. അതിനാല്‍ രാജ്യാന്തര രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും അടങ്ങുന്ന സമിതിയെ പരിസ്ഥിതിവിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിക്കണം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എസ് ആര്‍ പി. രണ്ട് റിപ്പോര്‍ട്ടും കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. ജനങ്ങള്‍ക്കത് ആപല്‍ക്കരവുമാണ്. പല മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പതിനെട്ടോളം പരിസ്ഥിതി നിയമങ്ങള്‍ രാജ്യത്തുണ്ട്. ഇവ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല. 1986ലെ പരിസ്ഥിതിനിയമം ഭേദഗതി ചെയ്യണം. പരിസ്ഥിതി വിഷയങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി പിന്‍ബലമുള്ള വിദഗ്ധസമിതിയെ നിയോഗിക്കണം. ഇതില്‍ ജനപ്രതിനിധികളും അന്താരാഷ്ട്രവിദഗ്ധരും അംഗങ്ങളായിരിക്കണം- എസ് ആര്‍ പി പറഞ്ഞു.

deshabhimani

No comments:

Post a Comment