Saturday, April 19, 2014

മന്ത്രി സ്വകാര്യലോബിക്കൊപ്പം; വിദ്യാര്‍ഥികള്‍ക്ക് അഗ്നിപരീക്ഷ

തിരു: പൊതുവിദ്യാലയങ്ങളിലെ പ്ലസ് വണ്‍ പ്രവേശന നടപടി സിബിഎസ്ഇ സിലബസുകാര്‍ക്കുവേണ്ടി വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം അഗ്നിപരീക്ഷയാകും. നടപടി വൈകിപ്പിച്ച് ഏകജാലക പ്രവേശന സംവിധാനത്തിന്റെ ഗുണം മുഴുവന്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. എസ്എസ്എല്‍സി പരീക്ഷാഫലം മുന്‍വര്‍ഷത്തേതിലും നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ ഗുണം പൊതുവിദ്യാലങ്ങളില്‍നിന്ന് ജയിച്ചവര്‍ക്ക് ലഭ്യമാവില്ലെന്ന് ഉറപ്പായി. പ്രവേശനടപടി വൈകിപ്പിക്കുന്നതോടെ മുന്‍വര്‍ഷത്തേതുപോലെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രവേശന നടപടികളില്‍ മുന്നിലെത്തും.

നേരത്തെതന്നെ എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിട്ടും പ്ലസ് വണ്‍ പ്രവേശനം അടുത്ത മാസത്തേക്ക് ദീര്‍ഘിപ്പിച്ചതില്‍ അധ്യാപകസമൂഹവും പ്രതിഷേധത്തിലാണ്. 326980 സീറ്റാണ് പ്ലസ് വണ്ണിന് സംസ്ഥാനത്ത് ആകെയുള്ളത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത്442678 വിദ്യാര്‍ഥികളാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26750 സീറ്റുകളുണ്ട്. 1800 ഐടിഐ സീറ്റുകളും പോളിടെക്നിക്കില്‍ 9990 ഉം സീറ്റുമുണ്ട്. ഇതെല്ലാം കൂടി 365520 സീറ്റുകള്‍ വരും. എങ്കിലും ഉപരിപഠന യോഗ്യത നേടിയ 77158 പേര്‍ക്ക് ഉപരിപഠനത്തിന് വഴിയില്ല. കഴിഞ്ഞ വര്‍ഷം രണ്ട് തവണയായി പത്ത് ശതമാനം വീതം ആനുപാതിക സീറ്റ് വര്‍ധന വരുത്തി ബാച്ചില്‍ 60 മുതല്‍ 65 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍മാത്രം 360921 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാനായി. ലബ്ബാ കമീഷന്‍ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം പരമാവധി 50ല്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആനുപാതിക വര്‍ധന ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പ്രവേശന നടപടികള്‍ കുഴഞ്ഞുമറിയുന്ന ഘട്ടത്തില്‍ അവസാനം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. അതിന്റെ മുഴുവന്‍ ഗുണവും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക. കോടതിയുടെ അനുമതി ലഭിച്ചതോടെ രണ്ട് ബാച്ചുവീതം 148 പുതിയ ഹയര്‍സെക്കന്‍ഡറികളും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ആവശ്യാനുസരണം ബാച്ചുകളും ഹയര്‍സെക്കന്‍ഡറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി 678 ബാച്ചുകള്‍ അധികം വരും. 33900 പേര്‍ക്ക് പ്രവേശനം ലഭിക്കും. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ഇതര സിലബസിലെ വിദ്യാര്‍ഥികള്‍ വരുന്നതോടെ സംസ്ഥാന സിലബസില്‍ പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പ്ലസ്വണ്‍ പഠനത്തിന് കടുത്ത മത്സരം നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള സിലബസില്‍നിന്നായി 62200 പേര്‍ പ്ലസ്വണ്‍ ഏകജാലക പ്രവേശത്തിന് അപേക്ഷിച്ചിരുന്നു. ഇതില്‍ പകുതിയിലധികംപേര്‍ ആദ്യംതന്നെ പ്രവേശനം നേടി.

ഹയര്‍സെക്കന്‍ഡറിയില്‍ 326980 സീറ്റില്‍ 260942 എണ്ണമാണ് മെറിറ്റ് സീറ്റുകള്‍. മലബാറിലെ വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് ഏറെ വഴിമുട്ടുക. മലപ്പുറം ജില്ലയില്‍ 51720 ഹയര്‍സെക്കന്‍ഡറി സീറ്റുകളാണ് നിലവിലുള്ളത്. ഇവിടെ ഉപരിപഠന യോഗ്യത നേടിയത് 73746പേരാണ്. 22026 പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തിന് വഴിയില്ല. കോഴിക്കോട്ട് 43959 പേര്‍ യോഗ്യത നേടിയപ്പോള്‍ ഇവിടെ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ 34740 ആണ്. 9216 പേര്‍ പുറത്താകും. കണ്ണൂരില്‍ 34713 പേര്‍ ഉപരിപഠന യോഗ്യത നേടിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ 29490 ആണ്. പാലക്കാട്ട് 38907 പേര്‍ എസ്എസ്എല്‍സി കടന്നപ്പോള്‍ പ്ലസ്വണ്‍ സീറ്റുകള്‍ 29100 മാത്രം. കാസര്‍കോട്ട് 19605 പേര്‍ വിജയിച്ചപ്പോള്‍ പ്ലസ്വണ്‍ സീറ്റുകള്‍ 14070. വയനാട്ടില്‍ 11361 പേര്‍ വിജയിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ 8220 സീറ്റുകള്‍ മാത്രമാണുള്ളത്.

deshabhimani

No comments:

Post a Comment