Saturday, April 5, 2014

നമ്മുടെ ചിഹ്നം... വാഴയ്ക്ക

ചെവിത്തോണ്ടിയും പല്ലുകുത്തിയുമൊന്നും ആരും മാരകായുധങ്ങളായി കണക്കാക്കിയിട്ടില്ലെന്ന് പണ്ടേ പീതാംബരക്കുറുപ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ഈ പട്ടികയില്‍ ഒരെണ്ണം കൂടിയായി. വാഴയ്ക്ക. പക്ഷേ, ഒന്നുണ്ട്. ഇവയൊക്കെ നിഗ്രഹശക്തിയുള്ള മാരകായുധങ്ങളാണെന്ന് ഇനി രഹസ്യമായെങ്കിലും അദ്ദേഹം സമ്മതിക്കും. ഒരു സീറ്റൊക്കെ നഷ്ടപ്പെടുത്താന്‍ ഇതിലേതെങ്കിലുമൊന്ന് ധാരാളം.

ജോസഫ് ഗ്രൂപ്പിലെ ചില എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന ഭീതിയില്‍ ആര്‍എസ്പിയുമായി യുഡിഎഫ് നേതൃത്വം നേരത്തെ തന്നെ ചര്‍ച്ചതുടങ്ങിയിരുന്നുവെന്നാണ് കൊല്ലത്ത് പീതാംബരക്കുറുപ്പ് തുറന്നുപറഞ്ഞത്. രണ്ട് എംഎല്‍എമാരെ കിട്ടുന്നത് ചില്ലറക്കാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി വിങ്ങിപ്പൊട്ടിയപ്പോള്‍ ചെവിത്തോണ്ടിയും പല്ലുകുത്തിയുമൊക്കെ തനിക്ക് പണിതന്നുവെന്ന് പീതാംബരക്കുറുപ്പിനു മനസ്സിലായി. ചെറുത്തുനില്‍ക്കാനുള്ള ശേഷിയൊക്കെ കരുണാകരന്‍ഭക്തര്‍ക്ക് എന്നേ നഷ്ടപ്പെട്ടു. സര്‍വശക്തനായ കെ കരുണാകരനെ ചാരക്കേസില്‍ കുരുക്കിയ ഉമ്മന്‍ചാണ്ടിയുടെ ഉപജാപചാതുര്യം നന്നായി ബോധ്യമുള്ള കെ മുരളീധരന്‍ ഒന്നു കുതറാന്‍പോലും കാത്തുനില്‍ക്കാതെ കീഴടങ്ങി.

പക്ഷേ, കുറുപ്പിന്റെ ഉള്ളില്‍ക്കിടന്ന് ഇരമ്പിയ സങ്കടക്കടല്‍ ഒരു പൊതുയോഗത്തില്‍ അറിയാതെ പുറത്തുചാടി. ബുധനാഴ്ച തുടങ്ങി ഞായറാഴ്ച തീര്‍ന്ന നീക്കങ്ങളെന്ന് മനോരമ നിര്‍വചിച്ച രാഷ്ട്രീയക്കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍ പീതാംബരക്കുറുപ്പിന്റെ നാവിലൂടെ ജനം കേട്ടു. വഞ്ചനയ്ക്കുള്ള വിധി അവര്‍ നേരത്തെ തീരുമാനിച്ചതാണെങ്കിലും പ്രഹരത്തിന്റെ ശേഷി മാരകമായിരിക്കുമെന്നാണ് കൊല്ലത്തുനിന്നുള്ള വര്‍ത്തമാനം.

അതിതീവ്രവിപ്ലവ പാര്‍ടിയുടെ നേതാവിന് ചേര്‍ന്നവിധമാണ് ആര്‍എസ്പി നേതാവ് വി പി രാമകൃഷ്ണപിള്ള കുറുപ്പിന് മറുപടി നല്‍കിയത്. വാഴയ്ക്ക എന്ന ഒറ്റ വാക്ക്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. തൃദീപ് ചൗധരി എഴുതിയ ആര്‍എസ്പിയുടെ നയരേഖയിലും വാഴയ്ക്കയെക്കുറിച്ച് പ്രത്യേകിച്ചു പരാമര്‍ശങ്ങളില്ല. എന്താണ് രാമകൃഷ്ണപിള്ള ഉദ്ദേശിച്ചത് എന്ന് സോഷ്യല്‍മീഡിയയും കൊണ്ടുപിടിച്ചു ചര്‍ച്ചചെയ്യുന്നുണ്ട്. ആര്‍എസ്പിയെ കോണ്‍ഗ്രസ് മുന്നണിക്ക് വിറ്റതിന് ലഭിച്ച പ്രതിഫലം അസീസും പ്രേമചന്ദ്രനും പങ്കിട്ടെടുത്തെന്നും രാമകൃഷ്ണപിള്ളയ്ക്കു കിട്ടിയത് വാഴയ്ക്കയാണെന്നും അക്കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നുമാണ് ഒരാളുടെ നിഗമനം.

രാമകൃഷ്ണപിള്ളയുമായുള്ള ഇരിപ്പുവശംവച്ച് പ്രേമചന്ദ്രന്‍ അദ്ദേഹത്തിന് വാഴയ്ക്ക നല്‍കാന്‍ സാധ്യതയുണ്ടെന്ന് ചരിത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നടന്ന ഒരു സംഭവം അനുസ്മരിച്ചാണ് ഈ സിദ്ധാന്തം പ്രചരിക്കുന്നത്. കൊല്ലം സീറ്റ് കിട്ടാത്തതുകൊണ്ട് തങ്ങള്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് അന്നത്തെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു. ആ കസേരയില്‍ അന്ന് വി പി രാമകൃഷ്ണപിള്ളയായിരുന്നു. മന്ത്രിക്കസേരയില്‍ എന്‍ കെ പ്രേമചന്ദ്രനും. മന്ത്രിസഭയില്‍നിന്ന് പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ പ്രേമചന്ദ്രന്റെ പ്രതികരണവും വാഴയ്ക്ക എന്നായിരുന്നുവത്രേ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ചവറയില്‍ ഈ വാഴയ്ക്ക പ്രേമചന്ദ്രന് അദ്ദേഹം തിരിച്ചുകൊടുത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അത്ര ആത്മബന്ധമാണ് അവര്‍ തമ്മില്‍. പക്ഷേ, ആ വാഴയ്ക്ക തന്നെയാണോ ഈ വാഴയ്ക്ക എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ചന്ദ്രചൂഡന്റെ രാജ്യസഭാ സീറ്റ് അട്ടിമറിച്ചപ്പോള്‍ ഉയര്‍ത്തിക്കാട്ടിയ വാഴയ്ക്കയ്ക്ക് ഇപ്പോഴത്തേതുമായി സാമ്യമുണ്ടെന്നാണ് സാക്ഷികള്‍ പറയുന്നത്. കൊല്ലത്ത് പ്രേമചന്ദ്രന് കിട്ടുന്നതും മറ്റൊന്നാകില്ല.

കെജിബി

No comments:

Post a Comment