Thursday, April 17, 2014

ക്രിമിനല്‍ വാഴ്ച

ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസുകാര്‍ തല്ലിക്കൊന്നു 

എഴുകോണ്‍(കൊല്ലം): ഡിവൈഎഫ്ഐ നേതാവിനെ വിഷുനാളില്‍ അച്ഛന്റെ മുന്നിലിട്ട് ആര്‍എസ്എസുകാര്‍ തല്ലിക്കൊന്നു. നെടുവത്തുര്‍ ഏരിയയിലെ നെടുമണ്‍കാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റും സിപിഐ എം പിഎച്ച്സി ബ്രാഞ്ച് അംഗവുമായ ആശുപത്രിമുക്ക് സ്മിതാ നിവാസില്‍ ശ്രീരാജി (30)നെയാണ് പൈശാചികമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മരപ്പണിക്കാരനായ ശ്രീരാജ് അച്ഛന്‍ രാജേന്ദ്രന്‍ ആചാരിയുമൊത്ത് വാക്കനാട് വിഎല്‍സി കശുവണ്ടി ഫാക്ടറിക്കു സമീപമുള്ള വീട്ടില്‍ ജോലിക്കിടെയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ അഞ്ചംഗസംഘം വീട്ടിലേക്ക് ഇരച്ചുകയറി ശ്രീരാജിനെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെയും തല്ലിവീഴ്ത്തി.

ആക്രമണത്തിനുശേഷം സംഘം ഓടിരക്ഷപ്പെട്ടു. ബോധരഹിതനായ ശ്രീരാജിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്കരിച്ചു. വാക്കനാട് കൊമ്പന്‍മുക്ക് അജിന്‍ (വിഷ്ണു), വിഷ്ണു, ഉണ്ണിക്കുട്ടന്‍, കീഴൂട്ടുവീട്ടില്‍ നിധീഷ്, കീഴൂട്ടുവീട്ടില്‍ രാഹുല്‍ എന്നിവരാണ് ആക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസ് മുഖ്യശിക്ഷക് നെടുമണ്‍കാവ് രഞ്ജുഭവനില്‍ അജയന്‍, നെടുമണ്‍കാവ് വിനായക ഡിസൈനിങ് സ്ഥാപനം നടത്തുന്ന അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികളെ ബൈക്കില്‍ എത്തിച്ചത്. ആക്രമണത്തിനിടയില്‍ രാഹുലിന്റെ അടിയേറ്റ് അജിന് (വിഷ്ണു) പരിക്കേറ്റിരുന്നു. ഭാര്യ: ശാരി. മകന്‍: അദിന്‍ശ്രീ.

വീട്ടമ്മയെ നടുറോഡില്‍ കൊലപ്പെടുത്തി 

കൊച്ചി: പട്ടാപ്പകല്‍ വീട്ടമ്മയെ നടുറോഡില്‍ എട്ടുവയസുകാരിയായ മകളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരിപ്പറമ്പില്‍ ജയന്റെ ഭാര്യ സിന്ധു (38) ആണ് കൊല്ലപ്പെട്ടത്. പള്ളുരുത്തിയില്‍ ബുധനാഴ്ച വൈകിട്ട് 4.20നാണ് സംഭവം. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ സിന്ധു, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ജോയിയുടെ അപരയായി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. മകള്‍ വിഷ്ണുമായക്കൊപ്പം റേഷന്‍കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങവേ ഇടറോഡില്‍ വച്ചാണ് സിന്ധുവിനെ കുത്തിവീഴ്ത്തിയത്. ഉടന്‍ നാട്ടുകാര്‍ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കടേഭാഗം സ്വദേശി വേണാട്ട് വീട്ടില്‍ മധു (35) ആണ് സിന്ധുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലാണ് മധു വന്നത്. അതേ ബൈക്കില്‍ രക്ഷപ്പെടുകയുംചെയ്തു. പ്രതിക്കായി തെരച്ചില്‍ നടക്കുന്നതായി പള്ളുരുത്തി പൊലീസ് അറിയിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മകന്‍: അമല്‍ദേവ്.

തോട്ടം പാട്ടത്തിനെടുത്തയാള്‍ ഉടമയെ കുത്തിക്കൊന്നു 

കാഞ്ഞിരപ്പള്ളി: റബര്‍ത്തോട്ടം പാട്ടത്തിനെടുത്തയാള്‍ തോട്ടഉടമയെ കുത്തിക്കൊന്നു. ഉടമയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ജോലിക്കാരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാംമൈല്‍ ഞാവള്ളിയില്‍ ജോസഫ് ജെ ഞാവള്ളി(ഞാവള്ളി ഔസേപ്പച്ചന്‍-61) ആണ് കുത്തേറ്റ് മരിച്ചത്. ജോസഫിന്റെ ഭാര്യ ഉഷ(51), മക്കളായ അപ്പു(32), റിജോ(28), ജോലിക്കാരന്‍ ബിജു(35) എന്നിവര്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ തെള്ളകത്ത് സ്വകാര്യ ആശുപത്രിയിലാണ്. ഈരാറ്റുപേട്ട ചെമ്മലമറ്റം ചാമക്കാല ആന്റണി(കുട്ടിയച്ചന്‍-60)യാണ് പ്രതി. ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച രാവിലെ 9.45നായിരുന്നു സംഭവം. മന്ത്രി പി ജെ ജോസഫിന്റെ പിതൃസഹോദരീപുത്രനാണ് ജോസഫ്. റബ്ബറിന്റെ വില ഇടിഞ്ഞ സാഹചര്യത്തില്‍ പാട്ടത്തുക കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് കൊലപാതകം. ജോസഫുമായി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ കത്തികൊണ്ട് ആന്റണി കുത്തുകയായിരുന്നു. പ്രതി തിടനാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജോസഫ് ജെ ഞാവള്ളിയുടെ തോട്ടത്തിലെ 1500 ലേറെ റബര്‍മരം ആന്റണി 1.15 കോടി രൂപയ്ക്കാണ് ടാപ്പിങിനായി പാട്ടത്തിനെടുത്തത്.

അമ്മൂമ്മയെയും കൊച്ചുമകളെയും വെട്ടിക്കൊന്നു 

ആറ്റിങ്ങല്‍: അമ്മൂമ്മയെയും കൊച്ചുമകളെയും പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ആലങ്കോട് അവിക്സ് ജങ്ഷനു സമീപം "തുഷാര"ത്തില്‍ തങ്കപ്പന്‍ചെട്ടിയാരുടെ ഭാര്യ റിട്ട. റവന്യൂവകുപ്പ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), ഇവരുടെ മകന്‍ ലിജീഷിന്റെ മകള്‍ സ്വാതിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലിജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. പ്രതി ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ കോട്ടയം കരിമണല്‍ മാഗി കോട്ടേജില്‍ ലിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുതിബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയറായ ലിജീഷിനെ ചാത്തമ്പറയില്‍ കെട്ടിടനിര്‍മാണസ്ഥലത്ത് നിന്ന് ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി സ്വീകരണമുറിയില്‍ കാത്തിരുന്ന ലിനോ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൂന്നുപേരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ലിജീഷിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിജീഷിന്റെ ഭാര്യ അനുശാന്തി ടെക്നോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് ലിനോ മാത്യു.

deshabhimani

No comments:

Post a Comment