Monday, April 14, 2014

മോഡി തരംഗമില്ലെന്ന് ജോഷി വീണ്ടും

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശവുമായി മുതിര്‍ന്നനേതാവ് മുരളീമനോഹര്‍ജോഷി വീണ്ടും. രാജ്യത്ത് മോഡി തരംഗമില്ലെന്നും ബിജെപി തരംഗം മാത്രമാണ് ഉള്ളതെന്നും ജോഷി കാണ്‍പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഡി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വികസനം എല്ലാ സംസ്ഥാനത്തും ഫലപ്രദമാകില്ല. ഏതെങ്കിലുമൊരു പ്രത്യേക സംസ്ഥാനത്തിന്റേതു മാത്രമായ മാതൃക തനിക്ക് അംഗീകരിക്കാനാകില്ല. മാതൃകകളെ കുറിച്ചാവുമ്പോള്‍ ത്രിപുര മാതൃകയെക്കുറിച്ചും പറയേണ്ടി വരും- ജോഷി അഭിപ്രായപ്പെട്ടു.

മോഡിപക്ഷത്തിനെതിരെ ബിജെപി ക്യാമ്പ് സജീവമാണെന്നതിന് തെളിവാണ് ജോഷിയുടെ വാക്കുകള്‍. മോഡിക്ക് മത്സരിക്കാന്‍ സിറ്റിങ് സീറ്റായ വാരാണസിയില്‍നിന്ന് മാറ്റിയതുമുതല്‍ ജോഷി അസ്വസ്ഥനാണ്. ജസ്വന്ത്സിങ്ങിന് സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തിന്റെ നടപടിയെയും ജോഷി വിമര്‍ശിച്ചിരുന്നു. അതിനിടെ പാര്‍ടി അനുവദിച്ചാല്‍ തെരഞ്ഞെടുപ്പിനുശേഷം ഏത് ഉത്തരവാദിത്തവും ഏല്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അഹമ്മദാബാദില്‍ പറഞ്ഞു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്വാനി നേരത്തെ പാര്‍ടിയെ എതിര്‍പ്പ് അറിയിച്ചിരുന്നു.

വാരാണസിയില്‍നിന്ന് മാറ്റിയ ജോഷിക്ക് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കാണ്‍പൂരാണ് ബിജെപി നല്‍കിയത്. ലോക്സഭയില്‍ തന്റെ സാന്നിധ്യം ഒഴിവാക്കാന്‍ മോഡി ക്യാമ്പ് ബോധപൂര്‍വമെടുത്ത തീരുമാനമാണിതെന്ന് ജോഷി കരുതുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിനിധിമാത്രമാണ് മോഡിയെന്ന് ജോഷി പറഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും സമൂഹത്തിന്റെ വിവിധമേഖലയില്‍നിന്നും ബിജെപി നേതാക്കളില്‍നിന്നും പിന്തുണ കിട്ടുന്നതുകൊണ്ടുള്ള തരംഗമാണ് ഇത്. ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിക്കാന്‍ തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചിട്ടില്ല.

ബിജെപി അധ്യക്ഷനും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ചേര്‍ന്നെടുത്ത തീരുമാനമാണിത്- ജോഷി പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുന്ന വികസനമാതൃകയെ കുറിച്ച് ആരാഞ്ഞപ്പോഴാണ് ഗുജറാത്ത് വികസനമാതൃകയെ ജോഷി പുച്ഛിച്ചുതള്ളിയത്. ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ വികസനമാതൃക അതേപടി രാജ്യത്താകെ നടപ്പാക്കാനാകില്ല. മധ്യപ്രദേശിലെയും ത്രിപുരയിലെയുമൊക്കെ വികസനമാതൃകകളില്‍നിന്ന് പലതും സ്വീകരിക്കേണ്ടതായി വരും.ചില നല്ല വശങ്ങളുമുണ്ടാകാം. അതല്ലാതെ ഏതെങ്കിലുമൊരു മാതൃകയല്ല വേണ്ടത്- ജോഷി പറഞ്ഞു.

ബിജെപി പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ നേതൃത്വം ജോഷിക്കായിരുന്നു നല്‍കിയിരുന്നത്. പത്രിക പരമാവധി വൈകിപ്പിച്ച് നേതൃത്വത്തോടുള്ള തന്റെ അമര്‍ഷം ജോഷി പ്രകടമാക്കി. ഒടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങിയ ദിവസം മാത്രമാണ് ബിജെപിക്ക് പത്രിക പുറത്തിറക്കാനായത്. ഇത് മോഡി ക്യാമ്പിന് വലിയ ക്ഷീണമായി.

deshabhimani

No comments:

Post a Comment