Monday, April 14, 2014

മാലിന്യക്കുഴല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ 2 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

കൊച്ചി: നഗരത്തില്‍ മാലിന്യക്കുഴല്‍ വൃത്തിയാക്കാന്‍ മാന്‍ഹോളിലിറങ്ങിയ തമിഴ്നാട്ടുകാരായ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഞായറാഴ്ച രാവിലെ 10ന് കൊച്ചിയിലെ കാനന്‍ഷെഡ് റോഡില്‍ കൊളംബോ ജങ്ഷനു സമീപം മാലിന്യകുഴലിലെ തടസ്സം നീക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. നഗരത്തിലെ ലായം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ദിണ്ടിഗല്‍ സ്വദേശികളായ മാധവ് (60), സഹോദരീപുത്രന്‍ രാജു (45) എന്നിവരാണ് മരിച്ചത്.

മാലിന്യകനാല്‍ വ്യത്തിയാക്കാന്‍ കരാറെടുത്ത സതീശന്‍ ചങ്ങാടിയുടെ കീഴിലെ തൊഴിലാളികളാണ് ഇവര്‍. ഏണിയിലൂടെ കുഴിയിലേക്ക് ഇറങ്ങുന്നതിനിടെ ശ്വാസംകിട്ടാതെ തളര്‍ന്നുവീണ മാധവിനെ രക്ഷിക്കാന്‍ കുഴിയിലേക്കിറങ്ങിയ രാജുവും ഉള്ളില്‍ കുടുങ്ങുകയായിരുന്നു. 12 അടി താഴ്ചയും ഒരുമീറ്റര്‍ മാത്രം വീതിയുമുള്ളതാണ് കുഴി. ഇവിടെ തങ്ങിനിന്ന വിഷവാതകമാണ് അപകടകാരണമായത്. തൊഴിലാളികള്‍ കുഴിയില്‍ ഇറങ്ങുമ്പോള്‍ കരാറുകാരനും മറ്റ് മൂന്നു തൊഴിലാളികളും പുറത്തുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് ക്ലബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി.

എങ്കിലും കുഴിയുടെ അരമീറ്റര്‍ മാത്രം വ്യാസമുള്ള കവാടത്തിലൂടെ ശ്വസന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇറങ്ങാനായില്ല. ഇതുമൂലം ഇവര്‍ക്ക് മുക്കാല്‍മണിക്കൂറോളം കാഴ്ക്കാരായി നില്‍ക്കേണ്ടിവന്നു. തൃപ്പൂണിത്തുറ ഫയര്‍സ്റ്റേഷനില്‍നിന്ന് ഓക്സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ചശേഷമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനായത്. സിലിന്‍ഡറുകളില്‍നിന്ന് ഉളളിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്ത് വിഷാംശമേറിയ മീഥൈന്‍ വാതകം നിര്‍വീര്യമാക്കിയ ശേഷം ലീഡിങ് ഫയര്‍മാന്‍ ഷാജികുമാര്‍ മാന്‍ഹോളിലേക്കിറങ്ങി മാധവിനെ പുറത്തെടുത്തു. ഇതിനിടെ ഷാജികുമാറിനും ശ്വാസംമുട്ടലുണ്ടായി. അല്‍പ്പനേരത്തെ വിശ്രമത്തിനുശേഷം ഷാജികുമാര്‍ വീണ്ടും കുഴിയിലിറങ്ങി രാജുവിനെയും പുറത്തെടുത്തു. ഇരുവരെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കെിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാന്‍ഹോള്‍ തുറന്ന് ഉടന്‍ കുഴിയിലിറങ്ങിയതാണ് അപകടകാരമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഡ്രെയ്നേജ് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും. സുരക്ഷാ ഉപകരണങ്ങള്‍ കൂടാതെയാണ് ഇവര്‍ ജോലിചെയ്യുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നമ്മയാണ് മാധവിന്റെ ഭാര്യ.

deshabhimani

No comments:

Post a Comment