Tuesday, April 15, 2014

ക്യാമ്പസുകളില്‍നിന്ന് എസ്എഫ്ഐ ഒരു ലക്ഷം രൂപ സമാഹരിക്കും

കോഴിക്കോട്: ഭൂമാഫിയക്കുവേണ്ടി മാനേജര്‍ ഇടിച്ചു നിരത്തിയ മലാപ്പറമ്പ് എ യുപി സ്കൂള്‍ പുനര്‍ നിര്‍മിക്കുന്നതിന് ക്യാമ്പസുകളില്‍നിന്ന് എസ്എഫ്ഐ ഒരു ലക്ഷം രൂപ സമാഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19, 20, 21 തിയതികളില്‍ ക്യാമ്പസുകളില്‍ നിന്ന് ഫണ്ട്ശേഖരിക്കും. ബക്കറ്റ് പിരിവിലൂടെയാണ് സ്കൂള്‍ സംരക്ഷണനിധി സമാഹരിക്കുക.

പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് സ്കൂള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാനേജര്‍ക്ക് ഒത്താശ നല്‍കിയത്. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും മാനേജരെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. അണ്‍എയ്ഡഡ് മേഖലയെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരമേറ്റതുമുതല്‍ സ്വീകരിക്കുന്നത്. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതോടൊപ്പം ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ച് പ്രതികരണ ശേഷിയില്ലാത്ത തലമുറയെ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നിലപാടിനെതിരെ 22-ന് ജില്ലാ കേന്ദ്രങ്ങളില്‍ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കും. ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്. ക്യാമ്പസുകളെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ കിരണ്‍രാജ്, ജില്ലാ സെക്രട്ടറി എം കെ നികേഷ്, പ്രസിഡന്റ് എം എം ജിജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സ്കൂള്‍ തകര്‍ത്തകേസില്‍ ആരെയും അറസ്റ്റ് ചെയ്തില്ല

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ കെട്ടിടം അര്‍ധരാത്രിയില്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. സ്കൂള്‍ കെട്ടിടം ത്രില്ലര്‍ സിനിമയിലെന്നപോലെ ഇരുട്ടിന്റെ മറവില്‍ പൊളിച്ചുനീക്കിയ കേസില്‍ ഒരാളെ പോലും അറസ്റ്റ്ചെയ്തിട്ടില്ല. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് സ്ഥലം സന്ദര്‍ശിക്കാത്തതും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. വകുപ്പുതലത്തിലും ഭരണകക്ഷിക്കുള്ളിലും ചില ഉന്നതര്‍ മാനേജരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.

സംഭവത്തില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ നിസ്സംഗത തുടരുന്നത് മാനേജ്മെന്റിനും ഭൂമാഫിയക്കുമുള്ള പിന്തുണയായാണ് നാട്ടുകാര്‍ കാണുന്നത്. മാനേജര്‍ പി കെ പത്മരാജനെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉന്നത രാഷ്ട്രീയ ബന്ധവും ഭരണതലത്തിലുള്ള സ്വാധീനവുമാണ് മാനേജരെ "സുഖമായി ഒളിവില്‍ കഴിയാന്‍" സഹായിക്കുന്നതെന്നാണ് വിവരം. ഇയാള്‍ വിദേശത്ത് തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ആരോപണമുണ്ട്. മാനേജരെ അയോഗ്യനാക്കുമെന്ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസവകുപ്പ്തലത്തില്‍ നടപടിയുണ്ടായിട്ടില്ല.

കേസില്‍ കുറ്റവാളികളെ പിടികൂടുകയോ സ്കൂള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. സര്‍വകക്ഷി യോഗ തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി യോഗത്തില്‍ എം കെ രാഘവന്‍ എംപി അറിയിച്ചിരുന്നു. സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും അറിയിച്ചു. ശനിയാഴ്ച മന്ത്രി എം കെ മുനീര്‍ സ്കൂള്‍ സന്ദര്‍ശിച്ച് പുനഃസ്ഥാപിക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. സ്കൂള്‍ അനാദായകരമാണെന്ന് കാണിച്ച് അടച്ചുപൂട്ടാന്‍ അനുമതിക്കായി മാനജേര്‍ നിരന്തരമായി ശ്രമം നടത്തിയിരുന്നു. പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സ്കൂള്‍ അടച്ചുപൂട്ടരുതെന്ന് സിറ്റി എഇഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമീപത്തെ അണ്‍എയിഡഡ് സ്കൂളുകളില്‍ ഫീസ് നല്‍കി പഠിക്കാന്‍ കഴിയുന്നവരല്ല ഈ കുട്ടികള്‍. എന്നാല്‍ സമീപകാലത്ത് അഴിമതിയുടെ കേന്ദ്രമായി മാറിയ കോഴിക്കോട് ഡിഡിഇ ഓഫീസിനെ സ്വാധീനിച്ച് മാനേജര്‍ അനുകൂല റിപ്പോര്‍ട്ട് സമ്പാദിക്കുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധവും നിയമസഭയില്‍ എംഎല്‍എയുടെ ഇടപെടലുമുണ്ടായപ്പോള്‍ സ്കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കി. ഒന്നും ഔദ്യോഗിക നടപടികളായിട്ടില്ല.

deshabhimani

No comments:

Post a Comment