Tuesday, April 15, 2014

തലസ്ഥാനത്തെ പ്രമുഖ സ്കൂള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കുന്നു

കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ മാനേജുമെന്റും ഭൂമാഫിയയും ചേര്‍ന്ന് പൊളിച്ചടുക്കിയതിനു പിന്നാലെ തലസ്ഥാനത്തെ പ്രമുഖ വിദ്യാലയം പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍തന്നെ രംഗത്തിറങ്ങി. സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളും എസ്എസ്എല്‍സിക്ക് ഒന്നാംറാങ്ക് വരെ നേടിയ ചരിത്രവുമുള്ള അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളാണ് കച്ചവടകേന്ദ്രം നിര്‍മിക്കാനായി പൊളിച്ചുനീക്കുന്നത്. അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പരിസ്ഥിതി സംഘടനകളുടെയുമെല്ലാം എതിര്‍പ്പ് അവഗണിച്ച് സ്കൂള്‍ പൊളിക്കാനുള്ള നീക്കം വേഗത്തിലാക്കി. സ്കൂളിന്റെ വലിയൊരു ഭാഗം ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കാന്‍ ട്രിവാന്‍ഡ്രം ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (ട്രിഡ) സര്‍ക്കാര്‍ കൈമാറിയത്. തലസ്ഥാനത്തെ ഒരു മന്ത്രിയാണ് ഇതിനെല്ലാം ചുക്കാന്‍പിടിച്ചത്. കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്നപേരിലാണ് സ്കൂളിന്റെ പ്രധാനകെട്ടിടമടക്കം പൊളിച്ചുനീക്കുന്നത്. സ്കൂളിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന ബുദ്ധപ്രതിമ കഴിഞ്ഞദിവസം അജ്ഞാതര്‍ തകര്‍ത്തു. ട്രിഡയ്ക്കു സ്വന്തമായി അഞ്ചേക്കറോളം സ്ഥലം സമീപത്ത് ഉണ്ടെന്നിരിക്കെയാണ് നഗരത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പൊളിക്കുന്നത്.

30 വര്‍ഷത്തേക്കാണ് ട്രിഡയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയിരിക്കുന്നത്. 30 കോടി രൂപ ചെലവഴിച്ച് ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കുമെന്നാണ് ട്രിഡ പറയുന്നത്. നേറ്റീവ് സ്കൂള്‍ എന്ന പേരില്‍ 1889ല്‍ ആരംഭിച്ച സ്കൂളിന്റെ സുവര്‍ണകാലത്ത് 2500ലധികം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. മതിയായ അധ്യാപകരെയും പ്ലസ്ടു ബാച്ചും അനുവദിക്കാതിരുന്നതോടെ സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കു കുറഞ്ഞു. ചാലയിലും പരിസരപ്രദേശങ്ങളിലും കരിമഠം കോളനിയിലുമുള്ള നിര്‍ധനകുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കെഎസ്ടിഎ അടക്കമുള്ള അധ്യാപകസംഘടനകളും പൂര്‍വവിദ്യാര്‍ഥികളും സ്കൂള്‍ പൊളിക്കാന്‍ അനുവാദംകൊടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഹരിതാഭമായ അന്തരീക്ഷമുള്ള സ്കൂള്‍ പരിസരം കച്ചവടകേന്ദ്രമാക്കി നശിപ്പിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനയായ ട്രീവാക്കിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

deshabhimani

No comments:

Post a Comment