Tuesday, April 15, 2014

മോഡിയും ബിജെപിയും ഒറ്റപ്പെടും: കാരാട്ട്

ദിണ്ടിഗല്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും അകറ്റിനിര്‍ത്തുക എന്നതു മാത്രമല്ല കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഗുണമുള്ള സര്‍ക്കാരാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദിണ്ടിഗലില്‍ നിന്ന് മത്സരിക്കുന്ന എന്‍ പാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

ജനവിരുദ്ധ നയങ്ങള്‍ തിരുത്തപ്പെടണം. കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. കോര്‍പറേറ്റുകളെ സഹായിക്കുന്ന കോണ്‍ഗ്രസ് നയങ്ങളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ചരിത്രത്തിലില്ലാത്തവിധം അഴിമതി നടത്തിയ കോണ്‍ഗ്രസിനെ ശിക്ഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. തീവ്രഹിന്ദുത്വവാദത്തിന്റെ പ്രചാരകനാണ് നരേന്ദ്രമോഡി. മുസ്ലിമിനെയും ക്രിസ്ത്യാനികളെയും രണ്ടാംതരം പൗരന്‍മാരാക്കാനുള്ള പരീക്ഷണശാലയാണ് മോഡിയുടെ ഗുജറാത്ത്. അതുകൊണ്ടുതന്നെ മോഡിയും ബിജെപിയും അധികാരത്തില്‍നിന്ന് അകറ്റപ്പെടുമെന്നുറപ്പാണ്.

ജനവിരുദ്ധ രാഷ്ട്രീയമാണ് തമിഴ്നാട്ടില്‍ ഡിഎംകെ കൈകാര്യംചെയ്യുന്നത്. യുപിഎയുടെ നയങ്ങളെയാണ് അവര്‍ അനുകൂലിക്കുന്നത്. ജനങ്ങളുടെ കടുത്ത പ്രതിഷേധം നേരിടുകയാണ് ഡിഎംകെ. ജയലളിതയാവട്ടെ ബിജെപിയെ കുറ്റപ്പെടുത്താതെ കോണ്‍ഗ്രസിനെമാത്രം കുറ്റപ്പെടുത്തുകയാണെന്നം അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരില്‍ ഇത്തവണയും ചെങ്കൊടി പാറും

കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ വ്യവസായനഗരമായ കോയമ്പത്തൂരില്‍ ഇത്തവണ മത്സരം അഞ്ച് പ്രമുഖ പാര്‍ടികള്‍ തമ്മില്‍. കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ 25 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന മത്സരം സിപിഐ എമ്മും എഐഎഡിഎംകെയും തമ്മില്‍. സിറ്റിങ് എംപി പി ആര്‍ നടരാജനാണ് സിപിഐ എം സ്ഥാനാര്‍ഥി. കഴിഞ്ഞതവണ എഐഎഡിഎംകെ മുന്നണിയിലായിരുന്നു സിപിഐ എം മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിലെ ആര്‍ പ്രഭുവിനെ 38,664 വോട്ടിനാണ് നടരാജന്‍ തോല്‍പ്പിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പി ആര്‍ നടരാജന്‍ ജനകീയ എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

റെയില്‍വേ വികസനം, മോണോ റെയില്‍തുടക്കം, കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷന്റെ നവീകരണം എന്നിവയൊക്കെ പി ആര്‍ നടരാജന്റെ വികസനപദ്ധതികളാണ്. സിഐടിയുവിന് ശക്തമായ അടിത്തറയുള്ള മണ്ഡലംകൂടിയാണിത്. ചെറുതും വലുതുമായ ആയിരക്കണക്കിന് ഫാക്ടറികള്‍, തുണിവ്യവസായത്തിലേര്‍പ്പെട്ട പതിനായിരക്കണക്കിന്തൊഴിലാളികള്‍, എല്ലാ മേഖലയിലും എംപി എന്ന നിലയില്‍ നടരാജന്റെ ഇടപെടല്‍ ശക്തവുമായിരുന്നു. മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനത്തോടൊപ്പം നാട്ടുകാരനും കറപുരളാത്ത വ്യക്തിത്വവുമുള്ള നടരാജന്‍ വീണ്ടും വിജയിക്കുമെന്നാണ് വിലയിരുത്തല്‍. 1964നുശേഷം സിപിഐ എം- സിപിഐ പാര്‍ടികള്‍ ഒരുമിച്ചുനില്‍ക്കുന്നതും മുന്നണിയുടെ വിജയം ഉറപ്പാക്കുന്നു. അഡ്വ. നാഗരാജനാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥി. തനിച്ചുമത്സരിക്കുമ്പോള്‍ ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

ഏറെ ദുര്‍ബലമായ മുന്നണിയായാണ് ഡിഎംകെ മത്സരിക്കുന്നത്. ഗോപാലകൃഷ്ണനാണ് സ്ഥാനാര്‍ഥി. രണ്ടുതവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സി പി രാധാകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയത്. പ്രമുഖവ്യവസായിയായ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ആര്‍ പ്രഭുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്നണിയില്ലാതെ തനിച്ചുമത്സരിക്കുന്ന കോണ്‍ഗ്രസിന് വിജയം സ്വപ്നം കാണാന്‍ പോലുമാകില്ല. ദ്രാവിഡകക്ഷികള്‍ രൂപപ്പെട്ടശേഷം ആദ്യമായാണ് മുന്നണികളില്ലാതെ പാര്‍ടികള്‍ മത്സരിക്കുന്നത്. ബിജെപി മാത്രമാണ് ചെറുകക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 16 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ അഞ്ചുലക്ഷം പുതിയ വോട്ടാണ്. കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, കൗണ്ടംപാളയം, സിങ്കനെല്ലൂര്‍, സൂലുര്‍, പല്ലടം എന്നീ നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോയമ്പത്തൂര്‍ ലോക്സഭാമണ്ഡലം.

വേണു കെ ആലത്തൂര്‍

deshabhimani

No comments:

Post a Comment