Tuesday, December 20, 2011

ഇന്ത്യ രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തിലേക്ക്

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ് എന്നതിന്റെ വിവിധ സൂചനകളാണ് വ്യവസായമേഖലയിലെ ഉല്‍പാദനത്തില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ ഇടിവ്, ഡോളറുമായുള്ള രൂപയുടെ കൈമാറ്റ വില മുമ്പൊരിക്കലും ഇല്ലാത്തവിധം കുറഞ്ഞത്, റിസര്‍വ് ബാങ്ക് പലിശനിരക്ക് നിരന്തരം വര്‍ധിപ്പിച്ചിട്ടും പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിയാത്തത്, ഗവണ്‍മെന്‍റിന്റെ റവന്യൂക്കമ്മിയും ധനക്കമ്മിയും എല്ലാ കണക്കുകൂട്ടലിനെയും തെറ്റിച്ച് വളര്‍ന്നത് തുടങ്ങിയ കാര്യങ്ങള്‍ . വര്‍ഷങ്ങളായി യുപിഎ പിന്തുടരുന്ന അഴിമതി നിറഞ്ഞതും രാജ്യത്തെ സമ്പന്നരെയും സാമ്രാജ്യത്വശക്തികളെയും പ്രീണിപ്പിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ എല്ലാ ഭാരങ്ങളും അടിച്ചേല്‍പിക്കുന്നതുമായ നയസമീപനം രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കൊണ്ടെത്തിക്കുമെന്ന് ഇടതുപക്ഷവും മറ്റും പല തവണ താക്കീത് ചെയ്തതാണ്. ഗവണ്‍മെന്‍റിലും സമ്പദ്വ്യവസ്ഥയെ അത് നയിക്കുന്ന രീതിയിലും ഉള്ള എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം തകര്‍ന്നതിെന്‍റ സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.

കഴിഞ്ഞ ഏഴെട്ടുവര്‍ഷമായി നിലനിന്നിരുന്ന സമ്പദ്വ്യവസ്ഥയുടെ വര്‍ധിച്ച വാര്‍ഷിക വളര്‍ച്ചാത്തോത് തങ്ങള്‍ നടപ്പാക്കിവന്ന ആഗോളവല്‍ക്കരണ നയത്തിെന്‍റ സൃഷ്ടിയാണെന്ന വിലയിരുത്തലാണ് യുപിഎ നടത്തിയത്. അതും 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ "കഷ്ടിപിഷ്ട്ടി" വിജയവും ആഗോളവല്‍ക്കരണ ശക്തികളുടെയും അവ പിന്തുടരുന്ന നയത്തിന്റെയും നേട്ടമായി അവര്‍ വിലയിരുത്തി. അതിെന്‍റ അടിസ്ഥാനത്തില്‍ ആ ശക്തികള്‍ക്കും അവര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കും ബജറ്റില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. മുതലാളിത്ത ലോകത്തിലാകെ ജീര്‍ണിപ്പിന്റെയും പുതിയ പ്രതിസന്ധിയുടെയും കരിനിഴല്‍ പതിക്കാന്‍ തുടങ്ങിയ വേളയിലായിരുന്നു അവര്‍ ഇങ്ങനെ ആഘോഷിച്ചത്. പൊതുവെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയും ആത്മവിശ്വാസവും പ്രകടിപ്പിച്ച ആ വേളയില്‍ യുപിഎ ഗവണ്‍മെന്‍റിനു ചെയ്യാമായിരുന്നത് അതിനൊക്കെ ആക്കം കൂട്ടുന്നതിനു സഹായിക്കുന്ന തരത്തില്‍ കാര്‍ഷിക - വ്യാവസായിക മേഖലകളുടെ വികാസത്തിനും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനത്തുറകളുടെ വികസനം കൂടുതല്‍ വിപുലവും പ്രയോജനകരവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമാക്കി മാറ്റുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അതിനു ഉപകരിക്കുന്ന വിധത്തില്‍ സര്‍ക്കാരിന്റെ വരവും ചെലവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അത് സാമ്പത്തിക വളര്‍ച്ച ഉയരാന്‍ - ഇടിയാതിരിക്കാനെങ്കിലും - സഹായകമാകുമായിരുന്നു.

ഗവണ്‍മെന്‍റിന്റെ വരുമാനം വര്‍ധിക്കാനും അത് ഇടയാക്കുമായിരുന്നു. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അതില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള സര്‍ക്കാരിന്റെ ശേഷി തല്‍ഫലമായി വളരുമായിരുന്നു. ഇതിനാണെങ്കില്‍ 1929ലെ മഹാമാന്ദ്യത്തിനുശേഷം കെയിന്‍സ് എന്ന അര്‍ഥശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച നയത്തിന്റെ പിന്‍ബലം ഉണ്ടാകുമായിരുന്നു. എന്നാല്‍ , ഇത്തരം നടപടികളൊന്നും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതിനുപകരം നാടനും വിദേശിയുമായ കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും കോടിക്കണക്കിനു രൂപയുടെ നികുതി ഇളവുകള്‍ ഓരോ വര്‍ഷവും നല്‍കി വരികയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം നല്‍കപ്പെട്ട ഇത്തരം ഇളവുകള്‍ 4.6 ലക്ഷം കോടി രൂപയുടേതാണ്. ഇങ്ങനെ ചെയ്തതുമൂലം ധനക്കമ്മിയും റവന്യൂക്കമ്മിയും കുത്തനെ വര്‍ധിച്ചു എന്നതിലപ്പുറം സമ്പദ്വ്യവസ്ഥയ്ക്കു പറയത്തക്ക ഗുണമൊന്നുമുണ്ടായില്ല. മാത്രമല്ല, ഒരു പ്രതിസന്ധി വന്നപ്പോള്‍ സര്‍ക്കാരിനു ധനപരമായി ഒരു ഇടപെടലും ചെയ്യാനാവാത്ത സ്ഥിതിയുണ്ടായി. ചൈനയുമായിട്ടാണല്ലോ ഇന്ത്യയെ മുതലാളിത്ത വിദഗ്ധര്‍ താരതമ്യം ചെയ്യാറുള്ളത്? ചൈന അമേരിക്കന്‍ കല്‍പനകള്‍ക്ക് കാത്തുനില്‍ക്കാതെയും അവ അനുസരിക്കാതെയും സ്വന്തം സ്ഥിതിവിശേഷം കൈകാര്യം ചെയ്തുവരുന്നു. 2008ലെ പ്രതിസന്ധിയുടെ കാലത്ത് അത് സ്വന്തം സമ്പദ്വ്യവസ്ഥ മാന്ദ്യത്തില്‍ ആഴ്ന്നുപോകുന്നതു തടയാന്‍ വിപുലമായ ഒരു ആഭ്യന്തര വികസന പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. ചൈനീസ് നാണയത്തിന്റെ മൂല്യം വര്‍ധിപ്പിക്കണം എന്ന അമേരിക്കയുടെ ശാഠ്യം അവര്‍ തള്ളിക്കളഞ്ഞു. മറിച്ച് അമേരിക്കയ്ക്ക് ചൈനയെ ആശ്രയിക്കേണ്ട സ്ഥിതി ചില കാര്യങ്ങളിലെങ്കിലും ഉണ്ടായിക്കഴിഞ്ഞു. അതേസമയം അമേരിക്കന്‍ യജമാനന്മാരുടെ കല്‍പന രാജ്യത്തെ പ്രതിപക്ഷം മാത്രമല്ല, സ്വന്തം പാര്‍ടിക്കാര്‍ വരെ എതിര്‍ത്തിട്ടും അനുസരിക്കുന്ന വിധേയത്വമാണ് ഡോ. മന്‍മോഹന്‍സിങ്ങ് നയിക്കുന്ന ഇന്ത്യാ ഗവണ്‍മെന്‍റ് ആണവക്കരാര്‍ , ഇറാനോടുള്ള സമീപനം, ചില്ലറ വില്‍പനരംഗത്തെ വിദേശ മുതല്‍മുടക്ക് മുതലായ കാര്യങ്ങളില്‍ കാണിക്കുന്നത്. ഫലമോ? ചൈനയുടെ നാണയമായ യുവാന്‍ നാണയക്കമ്പോളത്തില്‍ പ്രബലമായി നിലകൊള്ളുമ്പോള്‍ , ഇന്ത്യയുടെ രൂപ ഈ വര്‍ഷം തുടര്‍ച്ചയായി വിലയിടിഞ്ഞ് ഏഷ്യയിലെ ദുര്‍ബല നാണയം എന്ന വിശേഷണം ഇതിനകം ആര്‍ജിച്ചിരിക്കുന്നു. ഇത് രാജ്യത്ത് വിലക്കയറ്റത്തിെന്‍റ പുതിയൊരു കുതിപ്പിനു അരങ്ങൊരുക്കിയിരിക്കുന്നു.

അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴുണ്ടായ സാമ്പത്തികത്തളര്‍ച്ചക്കു അടിസ്ഥാന കാരണം പണപ്പെരുപ്പമാണ്. അങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് ലാഭം കുന്നുകൂട്ടാന്‍ ധനകാര്യസ്ഥാപനങ്ങളെ കയറൂരി വിട്ടതാണ് ആ രാജ്യങ്ങളിലെ ഗവണ്‍മെന്‍റുകളെ കുഴപ്പത്തിലാക്കിയത്. ഇത് 2008ല്‍ തന്നെ വ്യക്തമായിരുന്നു. ഇതില്‍നിന്നു പാഠം പഠിച്ച് സമ്പദ്വ്യവസ്ഥയെ അച്ചടക്കത്തിലാക്കുന്നതിനുപകരം കുത്തകകള്‍ പോയ വഴിക്ക് ഗവണ്‍മെന്‍റ് സംവിധാനത്തെ നയിച്ചതാണ് 2 ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതികള്‍ക്കും അനിയന്ത്രിതമായ വിലക്കയറ്റത്തിനും റിലയന്‍സിെന്‍റയും മറ്റും ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര ഗവണ്‍മെന്‍റ് മാറുന്നതിനും കാരണം. ഡോ. മന്‍മോഹന്‍ സിങ് അനുഭവ സമ്പന്നനായ അര്‍ത്ഥശാസ്ത്രജ്ഞനാണ്.

പ്രണബ് മുഖര്‍ജി കൃതഹസ്തനായ രാഷ്ട്രീയ നേതാവും. എന്നിട്ടും അവര്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് നിരന്തരം പലിശനിരക്ക് വര്‍ധിപ്പിച്ചത് എല്ലാ പണമിടപാടുകാരെയും പ്രതികൂലമായി ബാധിച്ചു. നാട്ടിലെ പലിശ നിരക്കില്‍ 4 - 5 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതോടെ, വന്‍കിട വ്യവസായികളും മറ്റും ആഭ്യന്തരാവശ്യങ്ങള്‍ക്ക് വിദേശത്തുനിന്ന് വായ്പ വാങ്ങാന്‍ തുടങ്ങി. ഇത് ഇന്ത്യയുടെ വിദേശക്കടം ഗണ്യമായി ഉയരാന്‍ ഇടയാക്കുന്ന പ്രവണതക്ക് തിരികൊളുത്തുന്നു. വീണ്ടുവിചാരമോ ദൂരക്കാഴ്ചയോ ഇല്ലാതെ നടപ്പാക്കുന്ന ഇത്തരം നയസമീപനത്തിെന്‍റ ആത്യന്തികഫലം അനുഭവിക്കേണ്ടി വരിക സര്‍ക്കാരും നാട്ടിലെ ജനസാമാന്യവുമാണ്. 2008-09ലെ ലോക സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ സാമ്പത്തിക സ്ഥിതി ഇന്നത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നു. അന്നുണ്ടായിരുന്ന സാമ്പത്തിക മിച്ചം സമ്പന്നര്‍ക്കായി യുപിഎ ഗവണ്‍മെന്‍റ് ദീര്‍ഘവീക്ഷണമില്ലാതെ ചെലവഴിച്ചു. തന്മൂലം ഇന്ന് സര്‍ക്കാരിെന്‍റ സ്ഥിതി പരുങ്ങലിലാണ്. അതിനാല്‍ , ഇന്ന് സമ്പദ്വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതിനു സാമ്പത്തിക പ്രചോദനം നല്‍കാവുന്ന സ്ഥിതിയിലല്ല സര്‍ക്കാര്‍ . ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആവശ്യം അവരെ പ്രീതിപ്പെടുത്താന്‍ കൂടുതല്‍ ആഗോളവല്‍ക്കരണ ശൈലിയിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്നാണ്. അധ്വാനിക്കുന്ന ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കുക എന്നാണ് അതിെന്‍റ മലയാളം.

1991ല്‍ അതാണ് നരസിംഹറാവു ഗവണ്‍മെന്‍റ് ചെയ്തത്. അത് കൃഷിക്കാര്‍ , തൊഴിലാളികള്‍ , ജീവനക്കാര്‍ , സ്വയം അധ്വാനിച്ച് ജീവിക്കുന്നവര്‍ മുതലായവരെ മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തിലാക്കി. അതിന്റെ തനിയാവര്‍ത്തനം നടത്തണം എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആവശ്യം. ലോകത്തിലെ, ഓരോ രാജ്യത്തിലെയും, ഒരു പിടി പേര്‍ക്ക് സമ്പത്ത് മുഴുവന്‍ കയ്യടക്കുന്നതിനുവേണ്ടി മറ്റുള്ളവരെ മുഴുവന്‍ നാനാതരത്തില്‍ ചൂഷണം ചെയ്യുന്നതാണ് ആഗോളവല്‍ക്കരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകമെങ്ങും 99 ശതമാനം ജനങ്ങള്‍ ഒരു ശതമാനത്തിനെതിരെ സമരം ചെയ്യുന്നു. ഇന്ത്യയിലും അത്തരം സമരങ്ങള്‍ മറ്റു രൂപങ്ങളില്‍ നടക്കുന്നു. ഇപ്പോള്‍ സാമ്പത്തിക സ്ഥിതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ അതിനു ഉത്തരവാദികളായവര്‍ അതിെന്‍റ പേരില്‍ ജനങ്ങളെ പുതിയ ചൂഷണങ്ങള്‍ക്ക് ഇരയാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതായി കാണുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രധാന പാര്‍ടികളായ കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാല്‍ അല്‍ഭുതപ്പെടാനില്ല. വിലക്കയറ്റം സംബന്ധിച്ച പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ ആ രണ്ടു പാര്‍ടികളും കൈകോര്‍ത്തിരുന്നു.

ജനങ്ങളുടെമേല്‍ പുതിയ കടന്നാക്രമണത്തിനുള്ള സമ്പന്നവര്‍ഗങ്ങളുടെ നീക്കം വിജയിച്ചാല്‍ , ഇവിടെ കര്‍ഷക ആത്മഹത്യ മാത്രമല്ല പടര്‍ന്നു പിടിക്കുക. തൊഴിലാളികള്‍ , ജീവനക്കാര്‍ , അധ്വാനിച്ചു ജീവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ തുടങ്ങിയവരെല്ലാം ആ വഴി തേടാന്‍ നിര്‍ബന്ധിതരാകും. ആ ദുരന്തം തടയണമെങ്കില്‍ , രൂക്ഷമാകാന്‍ തുടങ്ങിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് സര്‍ക്കാര്‍ പരിഹാരം കാണേണ്ടത് ജനപക്ഷത്തുനിന്നുകൊണ്ടാണ്; സമ്പന്നരുടെ ബാധ്യതകള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചു കൊണ്ടല്ല. ഇത്തരത്തില്‍ രൂപയുടെ മൂല്യം ഇടിയുകയും എണ്ണയുടെയും മറ്റും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ 12-ാം പഞ്ചവല്‍സര പദ്ധതിയുടെ ആവിഷ്കരണം നിരര്‍ഥകമായിത്തീരുന്ന അവസ്ഥയാണ്. ഒരു കാര്യവും സര്‍ക്കാരിനു നിയന്ത്രിക്കാനാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. അത് 1960കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും പഞ്ചവല്‍സര പദ്ധതിക്ക് ഒഴിവ് പ്രഖ്യാപിച്ച അനുഭവം ആവര്‍ത്തിക്കേണ്ട സ്ഥിതിയിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിക്കുമോ? ഏതാനും ദിവസം മുമ്പുവരെ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ധനമന്ത്രിക്ക് അത് നഷ്ടപ്പെട്ടതായാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

സി പി നാരായണന്‍ ചിന്ത 231211

1 comment:

  1. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ് എന്നതിന്റെ വിവിധ സൂചനകളാണ് വ്യവസായമേഖലയിലെ ഉല്‍പാദനത്തില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ ഇടിവ്, ഡോളറുമായുള്ള രൂപയുടെ കൈമാറ്റ വില മുമ്പൊരിക്കലും ഇല്ലാത്തവിധം കുറഞ്ഞത്, റിസര്‍വ് ബാങ്ക് പലിശനിരക്ക് നിരന്തരം വര്‍ധിപ്പിച്ചിട്ടും പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിയാത്തത്, ഗവണ്‍മെന്‍റിന്റെ റവന്യൂക്കമ്മിയും ധനക്കമ്മിയും എല്ലാ കണക്കുകൂട്ടലിനെയും തെറ്റിച്ച് വളര്‍ന്നത് തുടങ്ങിയ കാര്യങ്ങള്‍ . വര്‍ഷങ്ങളായി യുപിഎ പിന്തുടരുന്ന അഴിമതി നിറഞ്ഞതും രാജ്യത്തെ സമ്പന്നരെയും സാമ്രാജ്യത്വശക്തികളെയും പ്രീണിപ്പിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ എല്ലാ ഭാരങ്ങളും അടിച്ചേല്‍പിക്കുന്നതുമായ നയസമീപനം രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കൊണ്ടെത്തിക്കുമെന്ന് ഇടതുപക്ഷവും മറ്റും പല തവണ താക്കീത് ചെയ്തതാണ്. ഗവണ്‍മെന്‍റിലും സമ്പദ്വ്യവസ്ഥയെ അത് നയിക്കുന്ന രീതിയിലും ഉള്ള എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം തകര്‍ന്നതിെന്‍റ സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം

    ReplyDelete