Tuesday, December 20, 2011
എംഎസ്പിയെ തുരത്തി "മോസ്കോമൊക്കി"ന്റെ പോരാളികള്‍
പാലക്കാട് ജില്ലയിലെ കര്‍ഷകസമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മയാണ് വണ്ടാഴി "മോസ്കോമൊക്ക്". ജന്മിമാരുടെ ആവശ്യമനുസരിച്ച് കമ്യൂണിസ്റ്റുകാരെ തുരത്താന്‍വന്ന മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ പീഡനങ്ങളില്‍ പതറാതെ ധീരമായി ചെറുത്തുനിന്ന പോരാളികളുടെ സ്മാരകമായി മോസ്കോമൊക്ക് ഇന്നും അറിയപ്പെടുന്നു. കര്‍ഷകസമരത്തിനും എംഎസ്പിക്കെതിരെയുള്ള പോരാട്ടത്തിനും നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന പോരാളിയാണ് മേത്താംകോട് പി കെ വേലായുധന്‍ . മോസ്കോമൊക്കിന്റെ രൂപീകരണവും എംഎസ്പിയുടെ ഭീകരവാഴ്ചയും ഓര്‍ത്തെടുക്കുമ്പോള്‍ 94-ാം വയസ്സിലും അദ്ദേഹത്തിന്റെ ഉള്ളില്‍ വിപ്ലവ വീര്യം നിറയുകയാണ്.
1942-43 കാലഘട്ടം. കൊടികുത്തിവാഴുന്ന ജന്മിത്തത്തിന്റെ ക്രൂരതയില്‍ കര്‍ഷകത്തൊഴിലാളികള്‍ വലയുകയാണ്. "കുറേ സഖാക്കള്‍ ഇവിടം റഷ്യയാക്കാന്‍ ശ്രമിക്കുകയാണ്. അവരെ തകര്‍ക്കണം" എന്ന് ജന്മിത്വ ശക്തികള്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ കാലഘട്ടത്തില്‍ ആലത്തൂരില്‍ മണ്ണ് പരിശോധനയ്ക്ക് എത്തിയ ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധിയെ കണ്ട് തങ്ങളുടെ പട്ടിണിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം കര്‍ഷകര്‍ സംഘടിച്ച് "പട്ടിണിജാഥ"യായിപോയി ബ്രിട്ടീഷ് ഉദ്യോഗസ്ഥന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. "ഉരിയരിപോലും കിട്ടാനില്ല പൊന്നുകൊടുത്താലും ഉദയാസ്തമയം പീടികമുന്നില്‍ നിന്നു കരഞ്ഞാലും"... എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ നടത്തിയത്. കെ ടി നാഗു, എം സി ചാമിയാര്‍ , പി എ ചാമിയാര്‍ , സി വി മാധവന്‍ , പി കെ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. പട്ടിണിജാഥയില്‍ പങ്കെടുത്തവരെ തങ്ങളുടെ പാടങ്ങളില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ജന്മിമാര്‍ അറിയിച്ചു. ഇതിനെതിരെ വീണ്ടും കര്‍ഷകര്‍ ഒന്നിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിച്ച് ജന്മിമാരുടെ വയലുകളില്‍ പണിക്കിറങ്ങി. തുടര്‍ന്ന് ജന്മിമാരുടെ ഗുണ്ടകള്‍ കര്‍ഷകരെ മര്‍ദിച്ചു.
സംഭവമറിഞ്ഞ് എംഎസ്പി സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു. വണ്ടാഴിയിലെ രാഘവമേനോന്റെ കളത്തില്‍ തമ്പടിച്ച എംഎസ്പിക്കാര്‍ കമ്യൂണിസ്റ്റുകാരെയും കര്‍ഷകരെയും തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. കമ്യൂണിസ്റ്റുകാര്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പാടില്ലെന്ന് എംഎസ്പിക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് പലനേതാക്കളും ഒളിവില്‍പ്പോയി. അന്ന് വടക്കേപ്പുഴയില്‍ പാലമില്ല. എംഎസ്പിക്കാരെ കര്‍ഷകര്‍ എടുത്തുകൊണ്ടുപോയി പുഴകടത്തണമായിരുന്നു. പുഴ കടക്കുംവരെ കര്‍ഷകരെ പൊലീസുകാര്‍ അടിക്കും. അക്കരെ എത്തിച്ചാല്‍ തങ്ങള്‍ മടങ്ങിവരുന്നതുവരെ കാത്ത്നില്‍ക്കണമെന്ന് കല്‍പ്പിക്കുമായിരുന്നു. അത് ഭയന്ന് കര്‍ഷകര്‍ പുഴ കടക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തി. മാസങ്ങളോളം നീണ്ടുനിന്ന ക്രൂരപീഡനത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയതിനെത്തുടര്‍ന്നാണ് എംഎസ്പിക്കാര്‍ സ്ഥലംവിട്ട്പോയത്.
പട്ടിണിജാഥയ്ക്കും തുടര്‍ന്നുണ്ടായ സമരത്തിനും ശേഷം പുതുക്കുളംപറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് മോസ്കോമൊക്ക് എന്ന് പേരുവീണു. അക്കാലത്ത് മോസ്കോനഗറില്‍ തന്റെ വീടും നാഗുവിന്റെ തയ്യല്‍ക്കടയും മാത്രമേ ഉണ്ടായിരുന്നുള്ളു. നാഗുവിന്റെ തയ്യല്‍ക്കടയ്ക്കുള്ളിലാണ് പോരാളികള്‍ പലപ്പോഴും ഒളിച്ചിരുന്നത്. പലതവണ എംഎസ്പിയുടെ ലോക്കപ്പ് മര്‍ദനത്തിന് ഇരയാകേണ്ടി വന്നതായും വേലായുധന്‍ ഓര്‍ക്കുന്നു.
deshabhimani 201211
Labels:
ചരിത്രം,
പോരാട്ടം,
മോസ്കോമൊക്ക്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete