Wednesday, January 25, 2012

കൊടിക്കുന്നിലിന് പ്രത്യേക അജന്‍ഡയുണ്ടോയെന്ന് അറിയില്ല: ജോസഫ്

കുട്ടനാട് പാക്കേജിന്റെ ആദ്യഘട്ടം മുതല്‍ പലതരം വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പ്രത്യേക അജന്‍ഡയുണ്ടോയെന്ന് അറിയില്ലെന്ന് മന്ത്രി പി ജെ ജോസഫ്. മങ്കൊമ്പില്‍ ചേര്‍ന്ന യോഗത്തില്‍ "മറ്റൊരു മുല്ലപ്പെരിയാര്‍ ഇവിടെ സൃഷ്ടിക്കാന്‍ പാടില്ലെന്ന" കൊടിക്കുന്നിലിന്റെ അപ്രസക്ത പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതില്‍ പാടശേഖരസമിതികള്‍ ഏകകണ്ഠമായ അഭിപ്രായമറിയിച്ചു. എസി കനാല്‍ സംബന്ധിച്ച് ഫാ. തോമസ് പീലിയാനിക്കല്‍ നിര്‍ദേശം വച്ചപ്പോള്‍ പരിശോധിക്കാമെന്നേ താന്‍ പറഞ്ഞുള്ളൂ. ഇക്കാര്യത്തില്‍ പാടശേഖരസമിതികളുടെ തീരുമാനമേ നടപ്പാക്കൂ. എസി കനാലിന് സമാന്തരമായി കനാല്‍ വേണ്ടെന്നാണ് അവരുടെ തീരുമാനമെങ്കില്‍ വേണ്ടെന്നാണ് തന്റെയും നിലപാട്. പ്രശ്നം അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ , കൊടിക്കുന്നില്‍ സുരേഷ് എംപി "മറ്റൊരു മുല്ലപ്പെരിയാര്‍ ഇവിടെ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഭീതി പരത്തരുതെ"ന്നും പറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ആ യോഗത്തില്‍ മുല്ലപ്പെരിയാറിന് എന്താണ് പ്രസക്തി. ഉത്തരവാദപ്പെട്ട എംപി ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. "യു ആര്‍ എ റെസ്പോണ്‍സബിള്‍ എംപി" എന്നാണ് പറഞ്ഞത്. "ഇറെസ്പോണ്‍സബിള്‍" എന്ന് ഇത് ചിലര്‍ തെറ്റിധരിച്ചെന്നും ജോസഫ് വിശദീകരിച്ചു.

കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സ്വാമിനാഥന്‍ വിഭാവനം ചെയ്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 231 പാടശേഖരങ്ങളുടെ പുനരുദ്ധാരണത്തിനായി 379 കോടി അടങ്കല്‍ വരുന്ന വിശദമായ പദ്ധതിറിപ്പോര്‍ട്ട് കേന്ദ്രജലകമ്മീഷനും കേന്ദ്ര ആസൂത്രണകമ്മീഷനും ഉന്നതാധികാരസമിതിയും അംഗീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. എ സി കനാലിന്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതി റിപ്പോര്‍ട്ട് മാര്‍ച്ച് 10ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകനയോഗം ചേരും. 28ന് വൈകിട്ട് അഞ്ചിന് കോട്ടയം കലക്ട്രേറ്റിലും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

deshabhimani 250112

1 comment:

  1. കുട്ടനാട് പാക്കേജിന്റെ ആദ്യഘട്ടം മുതല്‍ പലതരം വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പ്രത്യേക അജന്‍ഡയുണ്ടോയെന്ന് അറിയില്ലെന്ന് മന്ത്രി പി ജെ ജോസഫ്. മങ്കൊമ്പില്‍ ചേര്‍ന്ന യോഗത്തില്‍ "മറ്റൊരു മുല്ലപ്പെരിയാര്‍ ഇവിടെ സൃഷ്ടിക്കാന്‍ പാടില്ലെന്ന" കൊടിക്കുന്നിലിന്റെ അപ്രസക്ത പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete