Wednesday, August 15, 2012

പാണക്കാട് തങ്ങള്‍ക്കെതിരെ കേസെടുക്കുമോ: എം സ്വരാജ്


കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റം ചുമത്തി ഇടതുനേതാക്കളെ ജയിലിലടച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പരസ്യമായ കൊലപാതകാഹ്വാനം കേട്ടിട്ടും തടയാത്ത ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്.

പി കെ ബഷീര്‍ എംഎല്‍എ കുനിയില്‍ ഇരട്ടക്കൊല നടത്താന്‍ ആഹ്വാനം ചെയ്തപ്പോള്‍ വേദിയില്‍ പാണക്കാട് തങ്ങളുമുണ്ടായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് പറഞ്ഞ തിരുവഞ്ചൂരിന് പി കെ ബഷീറിനെയും തങ്ങളെയുമൊന്നും തൊടാന്‍ ധൈര്യമില്ല. ഇരട്ടനീതിയാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടി വി രാജേഷ് എംഎല്‍എയെ ജയിലിലടച്ചത്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ പി കെ ബഷീറിന് പൊലീസ് അകമ്പടി നല്‍കുന്നു. ലീഗ് നിയമത്തിനും നിയമവാഴ്ചയ്ക്കും അതീതരാവുന്നു. കേരളത്തിലെ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ കെ സുധാകരനെതിരെ സന്തതസഹചാരി നടത്തിയ വെളിപ്പെടുത്തലില്‍ നടപടിയില്ല. ഇത്തരം കേസുകളില്‍ പ്രത്യേക അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തുന്നത് പ്രതികളെ രക്ഷിക്കാനാണ്. പൊലീസ് ഏകപക്ഷീയമായി നീതിനിഷേധിക്കുകയാണ്. ഇടുക്കിയിലെ അനീഷ്രാജന്‍ വധക്കേസ് പ്രതികളെയും കാസര്‍കോട്ടെ മനോജിനെ വധിച്ച ലീഗുകാരെയും അറസ്റ്റുചെയ്തില്ല. മനോജ് വധക്കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു. 36 മണിക്കൂര്‍ കഴിഞ്ഞാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഭരണമുന്നണിയിലെ വിഴുപ്പലക്കലും ചേരിപ്പോരും മറയ്ക്കാനാണ് അറസ്റ്റ് നാടകങ്ങളെങ്കില്‍ അത് വ്യാമോഹമായി അവശേഷിക്കുമെന്നും സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റം ചുമത്തി ഇടതുനേതാക്കളെ ജയിലിലടച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പരസ്യമായ കൊലപാതകാഹ്വാനം കേട്ടിട്ടും തടയാത്ത ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്.

    ReplyDelete