Wednesday, August 15, 2012

മുഖ്യമന്ത്രി നുണപ്രചാരണം പിന്‍വലിക്കണം: ഐസക്


സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കുമെന്ന 2010-11ലെ ബജറ്റ് നിര്‍ദേശത്തിന്റെ തുടര്‍ച്ചയാണ് പങ്കാളിത്ത പെന്‍ഷന്‍ തീരുമാനമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയില്‍ പൊളിഞ്ഞ വാദമാണ് മുഖ്യമന്ത്രി ആഗസ്ത് 15ലെ ലേഖനംവഴി പ്രചരിപ്പിക്കുന്നത്. നുണലേഖനം അദ്ദേഹം പിന്‍വലിക്കണം. സ്വാതന്ത്ര്യദിനം നുണപ്രചാരണത്തിന് ഉപയോഗിക്കരുത്-അദ്ദേഹം ആവശ്യപ്പെട്ടു.

2010-11ലെ ബജറ്റില്‍ പറഞ്ഞ പെന്‍ഷന്‍ ഫണ്ടും പങ്കാളിത്ത പെന്‍ഷനും ഒന്നല്ല. മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ത്തന്നെ പ്രത്യേക പെന്‍ഷന്‍ഫണ്ട് നിലവിലുണ്ട്. ഇതില്‍നിന്നാണ് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. സര്‍വകലാശാലകള്‍ക്കു സമാനമായ രീതിയില്‍ നിധി രൂപീകരിക്കുമെന്നാണ് ബജറ്റ് നിര്‍ദേശം. ജീവനക്കാര്‍ക്ക് പെന്‍ഷനുവേണ്ടി വിഹിതം അടയ്ക്കേണ്ടതില്ല. ശമ്പള കമീഷന്‍ തീരുമാനം അനുസരിച്ചുള്ള പെന്‍ഷന്‍ ആനുകൂല്യം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പദ്ധതിയല്ല ഇപ്പോള്‍ നടപ്പാക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയില്‍ ശമ്പളകമീഷന്‍ ആനുകൂല്യമൊന്നും ജീവനക്കാര്‍ക്ക് ലഭിക്കില്ല. പെന്‍ഷന്‍നിധി ഓഹരിവിപണിയിലും മറ്റും നിക്ഷേപിക്കും. ഓഹരിവിപണി പൊളിഞ്ഞാല്‍ പെന്‍ഷനും ഇല്ലാതാകും. ഇന്ന് പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്ന പകുതി ആനുകൂല്യംപോലും പങ്കാളിത്ത പെന്‍ഷന്‍വഴി കിട്ടില്ല. പെന്‍ഷനും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ശമ്പളത്തിലും താമസിയാതെ കൈവയ്ക്കും. ദ്രോഹകരമായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശവുമായി ഒരു ബന്ധവുമില്ല. പെന്‍ഷന്‍ ചെലവ് കൂടുതലാണെന്ന വാദവും അംഗീകരിക്കാനാവില്ല. പെന്‍ഷന്‍ ബാധ്യതയായി കാണാതെ ജീവനക്കാരുടെ അവകാശമായി കാണണം.

യുഡിഎഫിലെ ചില യുവ എംഎല്‍എമാര്‍ ഉയര്‍ത്തിയ ഹരിത രാഷ്ട്രീയനയം ആത്മാര്‍ഥമാണോയെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണാം. ചുവപ്പന്‍ ഹരിത രാഷ്ട്രീയനയമാണ് വേണ്ടത്. പച്ചയും ചുവപ്പും ചേര്‍ന്നുള്ള രാഷ്ട്രീയം വളര്‍ന്നുവന്നാല്‍ മാത്രമേ പരിസ്ഥിതി ഉള്‍പ്പെടെ സംരക്ഷിക്കാന്‍ കഴിയൂ. വയല്‍നികത്തല്‍, അഴിമതി, വനംകൊള്ള തുടങ്ങിയവ തകൃതിയായി നടക്കുകയാണ്. സര്‍ക്കാര്‍തന്നെ വനംകേസുകളില്‍ തോറ്റുകൊടുക്കുന്നു. വാക്കില്‍നിന്ന് പ്രവൃത്തിയിലേക്ക് വരാന്‍ യുഡിഎഫ് എംഎല്‍എമാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോയെന്ന് നിയമസഭയില്‍ വി ഡി സതീശനോട് ചോദിച്ചെങ്കിലും മറുപടി പറയാന്‍ തയ്യാറായില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

ചില നിര്‍ദേശമുണ്ടന്ന് മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് മുന്നിലെന്ന് മാണി

പെന്‍ഷന്‍പ്രായം അറുപതാക്കുന്നതിന് ചില കേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെറുപ്പക്കാരെ വിശ്വാസത്തിലെടുത്തുമാത്രമേ എന്തും ചെയ്യൂ എന്ന് ആവര്‍ത്തിച്ച അദ്ദേഹം കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഒരു നിര്‍ദേശവും ധനവകുപ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നവകാശപ്പെട്ട് ധനമന്ത്രി കെ എം മാണി ഇറക്കിയ പ്രസ്താവനയില്‍ മന്ത്രിസഭയുടെ മുന്നില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉണ്ടെന്ന് സമ്മതിച്ചു.

ജൂലൈ നാലിലെ മന്ത്രിസഭായോഗം സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ്സെക്രട്ടറിയെയും ധനസെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാണെന്നും ആ സമ്പ്രദായം ആവശ്യമെങ്കില്‍ ഇവിടെയും അനുവര്‍ത്തിക്കാമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെപറ്റി നിര്‍ദേശമെന്നും മന്ത്രിസഭ കൈക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറഞ്ഞു.


പങ്കാളിത്ത പെന്‍ഷന്‍: ചര്‍ച്ച അറവുമാടിനോട് അനുവാദം ചോദിക്കുംപോലെ- പിണറായി

കൊച്ചി: പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുംമുമ്പ് എല്ലാവരുമായി ചര്‍ച്ചചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് അറക്കുംമുമ്പ് ആടിന്റെ സമ്മതം ചോദിക്കുന്നതുപോലെയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പിടിവാശി കളഞ്ഞ് പദ്ധതി എത്രയുംവേഗം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി രാജീവ് എംപി നേതൃത്വം നല്‍കിയ സിപിഐ എം കിഴക്കന്‍ മേഖലാജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.
ഇത് സര്‍ക്കാര്‍ ജീവനക്കാരെമാത്രം ബാധിക്കുന്ന പ്രശ്നമല്ല. അധ്വാനിക്കുന്ന മുഴുവന്‍ വിഭാഗത്തിന്റെയും അവകാശാനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള ആദ്യ നീക്കമാണ്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എല്ലാവരുമായും ചര്‍ച്ചചെയ്യുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്തിനാണ് ചര്‍ച്ച. പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞല്ലോ. പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുംമുമ്പല്ലേ ചര്‍ച്ച വേണ്ടിയിരുന്നത്. കുടുംബപെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ജീവനക്കാര്‍ സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിഭാഗംപോലും പദ്ധതിക്കെതിരാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നുവെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കേണ്ടത്.

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഇവിടെ നടപ്പാക്കുംമുമ്പ് മുതലാളിത്തത്തിന്റെ സംരക്ഷകനായ ഉമ്മന്‍ചാണ്ടി അത് നടപ്പാക്കിയ അമേരിക്കയില്‍ സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണം. സാമ്രാജ്യത്വ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഐഎംഎഫ് ആവിഷ്കരിച്ച പദ്ധതി നടപ്പാക്കിയതിലൂടെ 50,000 കോടി ഡോളറാണ് അമേരിക്കയ്ക്ക് നഷ്ടമായത്. ചിലിയിലും പദ്ധതി നടപ്പാക്കിയത് വന്‍ സാമ്പത്തികനഷ്ടത്തില്‍ കലാശിച്ചു. ജീവനക്കാര്‍ നിക്ഷേപിക്കുന്ന പണം ഓഹരി കമ്പോളത്തിലേക്ക് ഒഴുക്കി മുതലാളിത്തത്തിന്റെ പ്രതിസന്ധി പരിഹരിക്കലായിരുന്നു ലക്ഷ്യം. പദ്ധതി എത്രയുംവേഗം പിന്‍വലിക്കണം. നാളെ എല്ലാവരുടെ അവകാശങ്ങളും കവരാന്‍ ഇടയാക്കുന്ന പദ്ധതിക്കെതിരെ നാടാകെ ഒറ്റക്കെട്ടായി രംഗത്തുവരണം. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണം. ഭൂമാഫിയയുടെ വക്താവായി പ്രത്യക്ഷത്തില്‍ രംഗത്തുള്ളത് പി സി ജോര്‍ജ് ആണെങ്കിലും ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ചീഫ്വിപ്പ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.


പങ്കാളിത്ത പെന്‍ഷന്‍ അനുവദിക്കില്ല

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും പദ്ധതി നടപ്പാക്കിയിട്ടില്ല. ബദല്‍നയം ഉയര്‍ത്തിപ്പിടിച്ചതിന്റെ ഭാഗമായാണ് ഈ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കാത്തത്. സാര്‍വദേശീയമായിത്തന്നെ പരാജയപ്പെട്ട പദ്ധതിയാണിത്. മറ്റു സംസ്ഥാനങ്ങളിലും ഈ പദ്ധതികൊണ്ട് ജീവനക്കാര്‍ക്ക് ഗുണമുണ്ടായിട്ടില്ല. മാത്രമല്ല, പെന്‍ഷന്‍ഫണ്ട് ഉപയോഗിച്ചുള്ള വെട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജീവനക്കാരെ വെല്ലുവിളിച്ചും പദ്ധതി നടപ്പാക്കുമെന്ന അധികാരഗര്‍വാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 150812

1 comment:

  1. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കുമെന്ന 2010-11ലെ ബജറ്റ് നിര്‍ദേശത്തിന്റെ തുടര്‍ച്ചയാണ് പങ്കാളിത്ത പെന്‍ഷന്‍ തീരുമാനമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയില്‍ പൊളിഞ്ഞ വാദമാണ് മുഖ്യമന്ത്രി ആഗസ്ത് 15ലെ ലേഖനംവഴി പ്രചരിപ്പിക്കുന്നത്. നുണലേഖനം അദ്ദേഹം പിന്‍വലിക്കണം. സ്വാതന്ത്ര്യദിനം നുണപ്രചാരണത്തിന് ഉപയോഗിക്കരുത്-അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete