സിപിഐ എം നേതാവിന്റെ വീട് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
ചാരുംമൂട്: സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയംഗം എന്‍ രാമകൃഷ്ണന്റെ വീട് കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് വള്ളികുന്നത്ത് രാമകൃഷ്ണന്‍ നായരുടെ വീടായ ബീനാലയം ആക്രമിച്ചത്. കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമിസംഘം ഓടിമറഞ്ഞു. പഞ്ചായത്ത് ജീവനക്കാരനായ വള്ളികുന്നം ദിനേശ്ഭവനത്തില്‍ ദിനേശ്, സിപിഐ എം അംഗവും റിട്ട. അധ്യാപകനുമായ വള്ളികുന്നം ചൈതന്യയില്‍ ശങ്കരപിള്ള, ഡിവൈഎഫ്ഐ ചാരുംമൂട് മേഖലാകമ്മിറ്റിയംഗം വേടരപ്ലാവ് മുളയ്ക്കലയ്യത്ത് ജി അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലും ആക്രമണമുണ്ടായി. ഈ വീടുകളുടെയും ജനാലച്ചില്ലകള്‍ തകര്‍ത്തു. ചാരുംമൂട് മേഖലയില്‍ വ്യാഴാഴ്ച ആസൂത്രിതമായ അക്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് പാര്‍ടി നടത്തിയ പ്രകടനത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് കല്ലെറിഞ്ഞാണ് പ്രകോപനം സൃഷ്ടിച്ചത്. തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ രാഘവനുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ചുനക്കരചന്ത, കോമല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സിപിഐ എം, ഡിവൈഎഫ്ഐ പ്രചാരണബോര്‍ഡുകളും കൊടിതോരണങ്ങളും കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു.
പൊലീസ് മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ, അര്‍ധരാത്രിയില്‍ പൊലീസ് വീട്ടില്‍ നിന്നും പിടിച്ചിറക്കി മൃഗീയമായി മര്‍ദിച്ചു. സനാതനം വാര്‍ഡില്‍ ദാറുല്‍ സെബില്‍ ഷിഹാബുദീന്റെ മകന്‍ ഫൈസലാണ് (28)പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. പൊലീസ് ജീപ്പിലും ലോക്കപ്പിലും ക്രൂരമര്‍ദനത്തിനിരയായ യുവാവിന് ഇപ്പോഴും അര്‍ധബോധാവസ്ഥയിലാണ്. നില ഗുരുതരമായതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സൗത്ത് എസ്ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫൈസലിനെ ക്രൂരമായി മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ ഫൈസലിന്റെ വീട്ടില്‍ എത്തിയ പൊലീസ് ബാപ്പയെയും സഹോദരനെയും ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റിയ ശേഷം ഫൈസല്‍ രാത്രിയില്‍ കിടക്കാറുള്ള സഹോദരിയുടെ വീട് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ വീട് കാണിച്ചുകൊടുത്തപ്പോള്‍ പൊലീസ് മതില്‍ചാടിക്കടന്ന് വീട് തുറപ്പിച്ച് ഫൈസലിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടുകാരുടെ മുന്നിലിട്ടും മര്‍ദിച്ചതായി ഫൈസലിനെ ബന്ധുക്കള്‍ പറഞ്ഞു.
ഫ്രീഡം റാലിയുടെ പ്രചാരണ സാമഗ്രികള്‍ ആര്‍എസ്എസുകാര്‍ നശിപ്പിച്ചു
തിരുവല്ല: ആര്‍എസ്എസുകാര്‍ തിരുവല്ലയില്‍ ഡിവൈഎഫ്ഐ ഫ്രീഡം റാലിയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ച ബാനറുകള്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണ് ദണ്ഡും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം തിരുവല്ല ടൗണില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ തകര്‍ത്തത്. കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജില്‍ ആര്‍എസ്എസ് - എബിവിപി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഡിവൈഎഫ്ഐയുടെ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചത്. മാര്‍ത്തോമ്മ കേളേജ് ക്യാമ്പസില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ശാഖ തുടങ്ങാനുള്ള നീക്കം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെറുത്തു. തുടര്‍ന്ന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എബിവിപിക്കാര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തി. എസ്എഫ്ഐയുടെ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ ഇവര്‍ അടിച്ചുതകര്‍ത്തു. ആര്‍എസ്എസുകാരുടെ പേരില്‍ തിരുവല്ല പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച സിപിഐ എം പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചവശനാക്കി
അഞ്ചാലുംമൂട്: സിപിഐ എം ഏരിയകമ്മിറ്റി ഓഫീസ് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച സിപിഐ എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൈശാചികമായി മര്‍ദിച്ചവശനാക്കി. സിപിഐ എം പള്ളിവേട്ടച്ചിറ ബ്രാഞ്ച് അംഗം രവീന്ദ്രന്‍പിള്ളയെയാണ് ശനിയാഴ്ച രാവിലെ കടവൂര്‍ ജങ്ഷനു സമീപത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലം വെസ്റ്റ് സ്റ്റേഷനില്‍ കൊണ്ടുപോയ രവീന്ദ്രനെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം പ്രത്യേകം നിയോഗിച്ച പൊലീസുകാരാണ് ഭീകരമായി മര്‍ദിച്ചത്. അവശനായ രവീന്ദ്രനെ ആശുപത്രിയില്‍പോലും പ്രവേശിപ്പാക്കാതെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സിപിഐ എം പഞ്ചായത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ എത്തിയ ലോറിക്കാരോട് വിവരം അറിയിക്കുന്നതിനിടയിലാണ് അതുവഴിവന്ന പൊലീസ് രവിയെ കസ്റ്റഡിയില്‍ എടുത്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് പ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും വാഹനം തടഞ്ഞുവെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനത്തിനുശേഷം നിരവധി കള്ളക്കേസുകളും രവിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ഭീകരമായി തല്ലിച്ചതയ്ക്കുന്ന പൊലീസ് നടപടിയില്‍ സിപിഐ എം തൃക്കടവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജോണ്‍ ഫിലിപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊടിമരം മറിച്ചത് ലോറിയില്‍ കെട്ടിവലിച്ച്
അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടില്‍ സ്ഥാപിച്ചിരുന്ന സിപിഐ എം കൊടിമരം കോണ്‍ഗ്രസ് അക്രമികള്‍ നശിപ്പിച്ചത് ലോറിയില്‍ ഘടിപ്പിച്ച വടം കൊടിമരത്തില്‍ കെട്ടിവലിച്ച്. കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച കൊടിമരം മറിക്കാന്‍ പല തവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഈ സമയം തടിയും കയറ്റിവന്ന ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയശേഷം തടികെട്ടിവരിഞ്ഞിരുന്ന വടത്തിന്റെ ഒരറ്റം കൊടിമരത്തില്‍ എറിഞ്ഞു കുരുക്കിയശേഷം ലോറി മുന്നോട്ടെടുത്താണ് കൊടിമരം മറിച്ചിട്ടത്. തുടര്‍ന്ന് പതാക കത്തിച്ച് ആഘോഷിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാരുടെ എല്ലാ അതിക്രമങ്ങള്‍ക്കും സംരക്ഷണം നല്‍കി വന്‍പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. സികെപി ജങ്ഷനിലെ പാര്‍ടി ഓഫീസില്‍ ഒത്തുചേര്‍ന്ന സിപിഐ എം പ്രവര്‍ത്തകര്‍ അഞ്ചാലുംമൂട്ടിലേക്ക് പോകാതിരിക്കാന്‍ വലിയൊരുസംഘം പൊലീസുകാര്‍ പാര്‍ടി ഓഫീസിനു മുന്നിലും തമ്പടിച്ചു. ഈ പൊലീസുകാരുടെ സാന്നിധ്യത്തില്‍ പാര്‍ടി ഓഫീസ് ആക്രമിച്ച ശേഷമായിരുന്നു അക്രമികള്‍ അഞ്ചാലുംമൂട്ടിലേക്ക് നീങ്ങിയത്. ഡിസിസി എക്സിക്യൂട്ടിവ് അംഗം സൂരജ് രവി, അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് നാണപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുമായി ഗൂഢാലോചന നടത്തിയശേഷമായിരുന്നു അക്രമപരമ്പര സംഘടിപ്പിച്ചത്.
പാര്‍ടി ഓഫീസ് ആക്രമണം: അഞ്ചാലുംമൂട്ടില്‍ പ്രതിഷേധം ഇരമ്പി
അഞ്ചാലുംമൂട്: സിപിഐ എം അഞ്ചാലുംമൂട് ഏരിയകമ്മിറ്റി ഓഫീസ് കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധം ഇരമ്പി. അക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കടവൂര്‍, തൃക്കരുവ, പനയം പഞ്ചായത്തുകളില്‍ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും ഒഴിച്ച് മറ്റ് വാഹനങ്ങള്‍ ഒന്നും ഓടിയില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ ദൂരെനിന്നെത്തിയ വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചു. അധികാരഭ്രാന്തിന്റെ മത്തില്‍ കോണ്‍ഗ്രസുകാര്‍ കാട്ടിയ പേക്കൂത്തില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധം എങ്ങും കാണാമായിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു രാവിലെ തന്നെ പൊലീസ് യുദ്ധസന്നാഹത്തോടെയാണ് തയ്യാറായിനിന്നത്. ഒറ്റതിരിഞ്ഞ് പാര്‍ടി ഓഫീസിലേക്കുവന്ന പ്രവര്‍ത്തകരെ പല സ്ഥലത്തും പൊലീസ് വിരട്ടിയോടിച്ചു. കടവൂര്‍ ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന പള്ളിവേട്ടച്ചിറ ബ്രാഞ്ച്അംഗം രവീന്ദ്രന്‍പിള്ളയെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. കള്ളക്കേസുകളില്‍പെടുത്തി. ചില പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍പെടുത്തി ജയിലിലാക്കുമെന്നായിരുന്നു എസ്ഐയുടെ ഭീഷണി. പൊലീസിന്റെ ഭീഷണി വകവയ്ക്കാതെ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് സികെപിയില്‍നിന്നു തുടങ്ങിയ പ്രകടനം അഞ്ചാലുംമൂട്ടില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ബി രാഘവന്‍ ഉദ്ഘാടനംചെയ്തു. ഏരിയസെക്രട്ടറി വി കെ അനിരുദ്ധന്‍ സംസാരിച്ചു.
ടൗണ്‍ സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദനം
കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് ടൗണ്‍ സ് സ്റ്റേഷനില്‍ മര്‍ദിച്ചതായി പരാതി. പയ്യാമ്പലത്തെ കാറ്ററിങ് തൊഴിലാളി ശബീറലിയെയാണ് വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാത്രി എട്ടിന് കോടതിയില്‍ ഹാജരാക്കുന്നതുവരെ ഭീകരമായി മര്‍ദിച്ചത്. കണ്ണോത്തുംചാലില്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപമുളള ഗോള്‍ഡന്‍ നോക്കിലെ കാറ്ററിങ് സര്‍വീസിന്റെ മുറിയില്‍ നോമ്പ് എടുത്തു വിശ്രമിക്കുന്നതിനിടയിലാണ് ടൗണ്‍ എസ്ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചശേഷം എസ്ഐ സനല്‍കുമാര്‍, സിവില്‍ ഓഫീസര്‍മാരായ ഗീരിശന്‍, റമീസ് പിസണ്‍, ശ്രീശന്‍ തുടങ്ങി അഞ്ചുപേര്‍ ചേര്‍ന്ന് കുനിച്ചുനിര്‍ത്തി മുതുകില്‍ ഇടിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ പൊലീസുകാര്‍ പലതവണകളിലായി ഇടി തുടര്‍ന്നു. രാത്രി എട്ടോടെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചുവെങ്കിലും മതിയായ രേഖയില്ലാത്തതിനാല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ പോയി രേഖകള്‍ തട്ടിക്കൂട്ടുകയായിരുന്നു. പൊലീസിന്റെ അതിക്രമത്തെ കുറിച്ചു മജിസ്ട്രേറ്റിനോട് പരാതി പറയാതിരിക്കുന്നതിനാണ് 24 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച് ശരീരികമായി പീഡിപ്പിച്ചശേഷം രാത്രികാലങ്ങളില്‍ ഹാജരാക്കുന്നത്. അടുത്ത ദിവസങ്ങളിലായി പിടികൂടിയ സിപിഐ എം പ്രവര്‍ത്തകരോടെല്ലാം ഈ രീതിയിലാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ സനല്‍കുമാര്‍ പെരുമാറുന്നത്. പൊലീസുകാരന്റെ കൈ അടിച്ചുപൊട്ടിച്ചു തുടങ്ങിയ ആറുകേസുകളാണ് ശബീറലിയുടെ പേരില്‍ ചുമത്തിയത്.
പ്രകടനം നടത്തിയതിന് ബത്തേരിയില്‍ സിപിഐ എം നേതാക്കളെ ജയിലിലടച്ചു
ബത്തേരി: ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ കള്ളക്കേസ് എടുത്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് പ്രകടനംനടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി കെ സഹദേവന്‍, സിപിഐ എം ബത്തേരി ഏരിയാസെക്രട്ടറി കെ ശശാങ്കന്‍, നൂല്‍പ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മനോജ് അമ്പാടി, ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗം എ കെ ജിതൂഷ്, ദേശാഭിമാനി ലേഖകന്‍ പി മോഹനന്‍ എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍പോയ ദേശാഭിമാനി ലേഖകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കള്ളക്കേസ് എടുത്ത് ജയിലിലടച്ചത്. നേതാക്കളെ കള്ളക്കേസില്‍കുടുക്കി ജയിലിടച്ചതില്‍ സിപിഐ എം ബത്തേരി ഏരിയ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നവരെ ജയിയലിലടയ്ക്കുന്ന അടിയന്തിരാവസ്ഥ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത്. കേസ് എടുത്ത് സിപിഐ എമ്മിനെ തകര്‍ക്കാനാവില്ല. നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പക്കും. ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്താന്‍ ഏരിയാകമ്മിറ്റി ആഹ്വാനം ചെയ്തു. സി ഭാസ്കരന്‍, വി വി ബേബി, സുരേഷ് താളൂര്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 050812
കോലീബി-പോലീസ് ആക്രമണങ്ങള്‍
ReplyDelete