Sunday, August 5, 2012

ജോര്‍ജിനെ സമൂഹം ഒറ്റപ്പെടുത്തണം: പ്രതാപന്‍


ജാതിവിളിക്കെതിരെ അവകാശലംഘന നോട്ടീസ്

ടി എന്‍ പ്രതാപന്‍ എംഎല്‍എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ്. സിപിഐ നിയമസഭാകക്ഷി സെക്രട്ടറി വി എസ് സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. ചീഫ് വിപ്പിന്റെ പ്രസ്താവന നിയമസഭാംഗങ്ങള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും നിയമവിധേയമായും ഏതു മേഖലയിലും പ്രവര്‍ത്തിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ധീവരനായ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ചാല്‍ മതിയെന്നാണ് പ്രസ്താവനയിലൂടെ ജോര്‍ജ് പരസ്യമായി അധിക്ഷേപിച്ചത്. ഇത് സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ജോര്‍ജിനെ സമൂഹം ഒറ്റപ്പെടുത്തണം: പ്രതാപന്‍

തൃശൂര്‍: പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ യുഡിഎഫും മുഖ്യമന്ത്രിയും തയ്യാറായില്ലെങ്കില്‍ സമൂഹം ഒറ്റപ്പെടുത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ഗവ. ചീഫ് വിപ്പിന് ആരെയും അവഹേളിക്കാനും എന്തും വിളിച്ചുപറയാനുമുള്ള ലൈസന്‍സ് നല്‍കുന്നത് യുഡിഎഫിന് അപമാനമാണ്. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആവശ്യമായത് ചെയ്യുമെന്നാണ് വിശ്വാസം. എ കെ ആന്റണി നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചതുകൊണ്ടുമാത്രമാണ് കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നും പ്രതാപന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

"ജോര്‍ജിനെ ഇനിയും കയറൂരിവിടുന്നത് നാടിന് അപമാനമാണ്. എ കെ ജി സെന്ററിന് സ്ഥലം പതിച്ചുനല്‍കിയെന്നു പറഞ്ഞ് ആദ്യം എ കെ ആന്റണിയെ അധിക്ഷേപിച്ചു. പിന്നീട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സുകുമാര്‍ അഴീക്കോട് എന്നിവരേയും ആക്ഷേപിച്ചു. മുന്‍ മന്ത്രി എ കെ ബാലനെ ജാതിപറഞ്ഞ് അവഹേളിച്ചു. തുടര്‍ന്ന് മന്ത്രിമാരായ ഗണേശ്കുമാര്‍, ഷിബു ബേബിജോണ്‍. ഈ ഗണത്തിലെ ഒടുവിലത്തെ ഇരയാണ് താന്‍. എന്തിനേറെ, തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഹനീഫയെ പ്പോലും ഇദ്ദേഹം വെറുതെവിട്ടില്ല. ഈ പോക്ക് എങ്ങോട്ടാണെന്ന് പ്രബുദ്ധരായ ജനം ചിന്തിക്കണം.-പ്രതാപന്‍ തുടര്‍ന്നു.

പൊതുജീവിതത്തില്‍ ഏറെ വേദനതോന്നിയ അനുഭവമാണിത്. എന്റെ അവസ്ഥ മനസ്സിലാക്കി എ കെ ആന്റണി നേരിട്ട് വിളിച്ച് ധൈര്യം പകര്‍ന്നു. രമേശ് ചെന്നിത്തലയും വിളിച്ചു. പി സി ജോര്‍ജ് ചെയ്തത് തെറ്റാണെനും ഇക്കാര്യത്തില്‍ കെപിസിസി ശക്തമായി ഇടപെടുമെന്നും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചില്ല. അദ്ദേഹം വിവരം അറിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ വലിയ വേദന തോന്നി. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ തോട്ടങ്ങളും റവന്യൂ-ഫോറസ്റ്റ് ഭൂമിയും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കണം. കോടതികളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് തോറ്റുകൊടുക്കുന്ന രീതി അവസാനിപ്പിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കണം. അനധികൃതമായി നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും പൂര്‍വസ്ഥിതിയിലാക്കണം. ഹരിതരാഷ്ട്രീയം എന്നാണ് തങ്ങള്‍ ഇതിനെ വിളിക്കുന്നത്. ഇതിനെതിരെ മഴുവോങ്ങി നില്‍ക്കുന്ന പി സി ജോര്‍ജുമാരെ നിയന്ത്രിക്കണം. താന്‍ പറയുന്നതിനോട് യോജിക്കുന്നവരില്‍ വി ഡി സതീശനും ഹൈബി ഈഡനും വി ടി ബാലറാമും മാത്രമല്ല, മറ്റു നിരവധി എംഎല്‍എമാരും ഉണ്ടെന്ന് ടി എന്‍ പ്രതാപന്‍ അവകാശപ്പെട്ടു.

ചീഫ് വിപ്പ് മാഫിയകളുടെ വക്താവായി: ബിനോയ് വിശ്വം

കൊച്ചി: നെല്ലിയാമ്പതി വനഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ മാഫിയകളുടെ വക്താവായി രംഗത്തെത്തിയിരിക്കുകയാണെന്ന് മുന്‍ വനംമന്ത്രി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനം മന്ത്രിക്കെതിരെയുള്ള ചീഫ്വിപ്പിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മിണ്ടുന്നില്ല. മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കളുടെകൂടെ വേട്ടയാടുകയുംചെയ്യുന്ന തന്ത്രമാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

35000 ഏക്കര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച കേസ് എട്ടിന് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരികയാണ്. കൈയേറ്റക്കാര്‍ വന്‍ പ്രതിഫലം നല്‍കി പുറത്തുനിന്ന് മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തുമ്പോള്‍ സര്‍ക്കാരും മികച്ച അഭിഭാഷകരെ കൊണ്ടുവരണം. എന്നാല്‍, വനംമന്ത്രിയുടെ ഈ ആവശ്യം തള്ളി എജിയുടെ ഓഫീസിനെത്തന്നെ കേസ്}നടത്തിപ്പ് ഏല്‍പ്പിക്കാനാണ് നീക്കം. റവന്യൂ-വനംവകുപ്പുകളുടെ കേസുകളില്‍ ഒത്തുകളിച്ച ചരിത്രം എജിയുടെ ഓഫീസിനുണ്ട്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസുകളില്‍ തോട്ടമുടമകള്‍ക്കായി എജിയുടെ ഓഫീസില്‍നിന്നുള്ളവര്‍ മുന്‍കാലങ്ങളില്‍ ഹാജരായിട്ടുണ്ടെന്നതും പരിഗണിക്കണം. ഇഎഫ്എല്‍ കേസുകള്‍ ശരിയായരീതിയില്‍ നടത്തുന്ന കാര്യം മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടമുടമകള്‍ക്ക് അഞ്ചുശതമാനം ഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവാദം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഭൂപരിഷ്ക്കരണ നിയമത്തിന്റെ ചങ്കും കരളും പറിച്ചുമാറ്റുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 050812

2 comments:

  1. പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ യുഡിഎഫും മുഖ്യമന്ത്രിയും തയ്യാറായില്ലെങ്കില്‍ സമൂഹം ഒറ്റപ്പെടുത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ഗവ. ചീഫ് വിപ്പിന് ആരെയും അവഹേളിക്കാനും എന്തും വിളിച്ചുപറയാനുമുള്ള ലൈസന്‍സ് നല്‍കുന്നത് യുഡിഎഫിന് അപമാനമാണ്. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആവശ്യമായത് ചെയ്യുമെന്നാണ് വിശ്വാസം. എ കെ ആന്റണി നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചതുകൊണ്ടുമാത്രമാണ് കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നും പ്രതാപന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

    ReplyDelete
  2. ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് അഖില കേരള ധീവരസഭ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നാലിന് വൈക്കത്ത് പ്രകടനം നടത്തും. കേരളം കണ്ട ഏറ്റവും സംസ്കാരശൂന്യനായ പൊതുപ്രവര്‍ത്തകനായി പി സി ജോര്‍ജ് മാറിയെന്നും കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണിയും യുഡിഎഫ് നേതൃത്വവും പി സി ജോര്‍ജിനെ നിലയ്ക്ക്നിര്‍ത്തിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫും കനത്തവില നല്‍കേണ്ടിവരും. യോഗത്തില്‍ പ്രസിഡന്റ് കെ വി മനോഹരന്‍ അധ്യക്ഷനായി. സെക്രട്ടറി എം ജെ രാജു, ശിവദാസ് നാരായണന്‍, എ ദാമോദരന്‍, ആര്‍ സുരേഷ്, ടി കെ വാസുദേവന്‍, ഭൈമി വിജയന്‍, രജനി സതീശന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete