Thursday, August 9, 2012

ഭക്ഷ്യസുരക്ഷയ്ക്ക് പണമില്ല; സൗജന്യമായി മൊബൈല്‍ നല്‍കാന്‍ പദ്ധതി വരുന്നു


ഖജനാവില്‍ പണമില്ലെന്ന ന്യായം പറഞ്ഞ് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാന്‍ മടിക്കുന്ന യുപിഎ സര്‍ക്കാര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണംചെയ്യാനൊരുങ്ങുന്നു. സൗജന്യമായി മൊബൈല്‍ ഫോണും 200 മിനിറ്റ് ടോക് ടൈമും നല്‍കി ദരിദ്രജനകോടികളെ ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. "ഹര്‍ ഹാഥ് മേ ഫോണ്‍" എന്ന പേരിലുള്ള പദ്ധതി ആഗസ്ത് 15ന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ നിരന്തരസമ്മര്‍ദത്തെതുടര്‍ന്ന് നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ കോണ്‍ഗ്രസിനെ തുണച്ചത് കണക്കിലെടുത്താണ് പുതിയ പദ്ധതി തട്ടിക്കൂട്ടുന്നത്. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുംവിധം ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കണമെന്ന് ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. വലിയ വിഭാഗത്തെ ഭക്ഷ്യസുരക്ഷയില്‍നിന്ന് ഒഴിവാക്കുന്നതാണ് കരട് ബില്‍. ആസൂത്രണ കമീഷന്‍ പടച്ചുണ്ടാക്കിയ കണക്ക് ഉപയോഗിച്ചാണ് ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നത്. അതേസമയം നിര്‍ദിഷ്ട മൊബൈല്‍ പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത് ആസൂത്രണ കമീഷനാണ്. സര്‍ക്കാര്‍ അനുകൂല സന്ദേശങ്ങളും പദ്ധതി വിവരങ്ങളും സൗജന്യ ഫോണില്‍ നല്‍കി സര്‍ക്കാരിനെക്കുറിച്ച് ജനങ്ങളില്‍ "മതിപ്പുണ്ടാക്കാനും" ശ്രമമുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഓരോ ഫോണ്‍ വിതരണംചെയ്യുന്ന പദ്ധതിക്ക് 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെലികോം മന്ത്രാലയത്തിന്റെ സാര്‍വത്രിക സേവനബാധ്യത ഫണ്ടും ടെലിഫോണ്‍ സേവനത്തിന് കരാര്‍ ലഭിക്കുന്ന കമ്പനിയും പദ്ധതിക്ക് മുതല്‍മുടക്കും.

deshabhimani 090812

1 comment:

  1. ഖജനാവില്‍ പണമില്ലെന്ന ന്യായം പറഞ്ഞ് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാന്‍ മടിക്കുന്ന യുപിഎ സര്‍ക്കാര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണംചെയ്യാനൊരുങ്ങുന്നു. സൗജന്യമായി മൊബൈല്‍ ഫോണും 200 മിനിറ്റ് ടോക് ടൈമും നല്‍കി ദരിദ്രജനകോടികളെ ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. "ഹര്‍ ഹാഥ് മേ ഫോണ്‍" എന്ന പേരിലുള്ള പദ്ധതി ആഗസ്ത് 15ന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

    ReplyDelete