Wednesday, August 15, 2012

സിപിഐ മറക്കുന്നത് ചരിത്രം


രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള സാഹോദര്യത്തിന് സിപിഐ സംസ്ഥാനനേതൃത്വം പോറലേല്‍പ്പിക്കുന്നു. ഒരു ദശകത്തോളം സിപിഐ അകപ്പെട്ടിരുന്ന "മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി" രാഷ്ട്രീയത്തിന് അവസാനംകുറിച്ച് സിപിഐ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ എത്തിയതും ഇരു പാര്‍ടിയുടെയും പ്രവര്‍ത്തകര്‍ ഐക്യത്തിലായതും ബോധപൂര്‍വമായ വര്‍ഗ- സംഘടന- സമരപ്രവര്‍ത്തനങ്ങളിലൂടെയാണ്. എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ഇ ബാലറാം, പി കെ വാസുദേവന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കള്‍ അതിനായി തെളിച്ച പാതയെ വിസ്മരിക്കുന്ന സമീപനമാണ് സിപിഐ എമ്മിനോട് കേരളത്തിലെ സിപിഐയിലെ ഇന്നത്തെ ഒരുവിഭാഗം നേതാക്കള്‍ കാട്ടുന്നത്. ആ തെറ്റുതിരുത്തി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത് വിസ്മരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മറ്റും. ഈ സമീപനം സ്വീകരിച്ചശേഷം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധസമരത്തിന് ശക്തികൂട്ടേണ്ട അവസരത്തില്‍ തര്‍ക്കം ഉന്നയിക്കുന്നത് നന്നല്ലെന്ന പന്ന്യന്റെ അഭിപ്രായം ഇരട്ടത്താപ്പാണ്.

വാക്കും പ്രവൃത്തിയും ഒന്നാണോയെന്ന ആത്മാര്‍ഥമായ ആത്മപരിശോധന സിപിഐ നേതൃത്വം നടത്തിയാല്‍ തെറ്റില്‍നിന്ന് മോചിതമാകും. എല്‍ഡിഎഫിലെ ഏറ്റവും ജനസ്വാധീനമുള്ള പാര്‍ടിയായ സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍, രണ്ട് കൊലക്കേസുകള്‍ മറയാക്കി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന സമീപനം സിപിഐ സ്വീകരിച്ചു എന്നതാണ് പ്രധാനപ്രശ്നം. കള്ളക്കേസും നേതാക്കളുടെ അറസ്റ്റും പൗരസ്വാതന്ത്ര്യലംഘനമാണ്. അതിനെതിരെ സമരം വളരുമ്പോള്‍ ജനവിരുദ്ധത മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം അനിവാര്യമാകും. ഇതിനെ തടയുന്ന വര്‍ഗവഞ്ചനയാണ് സിപിഐ കാട്ടിയത്. അതിനാലാണ് കള്ളക്കേസിന്റെ മറവിലെ ഭരണനടപടികളിലും ഗുണ്ടാ ആക്രമണങ്ങളിലും പി ജയരാജന്റെ അറസ്റ്റിലും പ്രതിഷേധിച്ച ജനവികാരത്തില്‍ സിപിഐ പങ്കുചേരാതിരുന്നത്.

കരുണാകരന്റെ ഭരണകാലത്ത് അടക്കം പൊലീസ് നടപടികളിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐ ഉള്‍പ്പെടുന്ന എല്‍ഡിഎഫ്, സംസ്ഥാന ബന്ദ് ഉള്‍പ്പെടെ പലവട്ടം നടത്തിയിട്ടുണ്ട്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബന്ദ് നടന്നപ്പോള്‍ കുടപ്പനക്കുന്നില്‍ രക്തസാക്ഷിയായത് സിപിഐയുടെ ഉശിരന്‍ നേതാവ് ജയപ്രകാശ് ആണ്. അന്ന് പൊലീസിന്റെ കമ്യൂണിസ്റ്റ് വേട്ടയ്ക്കെതിരെ തീപാറുന്ന പ്രസംഗം നടത്തിയത് വെളിയം ഭാര്‍ഗവനാണ്. ഈ കാലത്തും അതിന് മുമ്പും ശേഷവും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹിന്ദുവര്‍ഗീയ ഫാസിസത്തിന് എതിരെ സിപിഐ എം രംഗത്ത് വന്നപ്പോള്‍, അനേകം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ചെറുത്തുനില്‍പ്പില്‍ അനേകം ആര്‍എസ്എസുകാരും കൊല്ലപ്പെട്ടു.

പക്ഷേ, അന്നൊന്നും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ആര്‍എസ്എസും സിപിഐ എമ്മിനെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങളെ ശക്തിപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന വര്‍ഗവഞ്ചന സിപിഐ നേതൃത്വം സ്വീകരിച്ചിട്ടില്ല. നായനാര്‍ ഭരിക്കുമ്പോള്‍ മനുഷ്യനും തെങ്ങിനും വിലയില്ലെന്ന് സി എച്ച് മുഹമ്മദ്കോയ പ്രസംഗിച്ചപ്പോള്‍ അതിന് ചുട്ടമറുപടി നല്‍കിയത് പി കെ വിയാണ്. സ്വന്തം ചങ്ങാതികക്ഷിയെ മാന്തി രാഷ്ട്രീയ എതിരാളികളെ സുഖിപ്പിച്ച് സ്വന്തം പാര്‍ടിക്ക് രാഷ്ട്രീയവ്യക്തിത്വം ഉണ്ടാക്കാമെന്ന തലതിരിഞ്ഞ അപക്വരാഷ്ട്രീയം അന്നത്തെ സിപിഐ രാഷ്ട്രീയനേതൃത്വത്തിന് ഇല്ലായിരുന്നു. യുഡിഎഫ് ഭരണത്തിന്റെ തിന്മകള്‍ക്കെതിരായ ജനകീയപ്രക്ഷോഭത്തിന്റെ ആണിക്കല്ലാണ് പൗരാവകാശം സംരക്ഷിക്കാനുള്ള പോരാട്ടവും. അത് മറക്കുന്നത് ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരായ വിപുലമായ പോരാട്ടത്തെ ക്ഷീണിപ്പിക്കല്‍ തന്നെയാണ്.
(ആര്‍ എസ് ബാബു)

കാനം ഇടതുപക്ഷ ഐക്യം തകര്‍ക്കുന്നവരുടെ കോടാലിക്കൈയാവരുത്-സിപിഐ എം

സിപിഐ എമ്മിന്റെ അനശ്വരരായ രക്തസാക്ഷികളെക്കുറിച്ച് അവജ്ഞയോടെ പ്രസംഗിച്ച കാനം രാജേന്ദ്രന്‍ ഇടതുപക്ഷമുന്നേറ്റത്തെ തകര്‍ക്കാനുള്ള വലതുപക്ഷ ഗൂഢാലോചനക്കാരുടെ കോടാലിക്കൈയാകരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അന്തിക്കാട്ടെ ചരിത്രം സസൂക്ഷ്മം പരിശോധിക്കാന്‍ തയ്യാറാകാത്തതാണ് അനശ്വര രക്തസാക്ഷി സി കെ സുബ്രഹ്മണ്യനെക്കുറിച്ചുള്ള അജ്ഞതയ്ക്കു കാരണം. ഐതിഹാസിക സമരഭൂമിയായ അന്തിക്കാട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ എമ്മിലേക്കുണ്ടായ പ്രവര്‍ത്തകരുടെ കുത്തൊഴുക്കില്‍ വിറളിപൂണ്ട സിപിഐക്കാര്‍ നടത്തിയ അറുകൊലയായിരുന്നു സുബ്രഹ്മണ്യേന്റേത്. "70ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍നിന്ന് സിപിഐ-കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തിലുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി സ്ഥാനാര്‍ഥി എന്‍ ഐ ദേവസിക്കുട്ടി വിജയിച്ചു. ഇതോടെ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വലിയ കടന്നാക്രമണമുണ്ടായി. സിപിഐ പ്രവര്‍ത്തകനായിരുന്ന പൂക്കാട്ട് സുബ്രഹ്മണ്യനും വലിയൊരു വിഭാഗം പ്രവര്‍ത്തകരും ആ പാര്‍ടി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സിപിഐയുടെ അവസരവാദം തിരിച്ചറിഞ്ഞ അന്തിക്കാട്ടെ ഉജ്വല പോരാളികള്‍ കുടുംബത്തോടെ സിപിഐ വിടുന്ന സ്ഥിതിയുണ്ടായി. ഇതിനു തടയിടാന്‍ പൂക്കാട്ട് സുബ്രഹ്മണ്യനെ പൊതുജനമധ്യത്തില്‍ കൊലപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചത്.

ഇതിന്റെ മുന്നൊരുക്കമായി നിരന്തരസംഘര്‍ഷം സൃഷ്ടിക്കപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു മര്‍ദിക്കല്‍ നിത്യസംഭവമായി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ-കോണ്‍ഗ്രസ് സഖ്യം 1970 ഒക്ടോബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് അന്തിക്കാട് എന്‍ ഐ ദേവസിക്കുട്ടി പങ്കെടുത്ത പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഈ സമയം ഹൈസ്കൂള്‍ പരിസരത്ത് പണ്ടാരന്‍ ശ്രീധരന്‍ എന്ന സിപിഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു നിന്ന അക്രമികള്‍ പൂക്കാട്ട് സുബ്രഹ്മണ്യനെയും ഒപ്പമുണ്ടായിരുന്ന അന്തിക്കാട് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ശങ്കരന്‍കണ്ടത്ത് സുബ്രഹ്മണ്യനെയും ആക്രമിച്ചു. മാരകായുധങ്ങളുമായി ചാടിവീണ സംഘത്തിന്റെ കുത്തേറ്റ പൂക്കാട്ട് സുബ്രഹ്മണ്യന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ശങ്കരന്‍കണ്ടത്ത് സുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. ഒമ്പതുകുത്തേറ്റ് വയര്‍ പിളര്‍ന്ന് കുടല്‍ പുറത്തുചാടി 150 മീറ്ററോളം ഓടി മെയിന്‍ റോഡില്‍ എത്തി കല്ലട്ടിയില്‍ പിടഞ്ഞുവീഴുകയായിരുന്നു സുബ്രഹ്മണ്യന്‍. തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍, നിരാലംബനായ സ്കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് കാനം രാജേന്ദ്രനും സുഹൃത്തുക്കളും ആത്മപരിശോധന നടത്തണം.

ഇപ്പോഴും ആര്‍ക്കും വിവരമില്ലാത്തതെന്നും നാട്ടുകാര്‍പോലും കേട്ടിട്ടില്ലാത്തതെന്നും പ്രഘോഷിച്ച രാജേന്ദ്രന്‍ അന്തിക്കാട്ടെ പഴയകാലപ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച് ആരായുന്നത് നന്നായിരിക്കും. കര്‍ഷകത്തൊഴിലാളികളായ ശങ്കരന്‍കണ്ടത്ത് കോരന്റെയും കാളിക്കുട്ടിയുടെയും മൂത്തമകന്‍ സുബ്രഹ്മണ്യനെ മറക്കേണ്ടത് കാനത്തിനും കൂട്ടര്‍ക്കും അത്യന്താപേക്ഷിതമാണ്. ഈ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ സിപിഐ പ്രവര്‍ത്തകന്‍ പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചുവെന്നതും ചരിത്രമാണ്-എ സി മൊയ്തീന്‍ പറഞ്ഞു.

സിപിഐ നിലപാട് മുന്നണിക്ക് ദോഷം: വൈക്കം വിശ്വന്‍

പ്രതിപക്ഷത്തെ മുഖ്യ പാര്‍ടിയായ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഘടകകക്ഷികള്‍ രംഗത്തിറങ്ങുമ്പോള്‍ ഒരു പാര്‍ടിമാത്രം മാറിനില്‍ക്കുന്നത് മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ വ്യത്യസ്ത കക്ഷികള്‍ ഉള്ളതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തര്‍ക്കങ്ങള്‍ ഇപ്പോള്‍ മാത്രമല്ല മുമ്പും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രധാനകക്ഷിയാണ് സിപിഐ എം. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. 1972ല്‍ തന്നെ ചിലര്‍ ആക്രമിച്ച് മൃതപ്രായനാക്കിയിട്ട് പോയതായിരുന്നല്ലോ. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയുന്നവര്‍ ഇതോര്‍ക്കണം. സിപിഐ എമ്മിനെ കൊലയാളി പാര്‍ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തെതന്നെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനാണ്. ഇതിനുമുമ്പും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംഘടിതമായ ആക്രണങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം ആക്രമണങ്ങളെ അതിജീവിച്ച് മുന്നേറാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തരുത്: പിണറായി

മൂവാറ്റുപുഴ: എല്‍ഡിഎഫിനെ ദുര്‍ബലമാക്കുന്ന നടപടികളില്‍നിന്ന് സിപിഐ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിന്റെ എറണാകുളം ജില്ലയിലെ കിഴക്കന്‍മേഖല ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ ഒറ്റതിരിച്ച് ആക്രമിച്ചതിനു പിന്നിലെ രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ല. ആക്രമണത്തിലെ രാഷ്ട്രീയലക്ഷ്യം മനസ്സിലാക്കി സിപിഐ എം ഒറ്റയ്ക്കല്ലെന്നുപറയാനുള്ള ബാധ്യത തങ്ങളുടെ സുഹൃത്തുക്കള്‍ കാണിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യവിവാദം ഐക്യത്തെ ശക്തിപ്പെടുത്തുമോ എന്ന് അവര്‍ ചിന്തിക്കണം. ആരെയാണോ നേരിടേണ്ടത് അവരെ എതിര്‍ത്തുകൊണ്ടാണ് കരുത്ത് കാട്ടേണ്ടത്. ഇക്കാര്യം സിപിഐ സ്വയംവിമര്‍ശനപരമായി പരിശോധിക്കണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് ഇരുപതാം പാര്‍ടി കോണ്‍ഗ്രസിലെടുത്ത നിലപാടിനു വിരുദ്ധമാണെന്നുപറഞ്ഞ് ഒരാള്‍ സിപിഐ എമ്മിനെ രാഷ്ട്രീയം ഓര്‍മിപ്പിക്കുന്നതു കണ്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണച്ചതില്‍ ഒരു പിശകുമില്ല, വ്യതിയാനവുമില്ല. ജസ്റ്റിസ് കൃഷ്ണയ്യരെയും ക്യാപ്റ്റന്‍ ലക്ഷ്മിയെയും രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിപ്പിച്ചിട്ടുണ്ട്. അന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ ചില കക്ഷികള്‍ ഉണ്ടായിരുന്നു. ഇത്തവണ അവര്‍ പ്രത്യേക പക്ഷത്തിനൊപ്പം നിലപാടെടുത്തു. വേറൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആരും സന്നദ്ധരായില്ല. പിന്നെയുള്ളത് കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ഥികള്‍. പ്രണബിനെ പിന്തുണക്കുംമുമ്പ് ഇടതുപാര്‍ടികളുമായി സിപിഐ എം ആശയവിനിമയം നടത്തി. കോണ്‍ഗ്രസുകാരായ ശങ്കര്‍ദയാല്‍ ശര്‍മയെയും കെ ആര്‍ നാരായണനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് മുമ്പ് പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധനയങ്ങളെ സിപിഐ എം പിന്താങ്ങിയിട്ടില്ല. പൊതുജനങ്ങളെ അണിനിരത്തി രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുമുണ്ട്. അതേ നിലപാടുതന്നെയാണ് ഇത്തവണയും സ്വീകരിച്ചത്. ഏതെങ്കിലും ഘട്ടത്തില്‍ ഇത്തരം കൂട്ടുകെട്ടിനെ സ്ഥാനമാനം നേടിയെടുക്കാനും സിപിഐ എം ഉപയോഗിച്ചിട്ടില്ല. ജനസംഘം മുതലുള്ള അനുഭവം മുന്നിലുണ്ട്. അവരോടൊപ്പം മന്ത്രിസഭയില്‍ ഇരിക്കാന്‍ സിപിഐ എം പോയിട്ടില്ല. സിപിഐ എം എന്നും ഇടതുപക്ഷ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിച്ചത്.

പി ജയരാജനെ കാണാന്‍ എല്‍ഡിഎഫിലെ സിപിഐ ഒഴികെയുള്ള എല്ലാ കക്ഷി നേതാക്കളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോകാന്‍ തയ്യാറായപ്പോഴും അവര്‍ ഇതേ നിലപാട് തന്നെയാണെടുത്തത്. ആപല്‍ഘട്ടത്തില്‍ തങ്ങള്‍ ആരുടെ കൂടെയാണെന്ന് വ്യക്തമാക്കി.&ാറമവെ; മറ്റു ഘടകകക്ഷികള്‍ ജയരാജനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ സിപിഐയെയും ബന്ധപ്പെട്ടിരുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. സിപിഐ നിലപാടുകള്‍&ാറമവെ; എല്‍ഡിഎഫ് ഐക്യത്തെ ശക്തിപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ എന്ന് അവര്‍ വിലയിരുത്തണം- പിണറായി പറഞ്ഞു.

സിപിഐ എമ്മിനെതിരായ ആക്രമണം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ : ആര്‍ എസ് പി

സിപിഐ എമ്മിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള യുഡിഎഫ് ശ്രമം മാത്രമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ പറഞ്ഞു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ പൊലീസിന് ഒരു തെളിവുമില്ല. ഫോണ്‍ സംസാരം ജയരാജന്‍ കേട്ടെന്നുപറയുന്നത് വെറും നിഗമനംമാത്രമാണ്. ഈ നിഗമനം വച്ച് മാത്രം പ്രതിയാക്കാനാകില്ലെന്നും അസീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്നണിയിലെ വലിയ കക്ഷി ആപത്തില്‍പെടുമ്പോള്‍ കുത്തിനോവിക്കാനും ലാഭമുണ്ടാക്കാനും ആര്‍എസ്പി ശ്രമിക്കില്ല. അത് ആര്‍എസ്പി നയവുമല്ലെന്ന് സിപിഐ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ തന്‍പിള്ള നയമാണ് സംസ്ഥാനത്ത് നടക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്ലിംലീഗ് നേതാവ് പി കെ ബഷീറിനെതിരെ കേസില്ല, അന്വേഷണമില്ല, നടപടിയില്ല. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്നുപറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരെയും നടപടിയില്ല. നിരവധി കേസുകളില്‍ സുധാകരന്റെ പങ്ക് അദ്ദേഹത്തിന്റെ ഡ്രൈവര്‍തന്നെ വെളിപ്പെടുത്തിയിട്ടും നടപടിയില്ല. എല്‍ഡിഎഫ് യോഗം വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെടും. യുഡിഎഫ് സര്‍ക്കാര്‍ അനുദിനം നിരവധി ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുകയാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ കഴിയണമെന്നും അസീസ് പറഞ്ഞു.

deshabhimani 150812

3 comments:

  1. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള സാഹോദര്യത്തിന് സിപിഐ സംസ്ഥാനനേതൃത്വം പോറലേല്‍പ്പിക്കുന്നു. ഒരു ദശകത്തോളം സിപിഐ അകപ്പെട്ടിരുന്ന "മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി" രാഷ്ട്രീയത്തിന് അവസാനംകുറിച്ച് സിപിഐ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ എത്തിയതും ഇരു പാര്‍ടിയുടെയും പ്രവര്‍ത്തകര്‍ ഐക്യത്തിലായതും ബോധപൂര്‍വമായ വര്‍ഗ- സംഘടന- സമരപ്രവര്‍ത്തനങ്ങളിലൂടെയാണ്. എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ഇ ബാലറാം, പി കെ വാസുദേവന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കള്‍ അതിനായി തെളിച്ച പാതയെ വിസ്മരിക്കുന്ന സമീപനമാണ് സിപിഐ എമ്മിനോട് കേരളത്തിലെ സിപിഐയിലെ ഇന്നത്തെ ഒരുവിഭാഗം നേതാക്കള്‍ കാട്ടുന്നത്. ആ തെറ്റുതിരുത്തി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത് വിസ്മരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മറ്റും. ഈ സമീപനം സ്വീകരിച്ചശേഷം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധസമരത്തിന് ശക്തികൂട്ടേണ്ട അവസരത്തില്‍ തര്‍ക്കം ഉന്നയിക്കുന്നത് നന്നല്ലെന്ന പന്ന്യന്റെ അഭിപ്രായം ഇരട്ടത്താപ്പാണ്.

    ReplyDelete
  2. അന്തിക്കാട്ടെ ചരിത്രം സസൂക്ഷ്മം പരിശോധിക്കാന്‍ തയ്യാറാകാത്തതാണ് അനശ്വര രക്തസാക്ഷി സി കെ സുബ്രഹ്മണ്യനെക്കുറിച്ചുള്ള അജ്ഞതയ്ക്കു കാരണം. ഐതിഹാസിക സമരഭൂമിയായ അന്തിക്കാട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ എമ്മിലേക്കുണ്ടായ പ്രവര്‍ത്തകരുടെ കുത്തൊഴുക്കില്‍ വിറളിപൂണ്ട സിപിഐക്കാര്‍ നടത്തിയ അറുകൊലയായിരുന്നു സുബ്രഹ്മണ്യേന്റേത്. "70ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍നിന്ന് സിപിഐ-കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തിലുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി സ്ഥാനാര്‍ഥി എന്‍ ഐ ദേവസിക്കുട്ടി വിജയിച്ചു. ഇതോടെ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വലിയ കടന്നാക്രമണമുണ്ടായി. സിപിഐ പ്രവര്‍ത്തകനായിരുന്ന പൂക്കാട്ട് സുബ്രഹ്മണ്യനും വലിയൊരു വിഭാഗം പ്രവര്‍ത്തകരും ആ പാര്‍ടി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സിപിഐയുടെ അവസരവാദം തിരിച്ചറിഞ്ഞ അന്തിക്കാട്ടെ ഉജ്വല പോരാളികള്‍ കുടുംബത്തോടെ സിപിഐ വിടുന്ന സ്ഥിതിയുണ്ടായി. ഇതിനു തടയിടാന്‍ പൂക്കാട്ട് സുബ്രഹ്മണ്യനെ പൊതുജനമധ്യത്തില്‍ കൊലപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചത്.
    ===========================================================
    HA HA HA HA HA HA HA HA HA HA HA HA HA....
    സി.പി.ഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ച പിണറായി സ്വയം ഇളിഭ്യനായി...

    പിണറായിക്ക് തെറ്റി; സുബ്രഹ്മണ്യന്‍ രക്തസാക്ഷിയല്ലെ’ന്ന് ബന്ധുക്കള്‍.
    തൃശൂര്‍: സിപിഐ(എം) രക്തസാക്ഷിയാണെന്നു പിണറായി വിജയന്‍ വിശേഷിപ്പിച്ച അന്തിക്കാട്ടെ സുബ്രഹ്മണ്യന്‍ രക്തസാക്ഷിയല്ലെന്ന് ബന്ധുക്കള്‍. ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത സുബ്രഹ്മണ്യനെ ആളുമാറി കൊന്നതാണെന്ന് അനുജന്‍ രവി പറഞ്ഞു.

    കഴിഞ്ഞ 42 വര്‍ഷമായി ആരും സുബ്രഹ്മണ്യന്‍ രക്തസാക്ഷിദിനം ആചരിച്ചിട്ടില്ല. പാര്‍ട്ടിക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഉപദ്രവിക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു.

    സുബ്രഹ്മണ്യന്‍ സിപിഐ(എം) രക്തസാക്ഷിയാണെന്നും അയാളെ സിപിഐയാണ് കൊന്നതെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു

    ReplyDelete
  3. കഥ മെനയല്‍ വളരെ നന്നായിട്ടുണ്ട്...ലേഖകന് നല്ല ഭാവിയുണ്ട്...മലയാള മനോരമ ആഴ്ചപ്പതിപ്പില്‍

    ReplyDelete