Saturday, February 1, 2014

മോഡിമോഹം നടപ്പില്ല: പിണറായി

നരേന്ദ്രമോഡിക്കോ ബിജെപിക്കോ കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതയുടെ പ്രതീകമായ ആര്‍എസ്എസിന്റെ തത്വശാസ്ത്രമാണ് മോഡിയും പ്രതിനിധാനംചെയ്യുന്നത്. ഗുജറാത്തില്‍ മോഡിയുടെ ചെയ്തികള്‍ നാം കണ്ടതാണ്. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാനുള്ള കാരണവും ഇതാണ്. ആര്‍എസ്എസിന്റെ കാര്യങ്ങള്‍ നടപ്പാക്കാനാണ് മോഡിയെ അവര്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, രാജ്യത്തെ മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെയും മോഡിയുടെയും ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാവില്ല.

കേരളത്തില്‍ മതമേലധ്യക്ഷന്മാരെയും മറ്റും കണ്ട് ആര്‍എസ്എസ് നടത്തുന്നത് ഒരു തരം കുരുട്ടുവിദ്യയാണ്. കണ്ണൂരില്‍ ബിജെപി വിട്ടുവന്നവരെ സിപിഐ എം സ്വീകരിച്ചത് രക്തസാക്ഷികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന മാറ്റമാണ്. ഒരോ രക്തസാക്ഷിയും മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. അവര്‍ ഉയര്‍ത്തിപ്പിടിച്ച കാര്യമാണ് ഇന്ന് പ്രാവര്‍ത്തികമായത്. ഒ കെ വാസുവും ആയിരക്കണക്കിന് പ്രവര്‍ത്തകരും വര്‍ഗീയ പ്രസ്ഥാനം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വര്‍ഗീയ പാര്‍ടിക്കാണ് ക്ഷീണമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് സിപിഐ എമ്മിനെ ശക്തിപ്പെടുത്തുമെന്നതിനാലാണ് പലര്‍ക്കും സംശയമുയരുന്നത്. കണ്ണൂര്‍ പോലുള്ള സ്ഥലത്താണ് ആര്‍എസ്എസും ബിജെപിയും വിട്ട് രണ്ടായിരം പേര്‍ സിപിഐ എമ്മുമായി സഹകരിക്കുന്നത്. ബിജെപി വിട്ടാല്‍ സിപിഐ എമ്മുമായി സഹകരിക്കാമോ എന്നാണ് ചിലരുടെ സംശയം. ഇവരെ പലരും സമീപിച്ചിരുന്നു. എന്നാല്‍, അവര്‍ സിപിഐ എമ്മുമായി സഹകരിക്കാനാണ് തയ്യാറായത്. പല ഘട്ടങ്ങളിലും പലരും പാര്‍ടി വിട്ട് വരുമ്പോള്‍ തടസ്സമായി നിന്നത് തത്തുല്യമായ സ്ഥാനമാനങ്ങള്‍ കിട്ടുമോ എന്ന സംശയത്തിലാണ്. സിപിഐ എമ്മിന്റെ രീതിയനുസരിച്ച് മറ്റ് പാര്‍ടികളില്‍നിന്ന് വരുന്നവര്‍ക്ക് സ്ഥാനമാനങ്ങളൊന്നും നല്‍കാറില്ല. അത്തരമൊരു ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുമില്ല. അവര്‍ വിലപേശലിനും തയ്യാറായിട്ടില്ല. എതിര്‍ക്കുന്നവരെയും കൂടെ നിര്‍ത്താനാണ് പാര്‍ടി ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസ് വിചാരണപോലും അര്‍ഹിക്കുന്നില്ലെന്നാണ് കോടതി വിധിച്ചിട്ടുള്ളതെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു. കോടതിയുടെ നിയമപരിശോധന പൂര്‍ത്തിയായശേഷമാണ് വിചാരണപോലും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രി കെപിസിസി പ്രസിഡന്റായി തുടരുന്നത് ശരിയല്ല

ആഭ്യന്തരമന്ത്രി കെപിസിസി പ്രസിഡന്റായി തുടരുന്നത് സംസ്ഥാനം പുലര്‍ത്തുന്ന ജനാധിപത്യ കീഴ്വഴക്കത്തിന്റെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കാരണം കെപിസിസി പ്രസിഡന്റിനെ ആഭ്യന്തരമന്ത്രിയാക്കിയത് കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയാണ്. ഇതിനെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. എന്നാല്‍, ആഭ്യന്തരമന്ത്രി എന്നത് പാര്‍ടിയുടെയല്ല കേരളത്തിന്റെ പൊതുവായ അധികാരസ്ഥാനമാണ്. അതിനാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുന്നത് ഭംഗിയല്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പാര്‍ടിയുടെ പ്രധാന ഭാരവാഹിതന്നെ ആഭ്യന്തരമന്ത്രിയായി തുടരുന്ന രീതി കേരളത്തിന് പരിചയമില്ലാത്ത കാര്യമാണ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതെങ്കിലും പ്രശ്നങ്ങള്‍ തീരുകയല്ല മൂക്കുകയാണുണ്ടായത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഇതുവരെ നോമിനേറ്റ് ചെയ്യാന്‍ കഴിയാത്തത് അതിനാലാണ്. ചെന്നിത്തല തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നില്ല. അതിനാല്‍ നോമിനേറ്റഡ് പ്രസിഡന്റിനെ മാറ്റി മറ്റൊരാളെ മാസം ഒന്നായിട്ടും കോണ്‍ഗ്രസ് നിശ്ചയിക്കാത്തത് രാഷ്ട്രീയമായും ഭരണപരമായുമുള്ള പരാജയമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. 123 വില്ലേജുകളെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച വിജ്ഞാപനം തിരുത്താതെ; അതു നടപ്പാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹരിതട്രിബ്യൂണലിനെ അറിയിച്ചത്. പശ്ചിമഘട്ടം സംരക്ഷിക്കണം. എന്നാലത് ആ പ്രദേശത്തെ ജനങ്ങളെയാകെ ദ്രോഹിച്ചുകൊണ്ടാകരുത്. മതനിരപേക്ഷതയെ അപകടത്തിലാക്കുന്ന ചെയ്തികളാണ് യുഡിഎഫ് തുടരുന്നത്. അതിന് തെളിവാണ് തിരൂര്‍ സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് തോറ്റതിന് സിപിഐ എം പ്രവര്‍ത്തകരെ പരസ്യമായി വെട്ടിയത് എസ്ഡിപിഐക്കാരാണ്. വര്‍ഗീയ തീവ്രവാദികളെ രക്ഷിക്കുന്നതാണ് ലീഗ് നിലപാട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ബജറ്റ് ജനങ്ങളുടെ അസംതൃപ്തിയെ വര്‍ധിപ്പിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ യുപിഎ സര്‍ക്കാരില്‍നിന്ന് അനുവദിപ്പിച്ച പദ്ധതികളും സ്ഥാപനങ്ങളും യാഥാര്‍ഥ്യമാക്കാന്‍പോലും ഈ ഭരണത്തിന് കഴിയുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് ഇല്ലാതായ കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടം പടിപടിയായി തകര്‍ക്കുകയാണെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment