Friday, February 7, 2014

സര്‍ക്കാര്‍ മലക്കം മറിഞ്ഞു, ആര്‍.എം.പി വെട്ടിലായി

സര്‍ക്കാര്‍ മലക്കംമറിഞ്ഞു; ആര്‍എംപി വെട്ടിലായി

തിരു: കോണ്‍ഗ്രസുകാരുടെ വാക്ക് വിശ്വസിച്ച് രമയെ നിരാഹാരമിരുത്തിയ ആര്‍എംപിക്കാര്‍ കുരുക്കിലായി. സമരം ആരംഭിച്ച് രണ്ടു ദിവസത്തിനകം സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരക്കഥ സര്‍ക്കാര്‍തന്നെ തിരുത്തിയതോടെയാണ് ആര്‍എംപിക്കാര്‍ വെട്ടിലായത്. വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാക്കി തടിതപ്പാനാവുമോ എന്നതാണ് ആര്‍എംപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

കെ കെ രമയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാമെന്നേറ്റ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മലക്കം മറിഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാമെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിന് ശേഷമേ ഇത്തരം നടപടികള്‍ ആലോചിക്കാനാവൂ. സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാങ്കേതിക തടസ്സം നീക്കാന്‍ സര്‍ക്കാര്‍ ആര്‍എംപിയോട് രണ്ടാഴ്ച സമയം ചോദിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ സെക്രട്ടറിയറ്റിനു മുന്നില്‍ പന്തല്‍ കെട്ടിയതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കെ കെ രമ, എന്‍ വേണു, പി കുമാരന്‍കുട്ടി തുടങ്ങി കണ്ടാലറിയുന്ന 200 ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുഡിഎഫ് എംഎല്‍എമാരും സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസൊന്നും എടുത്തിട്ടുമില്ല. നിയമസഭാ സമ്മേളനം തുടങ്ങി ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാമെന്നായിരുന്നു ആര്‍എംപി-കോണ്‍ഗ്രസ് ധാരണ. അതനുസരിച്ചാണ് രമ നിരാഹാരം തുടങ്ങിയതും. എന്നാല്‍, സിബിഐ അന്വേഷണം പൊടുന്നനെ പ്രഖ്യാപിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. വ്യാഴാഴ്ച ഡിഎംഒ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘം രമയെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.

No comments:

Post a Comment