Friday, February 7, 2014

ജസീറയ്ക്കും കുട്ടികള്‍ക്കും പൊലീസ് സ്റ്റേഷനില്‍ പീഡനം

ഡല്‍ഹിയില്‍ മണല്‍മാഫിയക്കെതിരായ സമരത്തിനു പിന്നാലെ കേരളത്തിലെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ സമരം നടത്തിയ ജസീറയ്ക്ക് കൊച്ചിയില്‍ പൊലീസിന്റെയും അധികൃതരുടെയും കൊടിയ പീഡനം. പാലാരിവട്ടം പൊലീസ്സ്റ്റേഷനില്‍ പരാതിപറയാന്‍ എത്തിയ ഇവരെ പരാതി സ്വീകരിക്കാതെ ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വ്യാഴാഴ്ച ഉച്ചവരെ അന്യായമായി കസ്റ്റഡിയില്‍ വച്ചു. അഡീഷണല്‍ എസ്ഐ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം അസഭ്യവും പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇവര്‍ അഭിപ്രായം പറയുന്നത് തടയാന്‍ ജനമൈത്രി സ്റ്റേഷനില്‍ ഇവരെ വലിച്ചിഴയ്ക്കുകയും ചെയ്തു. കരഞ്ഞുപറഞ്ഞിട്ടും കാലുപിടിച്ചിട്ടും ഇവരെ വിടാന്‍ തയ്യാറാകാതിരുന്ന പൊലീസ് ചാനലില്‍ ഫ്ളാഷ് വാര്‍ത്ത വരാന്‍ തുടങ്ങിയതിനെ തുടര്‍ന്നും നിയമസഭയില്‍ ചര്‍ച്ചയാകുന്നതറിഞ്ഞുമാണ് ഒടുവില്‍ ആശുപത്രിയിലേക്കു മാറ്റിയത്.

ഇവിടെ സമരം നിര്‍ത്തിയതായി ജസീറ പ്രഖ്യാപിച്ചെങ്കിലും ഒരുവയസ്സും 10 മാസവുമായ ആണ്‍കുട്ടിയെ ഉള്‍പ്പെടെ മൂന്നു മക്കളെയും അമ്മയില്‍നിന്ന് തട്ടിമാറ്റി ശിശുക്ഷേമസമിതിക്കു കീഴിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തനിക്ക് സഹായധനം പ്രഖ്യാപിച്ച കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പരസ്യമായി ഇതുസംബന്ധിച്ച നിലപാട് പ്രഖ്യാപിക്കുന്നതിനു പകരം രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് തന്നെ അവഹേളിക്കുന്നതില്‍ നടപടി ആവശ്യപ്പെട്ടാണ് ജസീറ ബുധനാഴ്ച രാത്രി പാലാരിവട്ടം പൊലീസ്സ്റ്റേഷനില്‍ എത്തിയത്. അറസ്റ്റോ കസ്റ്റഡിയോ രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ജസീറയെ പുറത്തിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല.

ഇതിനിടെ ജസീറയ്ക്ക് പ്രഖ്യാപിച്ച തുക നല്‍കില്ലെന്ന് കൊച്ചൗസേഫ് പരസ്യമായി പ്രഖ്യാപിച്ചതോടെ ജസീറ സമരം നിര്‍ത്തുന്നതായും പ്രഖ്യാപിച്ചു. തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറയാന്‍ തിരുവനന്തപുരത്തേക്കു പോകുകയാണെന്ന് ജസീറ പറഞ്ഞതിനു പിന്നാലെ വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ കുട്ടികളായ റിസ്വാന (12), ഷിഫാന (10), മുഹമ്മദ് (ഒരു വയസ്സും 10 മാസവും) ജീപ്പില്‍ കടത്തുകയും ചെയ്തു. ജസീറയെയും ഇവര്‍ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തെരുവിലേക്കിറങ്ങി. സ്ഥലമേതെന്ന് അറിയാതെ മണിക്കൂറുകളോളം ഇവര്‍ തെരുവില്‍ അലഞ്ഞു. മക്കളുമായി സമരം നടത്തില്ലെന്നും വീട്ടിലേക്ക് മടങ്ങുമെന്നും എഴുതി നല്‍കിയാലേ കുട്ടികളെ തനിക്കൊപ്പം വിട്ടയക്കൂവെന്നാണ് അധികൃതരുടെ നിലപാടെന്ന് ജസീറ പറഞ്ഞു. ഇതിന് താന്‍ ഒരുക്കമല്ലെന്നും ജസീറ പറഞ്ഞു. മക്കളെ കൊണ്ടുപോയവര്‍ തിരിച്ചേല്‍പ്പിക്കണം. സ്ത്രീ മക്കളെ നോക്കി വീട്ടിലിരിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ജസീറ പറഞ്ഞു.

deshabhimani

No comments:

Post a Comment