Saturday, February 15, 2014

അമ്പാടിമുക്കിലെ സിപിഐ എം കൊടിമരങ്ങള്‍ തകര്‍ത്തു

കണ്ണൂര്‍: ഗ്രനേഡെറിഞ്ഞ് ഭീകരത പരത്തി പൊലീസ് കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കിലെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെ കൊടിമരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതെടുത്തു. ജില്ലാപൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് നേരിട്ടെത്തിയാണ് ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘങ്ങളുടെ ഒത്താശയോടെ കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ഇതിന് മുന്നോടിയായി പൊലീസ് അമ്പാടിമുക്കിലെ സിപിഐ എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചു. അമ്പാടിമുക്കിലെ മൂന്നും തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിനുമുന്നിലെ രണ്ടും കൊടിമരങ്ങളാണ് തകര്‍ത്തശേഷം പിഴുതെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീമിലെ അംഗങ്ങളും ഡിവൈഎസ്പി സന്തോഷ്, ടൗണ്‍ സിഐ വിനോദ്കുമാര്‍, എസ്ഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്രിമിനലുകളെപ്പോലെ കൊടിമരങ്ങള്‍ തകര്‍ക്കാനും വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാനുമെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആര്‍എസ്എസ് ക്രിമനല്‍ സംഘം അമ്പാടിമുക്കില്‍ കൊടിമരം സ്ഥാപിക്കാനെത്തിയതാണ് പ്രശ്നത്തിന് തുടക്കം. ആര്‍എസ്എസ്സുകാര്‍ക്ക് അകമ്പടിയായെത്തിയ പൊലീസാണ് സംഘര്‍ഷം സൃഷ്ടിച്ചത്. മൂന്നു തവണ ഗ്രനേഡ് എറിയുകയും പ്രദേശത്ത് ഭീകരതപരത്തുകയും ചെയ്തു. ഇതിന്റെ മറവിലാണ് ജില്ലാപൊലീസ് മേധാവിയടക്കമുള്ളവര്‍ സിപിഐ എം കൊടിമരങ്ങള്‍ തകര്‍ക്കാനിറങ്ങിയത്.

deshabhimani

No comments:

Post a Comment