Saturday, February 15, 2014

ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ക്രിമിനലുകള്‍

അഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയുടെ പ്രത്യേക സുരക്ഷാ സംഘത്തില്‍ ക്രിമിനല്‍ കേസിലെ പ്രതിയും വകുപ്പ് തല അന്വേഷണം നേരിടുന്ന എസ്ഡിപിഐ അനുഭാവിയും. ക്രിമിനല്‍ കേസിലെ പ്രതിയും ആലപ്പുഴ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറുമായ മധു, കായംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും എസ്ഡിപിഐ അനുഭാവിയുമായ നവാസ് എന്നിവരെ ഹരിപ്പാട്ടെ സുരക്ഷാസംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. കായംകുളത്ത് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത 222/ 2010 നമ്പര്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ് മധു. കായംകുളം കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ട്. എസ്ഡിപിഐ അനുഭാവിയായ നവാസ് കായംകുളത്തെ എസ്ഡിപിഐ തീവ്രവാദിക്ക് അയാളുടെ ക്രിമിനല്‍കേസുകള്‍ മറച്ചുവച്ച് പാസ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല നടപടി നേരിടുകയുമാണ്. മുസ്ലിംപെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന പേരില്‍ യുവാവിനെ സാദചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച കേസിലെ പ്രതിയായ തക്കാളി ഹാഷിക്കിനാണ് ക്രിമിനല്‍ കേസ് മറച്ചുവച്ച് പാസ്പോര്‍ട്ടിനായി അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. തക്കാളി ഹാഷിക്ക് മറ്റ് രണ്ട് ക്രിമിനല്‍ കേസിലും പ്രതിയാണ്.

പ്രാദേശിക നേതാക്കളുടെയും പൊലീസ് അസോസിയേഷനിലെ എ ഗ്രൂപ്പ് നേതാക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരെ സംഘത്തിലെടുത്തത്. ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ നാലുപേര്‍ സോളാര്‍ കേസില്‍പെട്ട് രാജിവയ്ക്കേണ്ടിവന്നതും ആര്യാടന്റെ പിഎ പി കെ ബിജുവിനെ ജോലിക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പുറത്താക്കേണ്ടിവന്നതും ജയിലിലടച്ചതും സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രതിഛായ അങ്ങേയറ്റം മോശമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചതെന്ന് ചെന്നിത്തല അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ നിയമനത്തോടെ അദ്ദേഹത്തിന്റെ ഈ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു.

ഡി ദിലീപ് deshabhimani

No comments:

Post a Comment