Sunday, February 2, 2014

ഒപ്പംനിന്നവര്‍ യുഡിഎഫിനെ കൈവിട്ടു: പിണറായി

ആലപ്പുഴ: യുഡിഎഫിനൊപ്പം നിന്ന സാമൂഹിക ശക്തികള്‍ ഇന്ന് അവരോടൊപ്പമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാടിനെ തകര്‍ക്കുന്ന നയങ്ങള്‍ ഒരിക്കലും വിജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന് വയലാറിലും ആലപ്പുഴ ഗുരുപുരത്തും നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഖ്യാതി നേടിയ കേരള മോഡല്‍ വികസനത്തിന്് തുടക്കം കുറിച്ച ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാരിന് പ്രചോദനമായത് പുന്നപ്ര വയലാര്‍ രക്തസാക്ഷികളാണ്. തുടര്‍ന്ന് കേരളത്തില്‍ ഇടതുപക്ഷം ഭരിച്ച സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സംസ്ഥാനത്ത് പൊതുക്ഷേമവും വികസനവും ലക്ഷ്യമിട്ട നടപടികളുണ്ടായത്. എന്നാല്‍ ഇന്ന് ഈ നേട്ടങ്ങളാകെ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരും യുപിഎ സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങളും തകര്‍ക്കുകയാണ്. ഭൂപരിഷ്കരണത്തിന്റെ അന്തഃസത്ത തകര്‍ത്തു. പേരുകേട്ട കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതി ഇന്ന് കഥയാണ്. പൊതു വിദ്യാഭ്യാസ മേഖല തകര്‍ന്നു. കയറടക്കമുള്ള പരമ്പരാഗത മേഖലയിലും ഇന്ന് പണിയില്ല. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ 100 കോടി ലാഭത്തിലായിരുന്ന കെഎംഎംഎല്‍ ഇന്ന് ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്. സമ്പദ് വ്യവസ്ഥയെ പാപ്പരീകരിക്കുന്ന പ്രവണതയെ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് മൂര്‍ഛിപ്പിക്കുന്നു. ഈ ബജറ്റിനെ പിന്തുണക്കുന്നവരായി ആരുമില്ല. യുഡിഎഫിനകത്തുപോലും അഭിപ്രായമില്ല. ജനദ്രോഹനയങ്ങള്‍ വിജയിക്കാതിരിക്കാനുള്ള സന്ദേശം ഉയര്‍ത്തി അതിന് പിന്നില്‍ ജനങ്ങളെ അണിനിരത്താനാണ് ഈ മാര്‍ച്ച്. ഐക്യകേരളം, അമേരിക്കന്‍മോഡല്‍ അറബിക്കടലില്‍ എന്നീ മുദ്രാവാക്യമുയര്‍ത്തി രക്തസാക്ഷിത്വം വരിച്ച വയലാറിന്റെ മണ്ണില്‍ നിന്നാണ് പുതിയ ജനമുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കാര്യത്തില്‍ യുഡിഎഫിന് ആത്മാര്‍ഥതയില്ല: വിഎസ്

ആലപ്പുഴ: വിലക്കയറ്റമടക്കം സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പോലും ഒരു നിര്‍ദേശവും ഇല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു ആത്മാര്‍ഥതയുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും സോളാറിന്റെയും പാമോയിലിന്റെയും കുരുക്കിലാണ്. പൊലീസിനെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. ഉമ്മന്‍ചാണ്ടി മാത്രമല്ല സര്‍ക്കാരിലെ അര ഡസനോളം മന്ത്രിമാരും സോളാര്‍ കുരുക്കിലാണ്. ഇതില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കും രക്ഷപെടാനാകില്ല. കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്തലാണ് ഇന്നത്തെ കടമ. അതാണ് കേരള രക്ഷാമാര്‍ച്ച് ലക്ഷ്യമിടുന്നത്. കേരളത്തിന് മാതൃക പകര്‍ന്ന് നല്‍കിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണമടക്കമുള്ള നടപടികള്‍ക്ക് പ്രചോദനമായത് പുന്നപ്ര വയലാര്‍ സമരമാണ്. ആ രക്തസാക്ഷികളുടെ മണ്ണില്‍നിന്ന് പുതിയ കടമ ഏറ്റെടുത്തുകൊണ്ടുള്ള ജാഥ തുടങ്ങിയത് എന്തുകൊണ്ടും നന്നായെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment