Monday, April 14, 2014

200 കോടിയുടെ ലോട്ടറി ടിക്കറ്റ് കെട്ടിക്കിടക്കുന്നു

കേരള ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധനയും അശാസ്ത്രീയ പരിഷ്കാരങ്ങളും മൂലം കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുകള്‍ ലോട്ടറി ഓഫീസുകളിലും ഏജന്റുമാരിലും കെട്ടിക്കിടക്കുന്നു. 200 കോടി രൂപയുടെ ടിക്കറ്റുകളാണ് കെട്ടിക്കിടക്കുന്നത്. മുമ്പ് മാസം 450 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു. ഒരേ സീരീസിലുള്ള അവസാന നാലു നമ്പറുകള്‍ സമ്മാനമായി വരുന്ന ടിക്കറ്റുകള്‍ സെറ്റാക്കി വില്‍ക്കുന്നത് തടയാന്‍ ഷഫ്ളിങ് സംവിധാനം ഏര്‍പ്പെടുത്തിയതും വില്‍പ്പനയെ സാരമായി ബാധിച്ചു.

1.30 ലക്ഷം രൂപ വിലയുള്ള 4,33,000 അക്ഷയ ടിക്കറ്റുകളും 2.40 കോടി രൂപ വിലയുള്ള 5,90,200 ടിക്കറ്റുകളും 30.80 കോടി രൂപ വിലയുള്ള 15,90,000 സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും ലോട്ടറി ഓഫീസുകളിലും ഏജന്റുമാരിലുമായി കെട്ടിക്കിടക്കുന്നു. ഇത് കൂടാതെയും ടിക്കറ്റുകള്‍ കെട്ടിക്കിടപ്പുണ്ട്. സാധാരണ നറുക്കെടുപ്പിന് രണ്ടാഴ്ച മുമ്പ് ഏജന്റുമാര്‍ ലോട്ടറി കൈപ്പറ്റാറുണ്ട്. എന്നാല്‍ മാര്‍ച്ച് 23 മുതല്‍ വിറ്റഴിക്കേണ്ട ടിക്കറ്റുകളില്‍ 50 ശതമാനവും ലോട്ടറി ഓഫീസില്‍ കെട്ടിക്കിടക്കുന്നു. ഇതുമൂലം രണ്ടുലക്ഷത്തോളം ഏജന്റുമാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലും വരുമാനവും നഷ്ടമാകുന്നു. അച്ചടിക്കുന്നവയില്‍ 50 ശതമാനത്തോളം ടിക്കറ്റുകള്‍ വില്‍ക്കാനായില്ലെങ്കില്‍ ഏജന്റുമാരുടെയും സര്‍ക്കാരിന്റെയും കമീഷന്‍ നഷ്ടപ്പെടും.

കേരളത്തില്‍ ഏറ്റവുമധികം ചെലവുള്ള അക്ഷയ, ധനശ്രീ, പൗര്‍ണമി, വിന്‍വിന്‍ ലോട്ടറി ടിക്കറ്റുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി. 20 രൂപ വിലയുണ്ടായിരുന്ന ടിക്കറ്റ് 30 രൂപയാക്കി. ഒന്നേകാല്‍ വര്‍ഷത്തിനിടെ ഒരു ടിക്കറ്റ്പോലും ബാക്കിയാകാതെ പൂര്‍ണമായി വിറ്റഴിച്ചിരുന്നു. ഇതുവഴി 1500 കോടി രൂപ സര്‍ക്കാരിന് ലാഭം കിട്ടി. എന്നാല്‍ വില കൂട്ടിയതോടെ ഇവയ്ക്ക് ചെലവില്ലാതായി. വന്‍കിട ലോട്ടറി മുതലാളിമാരെയും നമ്പര്‍ എഴുത്ത് ലോട്ടറി മാഫിയകളെയും സഹായിക്കാനായി ലോട്ടറിവകുപ്പ് നടപ്പാക്കിയ പരിഷ്കാരങ്ങളും തിരിച്ചടിയായി. കേരള ലോട്ടറികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി വില്‍ക്കുന്നതിനാല്‍ ഇവിടത്തെ ഏജന്റുമാരുടെ കമ്മീഷന്‍ നഷ്ടമാകും.

ഷഫ്ളിങ് സംവിധാനവും ലോട്ടറി ടിക്കറ്റിന്റെ മുഖവില വര്‍ധനയും പിന്‍വലിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment