Monday, April 14, 2014

സ്വരാജ് ഭവന്‍ തുറക്കുന്നില്ല

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഒരുവര്‍ഷം കഴിഞ്ഞിട്ടും സ്വരാജ് ഭവന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണത്തിന് തുടക്കമിട്ട കെട്ടിടസമുച്ചയമാണ് പണി പൂര്‍ത്തിയായിട്ടും തുറക്കാത്തത്. 13 കോടിയില്‍പരം രൂപയാണ് നിര്‍മാണച്ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ സംഭാവനയായ ഒരുകോടി രൂപയും ഇതില്‍ ഉള്‍പ്പെടും. തലസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലെ 13ല്‍പരം സ്ഥാപനങ്ങള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതിവര്‍ഷം 1.10 കോടിയോളം രൂപ കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കുന്നു. ഈ കെട്ടിട ഉടമകള്‍ക്കുവേണ്ടിയാണ് സ്വരാജ് ഭവന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാത്തത്. വാടകയുടെ കമീഷന്‍ ചിലയിടങ്ങളില്‍ എത്തുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി പഞ്ചായത്ത് മന്ത്രി സമ്മതിക്കുന്നു. എന്നാല്‍, വാട്ടര്‍ കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ലഭ്യമാക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടും എട്ടുമാസം കഴിഞ്ഞാണ് ഇവ ലഭ്യമാക്കിയത്. കംപ്യൂട്ടര്‍വല്‍ക്കരണം, ക്യാബിന്‍ തിരിക്കല്‍ തുടങ്ങിയ പേരില്‍ വീണ്ടും സമയം കളഞ്ഞു. കഴിഞ്ഞ ജനുവരി 18 മുതല്‍ സമുച്ചയം തുറന്നുപ്രവര്‍ത്തിക്കാന്‍ പൂര്‍ണസജ്ജമാണെന്ന് മന്ത്രിയും സമ്മതിക്കുന്നു.

എന്നിട്ടും എന്തുകൊണ്ടാണ് തുറന്നുപ്രവര്‍ത്തിപ്പിക്കാത്തതെന്നുമാത്രം പറയുന്നില്ല. നഗരകാര്യ ഡയറക്ടറുടെ കാര്യാലയം, ചീഫ് ടൗണ്‍ പ്ലാനറുടെ കാര്യാലയം, ഗ്രാമവികസന വകുപ്പ് കമീഷണറുടെ കാര്യാലയം, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഫീസറുടെ കാര്യാലയം, കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി, ശുചിത്വ മിഷന്‍, കമീഷന്‍ ഫോര്‍ ഡീസെന്‍ട്രലൈസേഷന്‍, കുടുംബശ്രീ തുടങ്ങിയവയ്ക്ക് സ്വരാജ് ഭവനില്‍ സ്ഥലം അനുവദിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മാറ്റം അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞെങ്കിലും ചില ഇടപെടലുകള്‍ കാരണം നടന്നില്ല. തിരുവനന്തപുരത്തെ മേഖലാ നഗരാസൂത്രണകാര്യാലയത്തിന് പ്രതിമാസം 1,11,678 രൂപയാണ് വാടക.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന് 3,73,248 കോടി രൂപയും കെഎസ്യുഡിപിക്ക് 1,53,092 രുപയും നല്‍കുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഫീസുകളുടെ വാടക: നഗരകാര്യ ഡയറക്ടറേറ്റിന്റെ അനക്സ്-22,581 രൂപ, പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസ്-10640 രൂപ, ഗ്രാമവികസന വകുപ്പിന്റെ മുഖ്യ കാര്യാലയം-52114 രൂപ, ശുചിത്വ മിഷന്‍-18800 രൂപ, കേരള റൂറല്‍ ഡെവലെപ്പ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി-13043 രൂപ, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ-7260 രൂപ, കേരള സ്റ്റേറ്റ് റൂറല്‍ ഡെവലപ്മെന്റ് ഏജന്‍സി-19661 രൂപ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ കാര്യാലയം-12000 രൂപ, മുഖ്യ നഗരാസൂത്രണവകുപ്പ് കാര്യാലയം-75,000 രൂപ, പ്രോജക്ട് സെല്‍-15794 രൂപ.

പ്രതിമാസം ആകെ വാടകയിനത്തില്‍ നല്‍കുന്നത് 8,81,181 രൂപ. കരാര്‍ പ്രകാരം വര്‍ഷാവര്‍ഷമുള്ള വര്‍ധന കണക്കില്‍പ്പെട്ടിട്ടില്ല. പുറമെ വെള്ളക്കരം, വൈദ്യുതി ചാര്‍ജ് തുടങ്ങിയവയും വഹിക്കണം. അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് വേറെയും.

deshabhimani

No comments:

Post a Comment