Monday, April 14, 2014

ക്യാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനം തടയരുത്: ഡിവൈഎഫ്ഐ

കോളേജ് ക്യാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനത്തെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍നിലപാടില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ക്യാമ്പസുകളിലെ 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശമുള്ളവരാണ്. ഇവര്‍ക്ക് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നു പറയുന്നത് അപഹാസ്യമാണ്. സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാര്‍ഥിസംഘടനകള്‍ക്കുള്ള പങ്ക് വലുതാണ്. വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്‍ക്കരണത്തെയും അരാജകത്വപ്രവണതകളെയും എതിര്‍ത്ത് പുരോഗമനിലപാടുകള്‍ മുറുകെപിടിക്കുന്നവരാണ് വിദ്യാര്‍ഥിസംഘടനകള്‍. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ച് ക്യാമ്പസുകളില്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടാസംഘടനകള്‍ക്കും തേര്‍വാഴ്ച നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. അങ്ങേയറ്റം ജനവിരുദ്ധവും വിദ്യാര്‍ഥിവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതികരിക്കുന്ന വിദ്യാര്‍ഥിസമൂഹത്തെ ഭയക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ളൊരു തീരുമാനങ്ങള്‍ എടുക്കുന്നത്. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധനിലപാടുകള്‍ തിരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment