Tuesday, April 8, 2014

വീരേന്ദ്രകുമാറിന്റേത് 7 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം: പി രാജന്‍

വയനാട്ടിലെ ഭൂമി കൈയേറ്റക്കേസില്‍ വീരേന്ദ്രകുമാറിന് ചുരുങ്ങിയത് ഏഴുവര്‍ഷം ശിക്ഷ ലഭിക്കാവുന്നതാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി രാജന്‍. ഇക്കാര്യം വെറുതെ പറയുന്നതല്ല. കൃത്യമായ തെളിവുണ്ട്. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനാനേതാവ് ലക്ഷ്മണന്‍ നല്‍കിയ കേസ് വരുന്ന ഒമ്പതിന് കോടതിയില്‍ വരുന്നുണ്ടെന്നും രാജന്‍ പറഞ്ഞു. വീരേന്ദ്രകുമാറിന്റെ തൊഴിലാളിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മാതൃഭൂമിയില്‍നിന്ന് രാജിവച്ച് പാലക്കാട് മത്സരിക്കുന്ന കെ ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക ഐക്യദാര്‍ഢ്യ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം എത്തിച്ചേര്‍ന്ന ഗുരുതരമായ അധഃപതനത്തിന്റെ പ്രതിനിധിയാണ് വിരേന്ദ്രകുമാര്‍. ഒരു പത്രം കൈയിലുണ്ട് എന്നതിനാല്‍ ഭരണത്തിലിരിക്കുന്നവരടക്കമുള്ള എല്ലാവരെയും അദ്ദേഹം നിയന്ത്രിക്കുന്നു. വയനാട് കൃഷ്ണഗിരിയില്‍ വീരേന്ദ്രകുമാര്‍ കൈവശം വയ്ക്കുന്ന ഭൂമി തട്ടിയെടുത്തതാണെന്നും വ്യാജരേഖ ചമച്ചാണ് മകന് നല്‍കിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ കെ ആന്റണിക്കും ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും മാധ്യമങ്ങള്‍ക്കുമൊക്കെ അറിയാം. എല്ലാവരും അത് മൂടിവയ്ക്കുന്നു. വീരേന്ദ്രകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുവര്‍ഷത്തിനകം അയോഗ്യനാവും. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും താമസിയാതെ ജയിലിലും പോകേണ്ടിവരും. പൊതുസമൂഹത്തില്‍ പറയുന്നതിന് നേര്‍വിപരീതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. ആദിവാസികള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുകയും മരംമുറിച്ചു വില്‍ക്കുകയും ചെയ്യുന്നയാളാണ് പ്രകൃതി സ്നേഹിയായും പരിസ്ഥിതി പ്രവര്‍ത്തകനായും വാഴ്ത്തപ്പെടുന്നത്. കെ മുരളീധരനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന കരുണാകരനെ പരിഹസിച്ച വീരേന്ദ്രകുമാര്‍ പിന്നീട് മകനെ എംഎല്‍എയാക്കി. ഇനി പാര്‍ലമെന്റിലേക്കില്ല എന്ന് പറഞ്ഞയാള്‍ക്ക് ഇപ്പോള്‍ മത്സരരംഗത്ത് വരാനും മടിയുണ്ടായില്ല. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സുനില്‍കുമാര്‍ അധ്യക്ഷനായി.

No comments:

Post a Comment