Tuesday, April 8, 2014

പിഎഫ് വിഹിതം: സിഐടിയു കത്തയച്ചു

ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചയിക്കുന്നതിന് അടിസ്ഥാന ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കൂടി ചേര്‍ത്ത് കണക്കാക്കണമെന്ന ശുപാര്‍ശ നടപ്പാക്കേണ്ടെന്ന് കേന്ദ്രതൊഴില്‍മന്ത്രാലയം നിര്‍ദേശിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.

തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍മന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസിന് എ കെ പത്മനാഭന്‍ കത്തയച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയാക്കി വര്‍ധിപ്പിക്കാനും പിഎഫ് ശമ്പളപരിധി 6,500 ല്‍ നിന്ന് 15,000 രൂപയാക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു. പിഎഫ് വിഹിതം കണക്കാക്കാന്‍ അടിസ്ഥാന ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് സാധാരണയായി നല്‍കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ചേര്‍ക്കണമെന്ന് അറിയിച്ച് 2012 നവംബര്‍ മുപ്പതിന് ഇപിഎഫ്ഒ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പല തൊഴില്‍സ്ഥാപനങ്ങളും ജീവനക്കാരുടെ അടിസ്ഥാനശമ്പളം കുറച്ചുകാണിച്ച് കൂടുതല്‍ പണം മറ്റ് ആനുകൂല്യങ്ങളായി നല്‍കുന്നതും പരിഗണിച്ചായിരുന്നു ഈ നിര്‍ദേശം.

No comments:

Post a Comment