Thursday, April 17, 2014

വേണുഗോപാലിനെതിരെ ഷാനിമോളും: ഡിസിസി പ്രസിഡന്റ് പരാതി നല്‍കി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണു ഗോപാ ലിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്ക് അകത്ത് നിന്നുതന്നെ നീക്കമുണ്ടായതായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള നേതാക്കളാണ് ഇതിന് പിന്നിലെന്ന് ഷുക്കൂര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഷുക്കൂര്‍ കെപിസിസിക്ക് പരാതി നല്‍കി. 22 ന് ചേരുന്ന കെപിസിസി യോഗം ഈ വിഷയം ചര്‍ച്ചചെയ്യും. വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ വെള്ളാപ്പള്ളി പരസ്യമായി തന്നെ രംഗത്തെത്തിയെന്നും ഷുക്കൂര്‍ ആരോപിച്ചു.

എന്നാല്‍ ഷുക്കൂറിന്റെ പരാതിതെറ്റാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. ദേശീയ നേതാവായതിനാല്‍ തന്റെ പ്രവര്‍ത്തനം ആലപ്പുഴയില്‍ മാത്രമായിരുന്നില്ലെന്നും ഷാനിമോള്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കെതിരെ എഐസിസിക്കും കെപിസിസിക്കും ഷാനിമോള്‍ വിഭാഗം പരാതി നല്‍കും.സോളര്‍ കേസില്‍ ആരോപണ വിധേയനായ കെ സി വേണുഗോപലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കണക്കിലെടുക്കാതെയാണ് വേണുഗോപലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചതായാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കനത്ത പരാജയബോധത്തില്‍നിന്നാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകര്‍ വരുന്നതെന്ന് പറയുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും വിഴുപ്പലക്കല്‍ തുടങ്ങിയതാണ്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കും മലപ്പുറം സ്ഥാനാര്‍ഥി ഇ അഹമ്മദിനുമെതിരെ വെടിപൊട്ടിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജാണ് വിഴുപ്പലക്കാന്‍ തുടക്കമിട്ടത്. പിന്നീട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കം എറ്റുപിടിക്കുന്ന കാഴ്ചയായിരുന്നു.

അതേ സമയം തെരഞ്ഞെടുപ്പിനെ കുറിച്ച് എല്ലാ ഡിസിസികളും21നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കെപിസിസി അറിയിച്ചു. ഇതും 22ന് ചര്‍ച്ചചെയ്യും. നിര്‍ജ്ജീവമായിരുന്ന ഘടകങ്ങളോ നേതാക്കളോ ഉണ്ടായിരുന്നോയെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment