Tuesday, April 15, 2014

പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റം സ്തംഭിച്ചു

പുനലൂര്‍ - ചെങ്കോട്ട ഗേജ്മാറ്റം സ്തംഭനാവസ്ഥയില്‍. പുനലൂര്‍ മുതല്‍ ഇടമണ്‍വരെയുള്ള റീച്ചില്‍ മാത്രമാണ് നിലവില്‍ ഗേജ്മാറ്റ ജോലികള്‍ അല്‍പമെങ്കിലും നടക്കുന്നത്. ഇടമണ്‍ -കഴുതുരുട്ടി, കഴുതുരുട്ടി - ഭഗവതിപുരം, ഭഗവതിപുരം- ചെങ്കോട്ട റീച്ചുകളില്‍ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായി. ഈ റീച്ചുകളില്‍ മൂന്നു വര്‍ഷമായി 20 ശതമാനം ജോലികള്‍ പോലും നടന്നിട്ടില്ല. പുനലൂര്‍ റീച്ചില്‍ കല്ലട പാലത്തിന്റെ തൂണിലെ ജാക്കറ്റിങ്ജോലികള്‍ മാത്രമാണ് നടക്കുന്നത്. പുനലൂര്‍ പത്തനാപുരം റോഡിനോടു ചേര്‍ന്നുള്ള തൂണില്‍ റോഡ് നിരപ്പുവരെ ജാക്കറ്റിങ് നടന്നു. എന്നാല്‍ കല്ലടപാലത്തിലെ മീറ്റര്‍ഗേജ് ഗര്‍ഡര്‍ മാറ്റി ബ്രോഡ്ഗേജ് ഗര്‍ഡര്‍ സ്ഥാപിക്കല്‍, പുനലൂര്‍ മുതല്‍ ഇടമണ്‍വരെ മണ്ണ്വേലകള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ റെയില്‍പാളങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ ആരംഭിച്ചിട്ടില്ല. മാര്‍ച്ചില്‍ ഇടമണ്‍ പുനലൂര്‍ പാതയില്‍ ബ്രോഡ്ഗേജ് ട്രെയിന്‍ ട്രയല്‍റണ്‍ നടത്തുമെന്നായിരുന്നു റെയില്‍വെ മന്ത്രാലയത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ ഗേജ്മാറ്റത്തിന്റെ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കാത്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. മെയ് മാസത്തില്‍ ട്രാക്ക് സ്ഥാപിക്കല്‍ തുടങ്ങുമെന്നാണ് കരാറുകാര്‍ പറയുന്നത്. സെപ്തംബറില്‍ ട്രയല്‍റണ്‍ നടത്താനാകുമെന്നും ഇവര്‍ പറയുന്നു. ഡിസംബറില്‍ പുനലൂര്‍ ഇടമണ്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

പുനലൂര്‍ റെയില്‍വെസ്റ്റേഷനടുത്ത് പേപ്പര്‍മില്‍ റോഡിലേക്ക് അടിപ്പാത നിര്‍മാണ നടപടികളും അനന്തമായി വൈകുകയാണ്. ഇടമണിലെ റെയില്‍വെസ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചിട്ടില്ല. പുനലൂര്‍ - ഇടമണ്‍ റീച്ചിന്റെ കമീഷനിങ് നടക്കണമെങ്കില്‍ സ്റ്റേഷന്‍ നിര്‍മിക്കണം. പക്ഷേ റെയില്‍വെസ്റ്റേഷന്‍ ഭാഗം ഇടമണ്‍ - കഴുതുരുട്ടി റീച്ചിലാണ് ഉള്‍പ്പെടുന്നത്. ഇടമണ്‍ - ഭഗവതിപുരം റീച്ചുകളിലെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ 10 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നേക്കും. ചെങ്കോട്ട - ഭഗവതിപുരം റീച്ചില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം റെയില്‍പാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേസ്റ്റേഷനുകളുടെ നിര്‍മാണവും നിലച്ചിരിക്കുന്നു. കോട്ടവാസല്‍, തെന്മല ഉള്‍പ്പെടെ നാല് തുരങ്കങ്ങളുടെ വീതി വര്‍ധിപ്പിക്കല്‍ ബലപ്പെടുത്തല്‍ ജോലികളും നിലച്ചിട്ട് ഏറെ മാസങ്ങളായി. പതിമൂന്ന് കണ്ണറ പാലത്തിന്റെ തനിമ നിലനിര്‍ത്തി ജാക്കറ്റിങ്ജോലികള്‍ നടത്താനും കരാറുകാര്‍ രംഗത്തെത്തിയിട്ടില്ല. തമിഴ്നാടുമായുള്ള വ്യാപാര വാണിജ്യബന്ധങ്ങള്‍ ഗേജ്മാറ്റത്തിനായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. റോഡ്മാര്‍ഗമുള്ള ചരക്കുനീക്കം ഭീമമായ സാമ്പത്തികബാധ്യതയാണ് വ്യാപാരികള്‍ക്കുണ്ടാക്കുന്നത്. യാത്രാക്ലേശവും രൂക്ഷമാണ്.

അരുണ്‍ മണിയാര്‍ deshabhimani

No comments:

Post a Comment