Tuesday, April 15, 2014

പഴയങ്ങാടിയിലേത് തളിപ്പറമ്പിലെ അക്രമത്തിന്റെ തുടര്‍ച്ച: സിപിഐ എം

പഴയങ്ങാടി: ഏതാനും ദിവസങ്ങളായി തളിപ്പറമ്പ് പ്രദേശത്ത് മുസ്ലിംലീഗും എസ്ഡിപിഐയും നടത്തുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് പഴയങ്ങാടി മൊട്ടാമ്പ്രത്തും ഉണ്ടായതെന്ന് സിപിഐ എം മാടായി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഇത് ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്നു. റോഡില്‍നിന്നും കുറച്ചുള്ളിലായുള്ള എസ്ഡിപിഐ നേതാവിന്റെ തുണിക്കട കത്തിച്ച് മണിക്കൂറുകള്‍ക്കകം പള്ളിയോടുചേര്‍ന്ന മുസ്ലിംലീഗ് അനുഭാവിയുടെ പെയിന്റ് കടയ്ക്ക് തീയിട്ടു. എസ്ഡിപിഐയും മുസ്ലിംലീഗും തമ്മിലുള്ള വിരോധം പഴയങ്ങാടി മേഖലയില്‍ പ്രകടമാണ്. സംഘര്‍ഷം വളര്‍ത്തുന്നതിന്റെ ഭാഗമായി ചിലര്‍ ആസൂത്രിതനീക്കം നടത്തിയതാണെന്നും സംശയമുണ്ട്. സാധാരണയില്‍നിന്നും വ്യത്യസ്തമായി ഈ മേഖലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായോ, ശേഷമോ ധരു പ്രശ്നവുമുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും പൊലീസും ജാഗ്രത പാലിച്ചാണിത് സാധ്യമായത്. എന്നാല്‍ നിര്‍ഭാഗ്യകരമായ ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മിനെ പഴിചാരാനാണ് ശ്രമിച്ചത്. പൊലീസിന്റെ അനാസ്ഥയില്‍ ആഭ്യന്തരവകുപ്പിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ സിപിഐ എം പാര്‍ടി ഓഫീസാക്കാന്‍ ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് തുല്യമാണിത്. മൊട്ടാമ്പ്രം പ്രദേശത്ത് പള്ളിയുടെ സമീപത്തായാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുസ്ലിംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. നാട്ടില്‍ അനിഷ്ടസംഭവമുണ്ടാകാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. ഇത്തരം സംഭവങ്ങളില്‍ ചിലരുടെ ആസൂത്രിതനീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും സിപിഐ എം മാടായി ഏരിയാ സെക്രട്ടറി പി പി ദാമോദരന്‍ ആവശ്യപ്പെട്ടു.

അടിയന്തര നടപടി വേണം: ടി വി രാജേഷ്

പഴയങ്ങാടി: മാടായി പഞ്ചായത്തില്‍ മൊട്ടാമ്പ്രത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമസംഭവത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനും അക്രമം വ്യാപിക്കാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി വി രാജേഷ് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൊട്ടാമ്പ്രത്തെ തൗഫീഖിന്റെ തുണിക്കടയും അബ്ദുള്‍ സത്താറിന്റെ പെയിന്റ് കടയും കത്തിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കടയുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സത്വരനടപടിയെടുക്കണം. വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോഴും സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇപ്പോഴുണ്ടായ അക്രമം എല്ലാ വിഭാഗം ജനങ്ങളെയും ഭീതിയിലാഴ്ത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും കച്ചവടസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും അക്രമം ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.

അക്രമത്തിന്റെ ഉത്തരവാദിത്വം തലയിലിടേണ്ട: എല്‍ഡിഎഫ്

പെരിങ്ങോം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരിങ്ങോം- വയക്കര പഞ്ചായത്തിലെ പെടേനയില്‍ മുസ്ലിംലീഗ്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിനുമേല്‍ കെട്ടിവയ്ക്കാനുള്ള യുഡിഎഫ് നീക്കം അപലപനീയമാണെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താനവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യൂത്ത്ലീഗുകാര്‍ പെടേന മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതര രാഷ്ട്രീയ പാര്‍ടികളുടെ പ്രചാരണബോര്‍ഡുകളോ, കൊടിതോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ലെന്ന ധിക്കാര നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പൊതുയോഗത്തിനിടെ മുന്‍ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എം ഉമ്മറിനെ ലീഗുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. പോളിങ് ദിവസം എസ്ഡിപിഐ ബൂത്ത് ഏജന്റിനെയും സഹോദരനെയും ലീഗ് ഓഫീസിനുള്ളില്‍ പൂട്ടിയിട്ട് യൂത്ത്ലീഗുകാര്‍ മര്‍ദിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്. വസ്തുത ഇതായിരിക്കെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റായാണ് ബൂത്തിനകത്ത് എത്തിയതെന്ന പ്രചാരണം നടത്തി സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള യുഡിഎഫ് നീക്കം വിലപ്പോകില്ലെന്നും കമ്മിറ്റി അറിയിച്ചു.

deshabhimani

No comments:

Post a Comment