Tuesday, April 15, 2014

ഡിസിസി അംഗത്തെ പുറത്താക്കി

ആന്റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദത്തില്‍ പത്തനംതിട്ട ഡിസിസിയില്‍ പൊട്ടിത്തെറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസിനുവേണ്ടി പരസ്യമായി പ്രചാരണം നടത്തിയ ഡിസിസി അംഗം വര്‍ഗീസ് ഫിലിപ്പിനെയും മുന്‍ തോട്ടപ്പുഴശേരി മണ്ഡലം പ്രസിഡന്റ് കെ എ എബ്രഹാമിനെയും നേതൃത്വം പാര്‍ടിയില്‍നിന്ന് പുറത്താക്കി. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസില്‍ കലഹം മൂര്‍ഛിക്കുകയാണ്. പീലിപ്പോസിനെ അനുകൂലിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനാണെങ്കില്‍ ആയിരക്കണക്കിനുപേരെ പുറത്താക്കേണ്ടി വരുമെന്ന് വര്‍ഗീസ് ഫിലിപ്പ് പ്രതികരിച്ചു.

ആന്റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച മോഹന്‍രാജിന് തന്നെ പുറത്താക്കാന്‍ അവകാശമില്ല. വോട്ടെണ്ണുമ്പോള്‍ മോഹന്‍രാജിന്റെയും പല ബ്ലോക്ക് പ്രസിഡന്റുമാരുടെയും ബൂത്തുകളില്‍ യുഡിഎഫിന് ലഭിച്ച വോട്ട് പരിശോധിക്കേണ്ടിവരും. പി ജെ കുര്യനാണ് ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരന്‍. പീലിപ്പോസ് തോമസിനെ മൂന്നു തവണ റാന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയ ശേഷം സമുന്നത നേതാക്കന്മാര്‍ രഹസ്യമായി തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പീലിപ്പോസ് തോമസിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതെന്നും വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു.

ജില്ലയില്‍ നൂറുകണക്കിന് വര്‍ഗീസ് ഫിലിപ്പുമാര്‍ ഉണ്ടായിരുന്നുവെന്ന വിവരം വോട്ട് എണ്ണുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെടുമെന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസ് ദേശാഭിമാനിയോടു പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസംതന്നെ ചീഫ് വിപ്പ് പി സി ജോര്‍ജ് ആന്റോ ആന്റണിക്കെതിരായി രംഗത്തു വന്നിരുന്നു

താന്‍ പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞു: പി സി ജോര്‍ജ്

കോട്ടയം: പത്തനംതിട്ടയില്‍ ഡിസിസി അംഗത്തിനെതിരെ നടപടിയെടുത്തതോടെ താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി ആന്റോ ആന്റണി കൊള്ളരുതാത്തവനാണെന്നായിരുന്നു ജോര്‍ജ് തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തുറന്നടിച്ചത്. തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന പരാതിയില്‍ ഡിസിസി അംഗം വര്‍ഗീസ് ഫിലിപ്പ് മോനായിക്കെതിരെയാണ് നടപടി.

കോണ്‍ഗ്രസ് പാലം വലിച്ചെന്ന് ലീഗിന് ആശങ്ക

കോഴിക്കോട്: മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ജനവിധിയോര്‍ത്ത് മുസ്ലിംലീഗിന് ആശങ്ക. രണ്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് പാലം വലിച്ചതായാണ് ലീഗ് നേതൃത്വത്തിന്റെ സംശയം. ഫലം വന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന. മുമ്പൊരു തെരഞ്ഞെടുപ്പിലുമില്ലാത്തവിധം ഫലത്തെക്കുറിച്ച് കടുത്തആശങ്കയാണ് ലീഗിനുള്ളത്. റെക്കോഡ് ഭൂരിപക്ഷത്തെക്കുറിച്ച് വീമ്പിളക്കാറുള്ള നേതാക്കള്‍ ഇക്കുറി പരസ്യവിലയിരുത്തലിന് തയ്യാറായില്ല. ദേശീയ പ്രസിഡന്റ് ഇ അഹമ്മദും സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീറും തോല്‍ക്കുകയല്ല, ഭൂരിപക്ഷം കുറഞ്ഞാല്‍പ്പോലും ലീഗ് നിലനില്‍പ്പില്ലാത്ത അവസ്ഥയിലാകും.

മലപ്പുറത്ത് കഷ്ടിച്ച് രക്ഷപ്പെടുമെന്ന് ആശ്വസിക്കുന്ന ലീഗ് നേതാക്കള്‍ പൊന്നാനിയുടെ കാര്യത്തില്‍ ഉറപ്പു പറയുന്നില്ല. പോളിങ് കുറഞ്ഞതും തോല്‍വിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മലപ്പുറം ജില്ലയില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യം ഏറെക്കാലമായുള്ളതാണ്. പൊന്നാനി മണ്ഡലത്തിലെ പൊന്മുണ്ടം, നന്നംമുക്ക്, ആലങ്കോട് എന്നിവിടങ്ങളില്‍ ഇരുകക്ഷികളും ശത്രുതയിലായിരുന്നു.കെപിസിസിസി എക്സി. അംഗമായ വി അബ്ദുറഹ്മാന്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസിനെ എന്നപോലെ ലീഗിനെയും ഞെട്ടിച്ചു.

വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നുവെന്ന സംശയത്തിലാണ് ലീഗ്. പോളിങ് കുറഞ്ഞതും ലീഗിനെ പേടിപ്പിക്കുന്നു. മലപ്പുറത്ത് ഇത്തവണ ആറ്ശതമാനത്തിലേറെയാണ് പോളിങ് കുറഞ്ഞത്. കഴിഞ്ഞതവണ 76.67ആയിരുന്നത് ഇക്കുറി 71.27 ആയി. പൊന്നാനിയിലും സാരമായ ഇടിവുണ്ടായി. 2009-ല്‍ 77.12 ശതമാനമായിരുന്നത് 74.1 ആയി. ലീഗ് കേന്ദ്രമെന്നറിയപ്പെടുന്ന തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവിടങ്ങളിലെല്ലാം പോളിങ് കുറഞ്ഞു. അതേസമയം ഇടതുപക്ഷ ശക്തികേന്ദ്രമായ തൃത്താലയിലും സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്റെ തട്ടകമായ തിരൂരിലും പോളിങ് കൂടി. അതേസമയം ഫലം എങ്ങനെയായാലും തെരഞ്ഞെടുപ്പുവേളയില്‍ ലീഗ് സഹിച്ച അപമാനത്തിനും അവഹേളനത്തിനും കോണ്‍ഗ്രസിനോട് മറുപടി പറയണമെന്നതാണ് ലീഗ് അണികളില്‍ നല്ലൊരുവിഭാഗത്തിന്റെയും വികാരം.

deshabhimani

No comments:

Post a Comment