Tuesday, April 15, 2014

മില്‍മയുടേത് പകല്‍ക്കൊള്ള

തൃശൂര്‍: കര്‍ഷകന്റെ പേരില്‍ പാലിന് വിലകൂട്ടി മില്‍മ വീണ്ടും പകല്‍ക്കൊള്ളയ്ക്കു നീക്കം നടത്തുന്നു. ലിറ്ററിന് 35 രൂപയ്ക്ക് വില്‍ക്കുന്ന പാലിന് 40 രൂപയാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതായാണ് സൂചന. ഏപ്രില്‍ അവസാനം ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും. എന്നാല്‍ കൂട്ടുന്ന വിലയില്‍നിന്ന് കര്‍ഷകര്‍ക്ക് നല്‍കേണ്ട വിഹിതത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ക്ഷീരകര്‍ഷകരും ക്ഷീരോല്‍പ്പാദക സംഘങ്ങളുടെ അസോസിയേഷനും സമ്മര്‍ദം ചെലുത്തുന്നതിലാണ് വിലകൂട്ടുന്നതെന്നാണ് മില്‍മയുടെ ന്യായം. 2012 ഒക്ടോബര്‍ 14ന് ലിറ്ററിന് അഞ്ചു രൂപ മില്‍മ വില കൂട്ടിയപ്പോള്‍ നാലര രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും നാമമാത്ര വര്‍ധനയാണ് നല്‍കിയത്. തൈര് വെണ്ണ, പേഡ തുടങ്ങി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് മില്‍മ മുന്നറിയിപ്പില്ലാതെ പല തവണ വില വര്‍ധിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ നിലപാടും പരിശോധിച്ച ശേഷമേ പാല്‍ വില വര്‍ധിപ്പിക്കൂ എന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പറഞ്ഞു.

കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വില വര്‍ധനയും പുല്ലിന്റെ ദൗര്‍ലഭ്യവും മൂലം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കുളമ്പുരോഗത്തെത്തുടര്‍ന്ന് മാടുകള്‍ക്ക് വന്‍ നാശമുണ്ടായി. 2013 ആഗസ്ത് മുതല്‍ ജനുവരി വരെ 55,000 കന്നുകാലികള്‍ക്ക് കുളമ്പുരോഗം ബാധിച്ചു. ഇതില്‍ 6800 എണ്ണം ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇരട്ടിയിലധികമാണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നിസാര സഹായംപോലും പല കര്‍ഷകര്‍ക്കും കിട്ടിയിട്ടില്ല. നാല്‍പ്പതു രൂപയെങ്കിലും ലിറ്ററിന് വില കിട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരില്‍ നിന്ന് എട്ടര ലക്ഷം ടണ്‍ പാലാണ് പ്രതിദിനം മില്‍മ വാങ്ങുന്നത്. വില്‍ക്കുന്നത് 13.5 ലക്ഷം ടണും. ബാക്കി പാല്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതാണ്്. നിലവാരമില്ലാത്ത തമിഴ്നാട് പാലും മില്‍മയുടെ ലേബലൊട്ടിച്ചാണ് വില്‍ക്കുന്നത്. അഞ്ചു രൂപ പാലിന് വില കൂട്ടിയാല്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്നതടക്കമുള്ള മുഴുവന്‍ പാലിനും വില കൂട്ടിയാണ് വില്‍ക്കുക. ഇതുവഴി കോടികള്‍ നേടാം. കേരളത്തിലെ നാലു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ മൂന്നു ലക്ഷം പേര്‍ ക്ഷീരസംഘങ്ങള്‍ വഴി മില്‍മയ്ക്ക് പാല്‍ നല്‍കുന്നുണ്ട്. ലിറ്ററിന് 27-30 രൂപ പ്രകാരമാണ് കര്‍ഷകന് വിലകിട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷീരകര്‍ഷകന് ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ സബ്സിഡി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി രജിസ്ട്രേഷന്‍ നടന്നെങ്കിലും പണം നല്‍കാതെ വഞ്ചിച്ചു. ക്ഷീര കര്‍ഷകന് ഓരോ ലിറ്റര്‍ പാലിനും അഞ്ചു രൂപ വീതം സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്ന് ദീര്‍ഘകാലമായി കേരള കര്‍ഷകസംഘം ആവശ്യപ്പെടുന്നതാണെങ്കിലും ഒന്നും നല്‍കാന്‍ തയ്യാറായിട്ടില്ല. ക്ഷീരകര്‍ഷകരെ യുഡിഎഫ് സര്‍ക്കാരും മില്‍മയും നിരന്തരമായി വഞ്ചിക്കുകയാണെന്ന് കേരള കര്‍ഷകസംഘം പ്രസിഡന്റ് ഇ പി ജയരാജനും സെക്രട്ടറി കെ വി രാമകൃഷ്ണനും പറഞ്ഞു.

വി എം രാധാകൃഷ്ണന്‍

കര്‍ഷകവഞ്ചന ചെറുക്കും: ഇ പി

തൃശൂര്‍: പാലിന് ഏകപക്ഷീയമായി വില കൂട്ടാനും കര്‍ഷകരെ വഞ്ചിക്കാനുമുള്ള മില്‍മയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു.

പാലിന് അടിക്കടി വിലവര്‍ധിപ്പിക്കുമ്പോഴും ക്ഷീരകര്‍ഷകന് ന്യായമായ വില നല്‍കാതെ മില്‍മ വഞ്ചിക്കുകയാണ്. പാലിന് അഞ്ചു രൂപ വില വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ സബ്സിഡിയടക്കം പത്തു രൂപ കര്‍ഷകന് കൂടുതല്‍ നല്‍കണം. ഇതൊന്നുമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന വിലവര്‍ധനയെ ശക്തമായി എതിര്‍ക്കും. കേരളത്തിലെ കര്‍ഷകരില്‍നിന്നും എട്ടര ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങി പതിമൂന്നര ലക്ഷമാക്കി വില്‍ക്കുന്ന മില്‍മ വന്‍ തോതില്‍ കൃതിമപ്പാല്‍ വിറ്റഴിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും പാല്‍പ്പൊടി കലക്കി കൃത്രിമപ്പാലുണ്ടാക്കി മില്‍മയുടെ ലേബലില്‍ വില്‍ക്കുന്നത് വന്‍ വഞ്ചനയും ക്രിമിനല്‍ കുറ്റവുമാണ്. കോടതിയില്‍ കേസ് വന്നപ്പോള്‍ മില്‍മ തമിഴ്നാട്ടില്‍ നിന്ന് പാല്‍കൊണ്ടുവരുന്നുണ്ടെന്ന് സമ്മതിച്ചതാണ്. ഇതുമൂലം ജനവിശ്വാസം നഷ്ടപ്പെടുകയാണ്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിന് പിന്നില്‍. യുഡിഎഫ് സര്‍ക്കാരും ക്ഷീരവികസന വകുപ്പും കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു. ന്യായവില കിട്ടണമെന്ന കര്‍ഷകന്റെ ആവശ്യം അംഗീകരിക്കാന്‍ മില്‍മയും സര്‍ക്കാരും തയ്യാറാവുന്നുമില്ല. കാലിത്തീറ്റയുടെ വില വര്‍ധനയും കുളമ്പുരോഗവും കേരളത്തിലെ ക്ഷീര കര്‍ഷകനെ തളര്‍ത്തിയിരിക്കയാണ്. ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment