Saturday, April 5, 2014

കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് അറിഞ്ഞിട്ടും ആന്റണി നുണപറയുന്നു: പിണറായി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയെ വെള്ളപൂശാനുള്ള എ കെ ആന്റണിയുടെ ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കില്ലെന്ന് അറിഞ്ഞിട്ടും രാജ്യം ഭരിക്കുമെന്ന് അദ്ദേഹം ബോധപൂര്‍വം നുണപറയുകയാണെന്നും പിണറായി പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം തൃക്കാക്കരയിലും നീറിക്കോടും പള്ളുരുത്തിയിലും ചേര്‍ന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ആന്ധ്രപ്രദേശില്‍ ഇക്കുറി കോണ്‍ഗ്രസ് മനസ്സില്‍ കാണുന്നത് പൂജ്യമാണ്. പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. പിന്നെ എ കെ ആന്റണി പറയുന്നത് എങ്ങനെ വിലപ്പോവാനാണ്. അഴിമതിയില്‍ ഇന്ത്യയെ ലോകത്തെ ഒന്നാമത്തെ രാജ്യമാക്കിയ ഭരണാധികാരികളാണ് ഇപ്പോള്‍ അഴിമതി തടയുമെന്ന് പ്രകടനപത്രികയില്‍ പറയുന്നത്. അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതിയാണ് കേന്ദ്രം നടത്തിയത്. എന്നിട്ട് വീണ്ടും അഴിമതിവീരന്മാരായ അശോക് ചവാന്‍, പവന്‍കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്.

വികസനം നടക്കുന്നിടത്ത് അഴിമതിയും ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വാദം. അതിനര്‍ഥം അഴിമതി തടയാന്‍ അവര്‍ക്കാവില്ല എന്നുതന്നെയാണ്. രാജ്യത്തെ 70 ശതമാനത്തോളം വരുന്ന 87 കോടി ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല. ഉപദ്രവത്തിന് കുറവും ഉണ്ടായില്ല. കുത്തകള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് 23 ലക്ഷം കോടിരൂപയുടെ നികുതി ഇളവും മറ്റു സഹായവും നല്‍കി. "ഭക്ഷ്യസുരക്ഷ" നിലവിലുള്ള ആനുകൂല്യവും ഇല്ലാതാക്കുന്നു. പരമദരിദ്രര്‍പോലും ദാരിദ്ര്യരേഖയ്ക്കു മുകളിലായി. റേഷന്‍സമ്പ്രദായം അപ്പാടെ തകര്‍ക്കപ്പെടുന്ന സ്ഥിതിയുമായി. സാമ്പത്തികനയം, കുത്തകകളെ സഹായിക്കല്‍, സാമ്രാജ്യത്വ പ്രീണനം എന്നിവയിലൊന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തരമില്ല. ഇപ്പോള്‍ ബിജെപി വരുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് കോര്‍പറേറ്റുകളാണ്. അവരുടെ കീഴിലുള്ള രാജ്യത്തെ 95 ശതമാനം മാധ്യമങ്ങളെയും ഇതിനായി ഉപയോഗിക്കുന്നു.

യുഡിഎഫ് എന്ന ശാപം ഒഴിഞ്ഞാല്‍ മതിയെന്നാണ് ഭരണം അടിച്ചേല്‍പ്പിച്ച കഷ്ടതയാല്‍ ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് നാടുനീങ്ങിയ കര്‍ഷക ആത്മഹത്യകള്‍ യുഡിഎഫ് ഭരണത്തില്‍ വീണ്ടും തിരിച്ചെത്തി. ആസിയന്‍ കരാറിനെതിരെ എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭത്തെ ഘോരഘോരം കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും അപലപിച്ചെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയെന്തായി. 240 രൂപ വിലയുണ്ടായിരുന്ന റബര്‍വില 140-ല്‍ താഴെയായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തു വിലയാണുള്ളത്. തീരദേശ സംരക്ഷണനിയമം തീരദേശജനതയെയും തകര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ നയിക്കുന്ന ശക്തമായ ബദല്‍സര്‍ക്കാരിനേ പ്രസക്തിയുള്ളൂവെന്നും ജനം അതിനായാണ് കാത്തുനില്‍ക്കുന്നതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് പ്രകടനപത്രിക കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുന്‍മേയറുമായ കെ എം ഹംസക്കുഞ്ഞിനു നല്‍കി പിണറായി തൃക്കാക്കരയില്‍ പ്രകാശനം ചെയ്തു. സന്തോഷ് ബാബു അധ്യക്ഷനായി. പി രാജീവ് എംപി സംസാരിച്ചു. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. "ചക്കരക്കൂട്ടം" സംഘം അവതരിപ്പിച്ച നാടന്‍പാട്ടും എ ആര്‍ രതീശന്റെ സംവിധാനത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈറ്റില ഏരിയാ കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച "തെരഞ്ഞെടുപ്പ് ഒരു സൗന്ദര്യമത്സരമല്ല" എന്ന നാടകവും അരങ്ങേറി.നീറിക്കോട് ചേര്‍ന്ന യോഗത്തില്‍ കെ കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കെ ചന്ദ്രന്‍പിള്ള, സി കെ പരീത്, പി എം മനാഫ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment