Saturday, April 5, 2014

പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍ പ്രേമചന്ദ്രനു മുഖമടച്ചുള്ള പ്രഹരം

മുഖമടച്ചുള്ള പ്രഹരം. എല്‍ഡിഎഫില്‍നിന്നു വിട്ടുപോയി വലതുപക്ഷപാളയത്തില്‍ ചേക്കേറിയതിനുള്ള തിരിച്ചടി. കൊല്ലത്തിന്റെ ഇടതുപക്ഷമനസ്സിനെ വെല്ലുവിളിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനു കനത്ത തിരിച്ചടി- കോണ്‍ഗ്രസ് നേതാവും കൊല്ലത്തെ സിറ്റിങ് എംപിയുമായ എന്‍ പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍ പ്രചാരണരംഗത്ത് അനുദിനം തളരുന്ന യുഡിഎഫിനു കനത്ത പ്രഹരമായി. കൊല്ലം സീറ്റ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആറുമാസംമുമ്പ് സിപിഐ എമ്മിനു കത്തു നല്‍കിയെന്നും അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിന്റെ പേരില്‍ എല്‍ഡിഎഫ് വിടുന്നു എന്നുമാണ് മാര്‍ച്ച് എട്ടിനു പ്രേമചന്ദ്രനും കൂട്ടരും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. അതൊക്കെ അപ്പടി കളവായിരുന്നു എന്നാണ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. കേരളം കണ്ട ഏറ്റവുംവലിയ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ മുഖ്യകാര്‍മികത്വവും പ്രേമചന്ദ്രന് ആയിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നു. കൊല്ലത്തെ പ്രബുദ്ധരായ വോട്ടര്‍മാരുടെ മുന്നില്‍ രാഷ്ട്രീയവഞ്ചനയുടെയും നെറികേടിന്റെയും ആള്‍രൂപമായി മാറിയിരിക്കുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പുപ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നപ്പോള്‍ അദ്ദേഹത്തിനായി കൊല്ലം സീറ്റ് "ത്യാഗം" ചെയ്ത പീതാംബരക്കുറുപ്പ് നടത്തിയ തുറന്നുപറച്ചില്‍ പ്രേമചന്ദ്രന്റെ കപടമുഖം പിച്ചിച്ചീന്തിയെറിഞ്ഞു. കുതിരക്കച്ചവടത്തിന്റെ തോഴനായ യുഡിഎഫ് സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ കൈയോടെ പിടികൂടിയിരിക്കുന്നു.

ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ യഥാര്‍ഥ ജനകീയബദല്‍ കെട്ടിപ്പടുക്കണം എന്നാണ് ആര്‍എസ്പിയുടെ ദേശീയ രാഷ്ട്രീയലക്ഷ്യം. ഇതു ലംഘിച്ചാണ് ആര്‍എസ്പിയെ ഇടതുപാളയത്തില്‍നിന്നു വലതുപക്ഷത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയത്. രാജ്യവ്യാപകമായി ഇടതുപക്ഷത്തെ നെഞ്ചേറ്റുന്ന കോടിക്കണക്കിനു ജനങ്ങളെ അങ്ങേയറ്റം ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു ആര്‍എസ്പിയുടെ ചുവടുമാറ്റം. അതിനുപിന്നില്‍ ഞെട്ടിപ്പിക്കുന്ന "കൊടുക്കലും വാങ്ങലും" നടന്നു എന്ന വിവരവും പുറത്തുവരുന്നു. ഇക്കാലമത്രയും കാത്തുസൂക്ഷിച്ച രാഷ്ട്രീയവ്യക്തിത്വം പ്രേമചന്ദ്രന്‍ പണയപ്പെടുത്തിയെന്നും ഇതു രാഷ്ട്രീയ ആത്മഹത്യയാണെന്നുമുള്ള ആരോപണം ശരിവയ്ക്കുന്നതാണ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊടിയ അഴിമതിക്കും ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കും വര്‍ഗീയതയുമായി സന്ധിചെയ്യുന്ന നിലപാടിനും എതിരെ അതിശക്തമായ പ്രപാരവേലയാണ് ആര്‍എസ്പിയും പ്രേമചന്ദ്രനും നടത്തിവന്നത്. മൂന്നരപ്പതിറ്റാണ്ടായി തുടര്‍ന്നുവന്ന ഈ നിലപാട് കൊല്ലം സീറ്റിന്റെ പേരില്‍മാത്രം ആര്‍എസ്പി ഉപേക്ഷിച്ചു എന്നത് രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പും അതിലേറെ ഞെട്ടലും ഉണ്ടാക്കി.

അതേസമയം, സൂക്ഷ്മദൃക്കുകളായവര്‍ക്ക് പെട്ടെന്നുണ്ടായ സംഭവ വികാസങ്ങളുടെ പ്രതിഫലനമായി ഈ നീക്കത്തെ വിലയിരുത്താനായില്ല. മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുപക്ഷബന്ധം ഒരുമണിക്കുറിനുള്ളില്‍ ഒരു സീറ്റിന്റെപേരില്‍ ആര്‍എസ്പി ഉപേക്ഷിക്കില്ലെന്ന് അവര്‍ വിലയിരുത്തി. ഇതിനു പിന്നില്‍ വ്യക്തവും ആസൂത്രിതവുമായ രാഷ്ട്രീയഗൂഢാലോചന ഉണ്ടെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. ഇക്കാര്യങ്ങള്‍ വളരെ കൃത്യമായി സിപിഐ എം-എല്‍ഡിഎഫ് നേതാക്കള്‍ ജനങ്ങളോടു പറഞ്ഞു. സിപിഐ എം നേതാക്കളും എല്‍ഡിഎഫ് നേതൃത്വവും ആദ്യംമുതല്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പീതാംബരക്കുറുപ്പിന്റെ ഏറ്റുപറച്ചിലോടെ എല്‍ഡിഎഫിന്റെ വിശ്വാസ്യതയും വര്‍ധിച്ചു. ഇക്കാലമത്രയും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനലക്ഷങ്ങളോട് ആര്‍എസ്പി നഗ്നമായ വഞ്ചനയാണ് കാട്ടിയത്.

കൊല്ലം പരമ്പരാഗതമായി ഇടതുപക്ഷമനസ്സിന്റെ പൈതൃകം പേറുന്നു. ഇതിനൊപ്പം നില്‍ക്കുകയും അതിന്റെ ഭാഗമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും ചെയ്തുവന്നു ആര്‍എസ്പി. എന്നാല്‍, ആര്‍ക്കെതിരെ ആണോ രാഷ്ട്രീയമായ പോരാട്ടം നടത്തിവന്നത് അവരുടെ പാളയത്തില്‍തന്നെ സ്വന്തം അസ്തിത്വം പണയപ്പെടുത്തി അവര്‍. പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നവേളയില്‍ പ്രേമചന്ദ്രനുമുന്നില്‍ പുതിയ വെളിപ്പെടുത്തല്‍ ഹിമാലയന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുഡിഎഫ് ക്യാമ്പ് അങ്കലാപ്പിലുമായി. രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട അന്തര്‍നാടകത്തിന്റെ കൂടുതല്‍ രംഗങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയിലാണ് യുഡിഎഫും പ്രേമചന്ദ്രനും. ഈ അങ്കലാപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം ആളില്ലാച്ചടങ്ങായി മാറുന്നു.

എം സുരേന്ദ്രന്‍ ദേശാഭിമാനി

1 comment:

  1. ഇതു മുഴുവൻ വായിച്ചിട്ടും, പീതാംബരക്കുറുപ്പ് നടത്തിയ തുറന്നുപറച്ചില്‍ എന്താണെന്നു എവിടെയും കാണുനില്ല... വിട്ടു പോയതാണോ?

    ReplyDelete