Thursday, April 17, 2014

ജീവനെടുത്തത് രാഷ്ട്രീയലക്ഷ്യംവച്ചുള്ള അന്വേഷണ കോലാഹലം

കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റ് തൂങ്ങിമരിച്ച നിലയില്‍

കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് ദിവസം കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പാട്യം മണ്ഡലം വൈസ്പ്രസിഡന്റും കണ്ണവം കോളനി ട്രൈബല്‍ യുപി സ്കൂളിലെ 54-ാം ബൂത്ത് ഏജന്റുമായ കെ കെ പ്രമോദിനെയാണ് മൊകേരി രാജീവ്ഗാന്ധി മൊമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ വാച്ച്മാനാണ് മൃതദേഹം കണ്ടത്.

തെരഞ്ഞെടുപ്പ് ദിവസം സജീവമായി പ്രവര്‍ത്തിച്ച പ്രമോദ് പോളിങ്ങിന് ശേഷം രാത്രി എട്ടോടെ സുഹൃത്തിന്റെ ബൈക്കില്‍ കൂത്തുപറമ്പില്‍ എത്തുകയും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി കോട്ടയം പഞ്ചായത്തിലെ താള്ളോടാണ് പ്രമോദ് താമസിച്ചിരുന്നത്. രാത്രി പത്തോടെ പ്രമോദിന്റെ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നു. കാണാതായശേഷം പ്രമോദ് മൈസൂര്‍, മംഗലാപുരം, മാനന്തവാടി എന്നിവിടങ്ങളില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തിങ്കളാഴ്ച പ്രമോദ് മാനന്തവാടിയില്‍നിന്നും കോഴിക്കോടെക്കുള്ള ബസ്സില്‍ യാത്ര ചെയ്യുന്നത് ചെറുവാഞ്ചേരി സ്വദേശി കണ്ടിരുന്നു. ഉടനെ പൊലീസില്‍ വിവരം നല്‍കിയെങ്കിലും കണ്ടെത്താനായില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രേംരാജ്, പാനൂര്‍ സിഐ വി വി ബെന്നി, കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍, കതിരൂര്‍ എസ്ഐ കെ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തള്ളോട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചെറുവാഞ്ചേരിയിലെ തറവാട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആത്മഹത്യയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും കാരണം പൊലീസ് അന്വേഷിക്കുമെന്നും എസ്ഐ കെ കുട്ടികൃഷ്ണന്‍ പറഞ്ഞു. ചെറുവാഞ്ചേരിയിലെ റിട്ട. അധ്യാപകന്‍ മുല്ലോളി കൃഷ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ടി കെ സോജ. മൂന്നര വയസ്സുള്ള നിയ ഏക മകള്‍. സഹോദരങ്ങള്‍: ലളിത, മധുസൂദനന്‍, പ്രദീപന്‍, അനില്‍, പ്രേമവലി, ബാബു, ബീന.

ജീവനെടുത്തത് രാഷ്ട്രീയലക്ഷ്യംവച്ചുള്ള അന്വേഷണ കോലാഹലം

കണ്ണൂര്‍: രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള വിവാദവും അന്വേഷണകോലാഹലവുമാണ് കോണ്‍ഗ്രസ് പാട്യം മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ പ്രമോദി(35)ന്റെ ജീവനെടുത്തത്. പ്രമോദിനെ കാണാതായതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവും ചില മാധ്യമങ്ങളും വലിയ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. യുഡിഎഫ് ബുത്ത് ഏജന്റിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അധികം വൈകാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഉത്തരമേഖല ഐജി ശങ്കര്‍റെഡ്ഡിക്ക് അന്വേഷണച്ചുമതല നല്‍കി. കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രേമരാജന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. കൂത്തുപറമ്പ് സിഐ പ്രേംസദന്‍ ഉള്‍പ്പെടെ അഞ്ചംഗ ഷാഡോ സംഘം ഇവരെ സഹായിച്ചു.

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവച്ചുള്ള നീക്കം ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തിരിഞ്ഞുകുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് കൂത്തുപറമ്പിനടുത്ത കണ്ണവം കോളനിയിലെ ട്രൈബല്‍ യുപി സ്കൂള്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന പ്രമോദിനെ കാണാതാകുന്നത്. പോളിങിനുശേഷം കൂത്തുപറമ്പിലെത്തിയ പ്രമോദിനെ ഭാര്യ വിളിച്ചു. ബന്ധുക്കള്‍ വീട്ടിലുണ്ടെന്നും ഉടന്‍ എത്തണമെന്നും പറഞ്ഞു. ജോലി ചെയ്യുന്ന മൊകേരി രാജീവ്ഗാന്ധി സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പോയി തിരിച്ചുവരാമെന്നായിരുന്നു മറുപടി. അന്നു രാത്രി പത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫായി. പിറ്റേ ദിവസം ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നില്ല.

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രമോദിന്റെ വീട്ടിലെത്തി സംഭവം സിപിഐ എമ്മിനുനേരെ തിരിച്ചുവിടാന്‍ നോക്കിയെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് പൊലീസിനെ ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചത്. ചാനലുകളിലും മറ്റും വ്യാപകമായി വാര്‍ത്ത പ്രചരിച്ചു. അടുത്ത ദിവസം കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിച്ച് പ്രമോദിന്റെ ബന്ധുക്കളെകൊണ്ട് കതിരൂര്‍ പൊലീസില്‍ പരാതി നല്‍കിപ്പിച്ചു. കതിരൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ട് ഐജിതല അന്വേഷണം പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ അന്വേഷണകോലാഹലം നാട്ടില്‍ തിരിച്ചെത്തിയ പ്രമോദിനെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കി. നാട്ടിലിറങ്ങാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് ജോലി ചെയ്യുന്ന സ്കൂള്‍ കോമ്പൗണ്ടിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചത്. ഏപ്രില്‍ 11ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും തൊട്ടടുത്ത ദിവസം മാനന്തവാടിയിലും പ്രമോദിനെ കണ്ടവരുണ്ട്. തന്നെ അന്വേഷണ സംഘം പിന്തുടരുന്ന വിവരം പ്രമോദ് അറിഞ്ഞിരുന്നു.

തിരോധാനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമോദ് ഒളിവിലായിരുന്നില്ല. കോഴിക്കോടുനിന്ന് വയനാട്ടിലേക്കും തിരിച്ചും യാത്രചെയ്തു. യഥാര്‍ഥ കാരണം മനസ്സിലാക്കി പ്രമോദ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ പിറ്റേന്നുതന്നെ കണ്ടെത്താനാകുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി എതിരാളികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് രൂപപ്പെട്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമോദ് ഉള്‍പ്പെടെ ചിലര്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റിനെ മാറ്റാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയ ശേഷമാണ് പ്രമോദ് ബൂത്തിലിരുന്നത്. ഫോണ്‍ ഉപയോഗിച്ചതിന്റെപേരില്‍ പൊലീസുമായി തര്‍ക്കമുണ്ടായതൊഴിച്ചാല്‍ ബൂത്തിനകത്ത് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

deshabhimani

No comments:

Post a Comment