Thursday, April 17, 2014

സര്‍ക്കാര്‍ പൊളിക്കാന്‍ തീരുമാനിച്ച സ്കൂളിന് നൂറുമേനി

ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാനായി സര്‍ക്കാര്‍ പൊളിക്കാന്‍ തീരുമാനിച്ച അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിന് നൂറുമേനി. രണ്ടു ദശാബ്ദത്തിനുശേഷമാണ് ഇത്തരം തിളക്കമാര്‍ന്ന വിജയം ലഭിക്കുന്നത്. അധ്യാപകരുടെയും സ്കൂള്‍ സംരക്ഷണസമിതിയുടെയും ശ്രമഫലമായിട്ടാണ് ഈ വിജയം കരസ്ഥമാക്കാനായത്. പതിനൊന്ന് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമടക്കം 18 വിദ്യാര്‍ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. സാധാരണ കുടുംബാംഗങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ അധികവും. സ്കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ട പ്രത്യേക സഹായം ഒരുക്കിയിരുന്നു. ഇവര്‍ക്ക് ഭക്ഷണവും പുസ്തകവും സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നല്‍കി. രാവിലെ ഒമ്പതിനും വൈകിട്ട് മൂന്നരയ്ക്കുശേഷവും പ്രത്യേക ക്ലാസ് എടുത്തു.
ഓരോ വിദ്യാര്‍ഥിക്കും പഠിക്കാന്‍ വിഷമമായ വിഷയങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികളുടെ നിലവാരമുയര്‍ത്താന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തുമായിരുന്നെന്ന് സംരക്ഷണസമിതി പ്രവര്‍ത്തകയായ ഗോമതി പറഞ്ഞു. സ്കൂള്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സും ബസ്ബേയും നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തിളക്കമാര്‍ന്ന വിജയം. സ്കൂളിലെ അമ്പതിലധികം മരങ്ങള്‍ മുറിക്കാന്‍ നടപടി തുടങ്ങുകയുംചെയ്തു. ഇതിനായി സ്കൂള്‍ ട്രിഡയ്ക്ക് കൈമാറുകയുംചെയ്തു.

ആദിവാസി ഹൈസ്കൂളിന് നൂറുമേനി

പാലോട്: രണ്ടു പതിറ്റാണ്ടോളംമുമ്പ് എസ്എസ്എല്‍സി പരീക്ഷയില്‍ ഒരു കുട്ടിപോലും ജയിക്കാതിരുന്ന ഇടിഞ്ഞാര്‍ ആദിവാസി ഹൈസ്കൂളില്‍ ഇക്കുറി പരീക്ഷയെഴുതിയ 22 കുട്ടികളും വിജയിച്ചു. പരിമിതികളെല്ലാം മറികടന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് സ്കൂളിന് 100 ശതമാനം വിജയം സമ്മാനിച്ചത്. ഭൂരിപക്ഷം പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലായി ആകെയുള്ളത് 224 പേര്‍. ഹൈസ്കൂള്‍വിഭാഗത്തില്‍ പഠിപ്പിക്കുന്നത് അഞ്ച് അധ്യാപകര്‍മാത്രം. ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിപ്പിക്കുന്നത് ഒരു അധ്യാപകന്‍. കണക്ക് അധ്യാപകനും സോഷ്യല്‍സയന്‍സ് അധ്യാപകനും മാറിമാറി ഇംഗ്ലീഷ് പഠിപ്പിക്കും. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍ കുട്ടികള്‍ക്ക് വീടുകളിലെ പഠനസൗകര്യവും പരിമിതംമാത്രം. ജില്ലാപഞ്ചായത്ത് നടപ്പാക്കിയ ക്വാളിറ്റ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം വിജയത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് കുട്ടികള്‍ പറയുന്നു. സ്കൂള്‍പഠനസമയത്തിന് മുമ്പും പിമ്പുമായി രണ്ടരമണിക്കൂറാണ് കുട്ടികള്‍ക്ക് അധ്യാപകര്‍ അധികം ക്ലാസുകള്‍ നല്‍കിയത്. നൂറുശതമാനം പരാജയത്തില്‍നിന്ന് പടിപടിയായുള്ള പ്രവര്‍ത്തനത്തിലൂടെയാണ് സ്കൂള്‍ സമ്പൂര്‍ണവിജയം പിടിച്ചെടുത്തതെന്ന് ഹെഡ്മാസ്റ്റര്‍ എ മുഹമ്മദ് പറയുന്നു. പൊന്മുടിമലയുടെ താഴ്വരയില്‍ ചുറ്റും വനമേഖലകള്‍ നിറഞ്ഞ ഇടിഞ്ഞാര്‍ഗ്രാമം സ്കൂളിന്റെ സമ്പൂര്‍ണവിജയം ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങിയത്. ഇനി സര്‍ക്കാര്‍സഹായങ്ങള്‍ നിര്‍ലോപം എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും.

എംഎല്‍എ ദത്തെടുത്ത സ്കൂളിന് നൂറുമേനി

അരൂര്‍: അധികൃതര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ ഏറ്റെടുത്ത സര്‍ക്കാര്‍ സ്കൂളിന് ഇത്തവണ 100 ശതമാനം വിജയം. അരൂര്‍ ഗവ. സ്കൂളിലാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതിയ 27 കുട്ടികളും വിജയിച്ചത്. "ടാര്‍ജറ്റ് -100" എന്ന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പരീക്ഷ എഴുതിയ 27 കുട്ടികളും വിജയിച്ചു. സാധാരണക്കാരുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളാണ് ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമായി പ്രത്യേകം യോഗം ചേരുകയും പിന്നീട് ജനകീയ കണ്‍വന്‍ഷനും വിളിച്ച് ചേര്‍ത്താണ് ടാര്‍ജറ്റ് 100 പദ്ധതി പ്രഖ്യാപിച്ച് സ്കൂള്‍ എ എം ആരിഫ് എംഎല്‍എ ദത്തെടുത്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം മേധാവി ഡോ. വര്‍ഗീസ് പൊന്നൂസിന്റെ നേതൃത്വത്തില്‍ നാലുതവണ സ്കൂളില്‍ കൗണ്‍സില്‍ നടത്തി. എറണാകുളത്തെ ഫിജി സംഘടനാപ്രവര്‍ത്തകരും വിദഗ്ധരും സ്കൂളില്‍ വ്യക്തിത്വവികസന, ലക്ഷ്യപ്രാപ്തി ക്ലാസുകള്‍ എടുത്തു. ചലച്ചിത്രതാരം അപൂര്‍വ്വയെ പോലുള്ളവര്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കി. പരീക്ഷയ്ക്കും പഠനത്തിനുമായി ശാന്തിഗിരി ആശ്രമം പ്രത്യേക "സ്കൂള്‍ കലണ്ടര്‍ ബുക്ക്" പ്രിന്റ് ചെയ്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്‍കി. സ്പെഷ്യല്‍ ക്ലാസുകള്‍ എടുക്കാന്‍ ഉപജില്ലയിലെ മറ്റ് സ്കൂളുകളിലെ വിദഗ്ധരായ അധ്യാപകരുടെ സേവനവും ലഭ്യമാക്കുകയും ഭക്ഷണമടക്കം നല്‍കുകയും ചെയ്തു. ഇതെല്ലാം കുട്ടികളില്‍ ഏറെ ആത്മവിശ്വാസം പകര്‍ന്നു. 139 വര്‍ഷത്തെ പഠന പാരമ്പര്യമുള്ള സ്കൂളില്‍ ബുധനാഴ്ച വൈകിട്ട് സന്തോഷം പങ്കുവയ്ക്കാന്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കളും അടക്കം നാടാകെയെത്തി. എ എം ആരിഫ് എംഎല്‍എ കുട്ടികള്‍ക്ക് മധുരം നല്‍കി. കുട്ടികളെ ഹെഡ്മാസ്റ്റര്‍ വസന്തകുമാറും അഭിനന്ദിച്ചു.

വിജയവഴിയില്‍ മാറ്റമില്ലാതെ ആദിവാസി വിദ്യാലയങ്ങള്‍

കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് നൂറുമേനിയുടെ തിളക്കം. അഞ്ച് റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നാലെണ്ണം നൂറ് ശതമാനം വിജയം കൊയ്തു. നല്ലൂര്‍നാട് എഎംഎംആര്‍ ജിഎച്ച്എസ്, പൂക്കോട് ജിഎംആര്‍എസ്, തിരുനെല്ലി ഗവ. ആശ്രമം സ്കൂള്‍ ,നൂല്‍പ്പുഴ രാജീവ്ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയത്. കല്‍പ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, സ്കൂളിന് മാത്രമാണ് നൂറുമേനി നേടാനാകാതെപോയത്. കഴിഞ്ഞ വര്‍ഷം നൂല്‍പ്പുഴക്കാണ് ഒരു കുട്ടി പരാജയപ്പെട്ടതോടെ നൂറ് മേനി നഷ്ടമായതെങ്കില്‍ ഇക്കുറി നിര്‍ഭാഗ്യം കല്‍പ്പറ്റക്കായി. കല്‍പ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 34 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടമ്പ കടക്കാനായില്ല. പൂക്കോട്, നല്ലൂര്‍നാട് സ്കൂളുകള്‍ മുന്‍ വര്‍ഷങ്ങളിലെ 100 ശതമാനം വിജയം ആവര്‍ത്തിച്ചു.പൂക്കോട് 56 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 56 പേരും വിജയിച്ചപ്പോള്‍ തിരുനെല്ലി ആശ്രമം സ്കൂളില്‍ പരീക്ഷ എഴുതിയ 29 പേരും വിജയിച്ചു. ദാരിദ്ര്യത്തോടും പ്രതികൂല സാഹചര്യങ്ങളും പോരടിച്ചാണ് ആദിവാസി വിദ്യാര്‍ഥികളുടെ പഠനം. വീടുകളിലെ സാഹചര്യം തീര്‍ത്തും മോശമായതിനാലാണ് ഇവര്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ ആശ്രയിക്കുന്നത്. സ്കൂളുകളിലെ മികച്ച സൗകര്യങ്ങളും അധ്യാപകരുടെ ആത്മാര്‍പ്പണവുമാണ് ഇവരുടെ വിജയരഹസ്യം. പാഠ്യേതര രംഗങ്ങളിലും റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ജില്ലയുടെ അഭിമാനമാണ്.

തലയുയര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. എയ്ഡഡ് വിദ്യാലയങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മിന്നുന്ന വിജയമാണ് നേടിയത്. മൊത്തം 15സ്കൂളുകള്‍ നൂറ്ശതമാനം വിജയം നേടിയതില്‍ 10ഉം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിജയക്കുതിപ്പ് തുടരുകയാണ്. തൊഴിലാളികളുടെയും സാമ്പത്തീകമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരുടെയും മക്കളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അക്ഷീണപ്രയ്നമാണ് ഈ വിജയത്തിന് പിന്നില്‍. ഓരോവിദ്യാര്‍ഥികള്‍ തോറ്റതിനാലാണ് നാല് സ്കൂളുകള്‍ക്ക് നൂറ് ശതമാനം നഷ്ടമായത്. രണ്ടു വിദ്യാര്‍ഥികള്‍ തോറ്റതിനാല്‍ ഒരുസ്കൂളിനും നൂറ് ശതമാനം നേടാനായില്ല. നേരത്തെ വിജയശതമാനത്തില്‍ ഏറെ പിറകിലായിരുന്ന സ്കൂളുകളാണ് ഇപ്പോള്‍ എയ്ഡഡ് മേഖലയുടെ ആധിപത്യം തകര്‍ത്ത് മുന്നേറുന്നത്.

deshabhimani

No comments:

Post a Comment