Thursday, April 17, 2014

കൊലവിളിയുമായി വീണ്ടും ആര്‍എസ്എസ് കാപാലികര്‍

നാട്ടിലെ നിസ്സാരപ്രശ്നങ്ങളില്‍ വരെ അനാവശ്യമായി ഇടപെട്ടും സംഘര്‍ഷം സൃഷ്ടിച്ചും സമാധാനജീവിതം തകര്‍ക്കുന്ന ആര്‍എസ്എസുകാര്‍ വീണ്ടും കൊലവിളിയുമായി രംഗത്ത്. നെടുമണ്‍കാവിലെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും സിപിഐ എം അംഗവുമായ ശ്രീരാജിന്റെ അരുംകൊല ആര്‍എസ്എസിന്റെ കാപാലികമുഖം വീണ്ടും തുറന്നുകാട്ടുന്നു. സ്വന്തം അച്ഛനൊപ്പം മറ്റൊരാളുടെ വീട്ടില്‍ ഉപജീവനത്തിനായി ജോലിയില്‍ ഏര്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവിനെയാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ് കൊലയാളികള്‍ നിഷ്ഠുരമായി വധിച്ചത്. വിഷുവിന്റെ ആഘോഷത്തിമിര്‍പ്പില്‍ നാടാകെ മുങ്ങിനില്‍ക്കെ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ ആര്‍എസ്എസുകാര്‍ ഉത്സവവും ആഘോഷവുമൊന്നും നാട്ടുകാര്‍ക്കു പാടില്ല എന്നു കൂടി പ്രഖ്യാപിക്കുകയായിരുന്നു.

നാട്ടിലാകെ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാര്‍ ഉണ്ടാക്കുന്ന കലാപവും സംഘര്‍ഷവും ചില്ലറയല്ല. ഉത്സവാഘോഷസമിതികളിലും മറ്റും ഭീഷണി ഉപയോഗിച്ചു കയറിപ്പറ്റുന്ന ഇക്കൂട്ടര്‍ പിന്നീട് പൊതുപ്രസ്ഥാനങ്ങളില്‍പെട്ടവരെയും തങ്ങള്‍ക്കെതിരായി അഭിപ്രായം പറയുന്നവരെയും ശത്രുക്കളായി പ്രഖ്യാപിക്കുന്നു. പിന്നീട് അവരെ ഉത്സവവേളകളില്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും പതിവാണ്. ഈ ശ്രേണിയിലെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ശനിയാഴ്ച അരങ്ങേറിയത്.

നെടുമണ്‍കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആറാട്ടുത്സവം ഞായറാഴ്ചയായിരുന്നു. അതിന്റെ ഭാഗമായി ശനിയാഴ്ച കലാപരിപാടികള്‍ ക്ഷേത്രാങ്കണത്തില്‍ നടന്നു. ഇതിനൊപ്പം നടന്ന നാടന്‍പാട്ടിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആര്‍എസ്എസുകാരുടെ നടപടിയെ ഉത്സവസ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസുകാര്‍ എഴുകോണ്‍ പൊലീസില്‍ കള്ളപ്പരാതി നല്‍കി അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി. ഇവരെ അന്നു തന്നെ പൊലീസ് ജാമ്യത്തില്‍വിട്ടു.

തുടര്‍ന്നാണ് ശ്രീരാജിനെതിരെ കൊലവിളികളുമായി ആര്‍എസ്എസ് സംഘം എത്തിയത്. ശ്രീരാജിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയും അതിനായി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയും കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നാണ് കൊലപാതകത്തിനു തെരഞ്ഞെടുത്ത രീതി സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 18നു സിപിഐ എം ഓടനാവട്ടം ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി വി സലിംലാലിനെയും ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് അതിക്രൂരമായി ആക്രമിച്ചു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം നെടുമണ്‍കാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെയും അമ്മയെയും ആര്‍എസ്എസ് സംഘം വീട്ടില്‍കയറി ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൊലപാതകം അരങ്ങേറിയത്.

പ്രിയപുത്രന് ആയിരങ്ങളുടെ യാത്രാമൊഴി

കൊല്ലം: ആര്‍എസ്എസ് കൊലയാളിസംഘം അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നെടുമണ്‍കാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റ് ശ്രീരാജിന് ആയിരങ്ങളുടെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച രാത്രി ഏഴരയോടെ നെടുമണ്‍കാവ് ആശുപത്രിമുക്കിനു സമീപമുള്ള ശ്രീരാജിന്റെ കുടുംബവീടായ സ്മിതാഭവനില്‍ എത്തിച്ചു. സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനാ നേതാക്കളുടെയും നൂറുകണക്കിനു പ്രവര്‍ത്തകരുടെയും അന്ത്യാഞ്ജലിക്കുശേഷം രാത്രി എട്ടരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അമ്മ, ഭാര്യ, സഹോദരിമാര്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരുടെ നിലയ്ക്കാത്ത നിലവിളി ഉയര്‍ന്നു. ശ്രീരാജിന്റെ അച്ഛനമ്മമാരെയും ഭാര്യ ശാരിയെയും സഹോദരിമാരെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളും കണ്ണീരണിഞ്ഞു. പകല്‍ മൂന്നോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് സിപിഐ എം നേതാക്കളായ ബി രാഘവന്‍, പി എ എബ്രഹാം, പി ആനന്ദന്‍, ഡിവൈഎഫ്ഐ നേതാക്കളായ എസ് സജീഷ്, അഡ്വ. വി പി പ്രശാന്ത്, അഡ്വ. ബിജു എബ്രഹാം തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എംസി റോഡുവഴി ആയൂര്‍ ജങ്ഷനില്‍ എത്തിച്ച മൃതദേഹം നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി നീങ്ങി. കൊട്ടാരക്കര വഴി എഴുകോണിലുള്ള സിപിഐ എം നെടുവത്തൂര്‍ ഏരിയകമ്മിറ്റി ഓഫീസില്‍ വൈകിട്ട് 5.50നു മൃതദേഹം വഹിച്ചുള്ള വിലാപയാത്ര എത്തി. ഇവിടെ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ബി രാഘവന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെ എന്‍ ബാലഗോപാല്‍ എംപി, പി ആനന്ദന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിപിഐ എം പതാക പുതപ്പിച്ചു. ഡിവൈഎഫ്ഐക്കുവേണ്ടി തൂവെള്ള പതാകയും പുതപ്പിച്ചു. തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കുടുംബവീട് ലക്ഷ്യമാക്കി നീങ്ങി.

വഴിമധ്യേ സിപിഐ എം കരീപ്ര നോര്‍ത്ത്, സൗത്ത് ലോക്കല്‍കമ്മിറ്റി ഓഫീസുകള്‍ക്കു സമീപം നൂറുകണക്കിനുപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നെടുമണ്‍കാവ് ആശുപത്രി മുക്കില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. സിപിഐ എം നേതാക്കളായ കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, കെ വരദരാജന്‍, ജെ മേഴ്സിക്കുട്ടിയമ്മ, ബി രാഘവന്‍, കെ എന്‍ ബാലഗോപാല്‍ എംപി, എസ് സുദേവന്‍, ജോര്‍ജ് മാത്യു, ഇ കാസിം, എസ് ജയമോഹന്‍, അഡ്വ. കെ സോമപ്രസാദ്, പി ആനന്ദന്‍, അഡ്വ. രവീന്ദ്രന്‍നായര്‍, എസ് ആര്‍ രമേശ്, എംഎല്‍എമാരായ പി അയിഷാപോറ്റി, ആര്‍ രാജേഷ്, സിപിഐ നേതാവ് കെ ആര്‍ ചന്ദ്രമോഹനന്‍, ചെങ്ങറ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആശുപത്രിമുക്കില്‍നിന്നു മൃതദേഹം വീട്ടിലെത്തിച്ചു. നിരവധി സംഘടനകളും വ്യക്തികളും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ എം നേതാക്കളായ കെ വരദരാജന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, വി ശിവന്‍കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ സുനില്‍കുമാര്‍, ചെങ്ങറ സുരേന്ദ്രന്‍, എല്‍ഡിഎഫ് നേതാക്കളായ എ മന്മഥന്‍നായര്‍, എന്‍ ഇന്ദുശേഖരന്‍നായര്‍, കെ ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ എംഎല്‍എ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്കാരത്തിനുശേഷം അനുശോചനയോഗം ചേര്‍ന്നു. സിപിഐ എം നെടുവത്തൂര്‍ ഏരിയസെക്രട്ടറി പി ആനന്ദന്‍ അധ്യക്ഷനായി. കെ രാജഗോപാല്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെ എന്‍ ബാലഗോപാല്‍ എംപി, ബി രാഘവന്‍, പി അയിഷാപോറ്റി എംഎല്‍എ, ചെങ്ങറ സുരേന്ദ്രന്‍, എ മന്മഥന്‍നായര്‍, എന്‍ ഇന്ദുശേഖരന്‍നായര്‍, കെ സുനില്‍കുമാര്‍, എം എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്

കൊല്ലം: ശനിയാഴ്ച നെടുമണ്‍കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ ചെറിയ സംഘര്‍ഷത്തിന്റെ പേരില്‍ ശ്രീരാജിനെ വകവരുത്താന്‍ ആര്‍എസ്എസ് കൊലയാളികള്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി വ്യക്തമാകുന്നു. സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍ തയ്യാറാക്കി നല്‍കിയ ലിസ്റ്റിന്‍ പ്രകാരമായിരുന്നു ഈ അറസ്റ്റ്. ഈ പട്ടികയില്‍നിന്നു ശ്രീരാജിനെ ആര്‍എസ്എസുകാര്‍ ഒഴിവാക്കി. ഇതു ബോധപൂര്‍വമായിരുന്നു എന്നാണ് കൊലപാതകം തെളിയിക്കുന്നത്. നെടുമണ്‍കാവ് ആശുപത്രി മുക്കിലും പരിസരങ്ങളിലും അറിയപ്പെടുന്ന പ്രവര്‍ത്തകനാണ് ശ്രീരാജ്. ഇത് ഈ പ്രദേശത്തെ ആര്‍എസ്എസുകാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. കരീപ്ര പഞ്ചായത്തിലെ പ്ലാക്കോട്, മടന്തകോട്, കരീപ്ര, അയര്‍ക്കാട് ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ആര്‍എസ്എസുകാര്‍ സാധാരണ ജനജീവിതത്തിനു ഭീഷണിയാണ്. എന്നാല്‍, നെടുമണ്‍കാവ് ആശുപത്രിമുക്കിലും പരിസരങ്ങളിലും അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. ഇതിന്റെ പേരിലും അവര്‍ക്ക് ശ്രീരാജിനുമേല്‍ കടുംശത്രുത ഉണ്ടായിരുന്നു. അതാണ് കൊലപാതകത്തിലേക്ക് ഈ അക്രമിസംഘത്തെ നയിച്ചത്.

ശ്രീരാജിന്റെ കൊലപാതകം: യുവജനരോഷം ഇരമ്പി

കൊല്ലം: ശ്രീരാജിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കരിങ്കൊടി പ്രകടനവും യോഗവും ചേര്‍ന്നു. റെസ്റ്റ്ഹൗസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി പ്രസ്ക്ലബ്ബിനു മുന്നില്‍ സമാപിച്ചു. പ്രതിഷേധയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജി മുരളീധരന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിഅംഗം ആര്‍ ബിജു, ആര്‍ രാജേഷ്, എം മനോജ്, എം സജീവ്, അഡ്വ. കെ മോഹനന്‍, എ എം മുസ്തഫ, പി സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക്കമ്മിറ്റി നേതൃത്വത്തില്‍ മുക്കടയില്‍ പ്രകടനം നടത്തി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജി ഗോപിലാല്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ കൊട്ടിയം വില്ലേജ്കമ്മിറ്റി നേതൃത്വത്തില്‍ ഉമയനല്ലൂരില്‍ വമ്പിച്ച പ്രകടനവും യോഗവും നടന്നു. കൊട്ടിയം ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ മോഹനന്‍, സി സുരേഷ്, എസ് ഷിബു, എസ് ഷെമീര്‍ എന്നിവര്‍ സംസാരിച്ചു. തേവലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടപ്പനാലില്‍നിന്ന് ആരംഭിച്ച് ചേനങ്കരമുക്കില്‍ സമാപിച്ചു. ചവറ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്ലേഴത്തുമുക്കില്‍നിന്ന് ആരംഭിച്ച് കൊട്ടുകാട്ടില്‍ സമാപിച്ചു. വടക്കുംതല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനയില്‍നിന്ന് ആരംഭിച്ച് പറമ്പിമുക്കില്‍ സമാപിച്ചു.

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

തിരു: കൊല്ലം നെടുമണ്‍കാവ് ആശുപത്രിമുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശ്രീരാജിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. കഴിഞ്ഞദിവസം നെടുമണ്‍കാവില്‍ നടന്ന ഉത്സവത്തില്‍ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീരാജിന് നേര്‍ക്കുള്ള ആക്രമണം. ജോലിചെയ്തുകൊണ്ടിരുന്ന ശ്രീരാജിനെ അച്ഛന്റെ മുന്നില്‍വച്ചാണ് കൊലപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങളുമായി ആര്‍എസ്എസ് മുന്നോട്ടുപോവുകയാണെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment