Thursday, April 17, 2014

മമതയും വന്‍തട്ടിപ്പ് നടത്തി:പരേഖ്

കല്‍ക്കരി കുംഭകോണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പങ്ക് വെളിപ്പെടുത്തിയ കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖിന്റെ പുസ്തകത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും പരാമര്‍ശം. എന്‍ഡിഎ സര്‍ക്കാരില്‍ മമത ബാനര്‍ജി കല്‍ക്കരിമന്ത്രിയായിരിക്കെ അനധികൃതനിയമനമടക്കം ഒട്ടേറെ ക്രമക്കേട് അരങ്ങേറിയതായി "ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍" എന്ന പുസ്തകത്തില്‍ പരേഖ് വെളിപ്പെടുത്തുന്നു. 2004 മാര്‍ച്ചിലാണ് പരേഖ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കല്‍ക്കരിവകുപ്പില്‍ സെക്രട്ടറിയായി എത്തുന്നത്.

ഈ സമയം മമത ബാനര്‍ജിയായിരുന്നു വകുപ്പുമന്ത്രി. സ്വന്തം പാര്‍ടി താല്‍പ്പര്യങ്ങള്‍ക്കായി മന്ത്രിസ്ഥാനം മമത വ്യാപകമായി ദുരുപയോഗപ്പെടുത്തിയെന്ന് പരേഖ് പറയുന്നു. മമത മന്ത്രിയായി എത്തിയതിന് പിന്നാലെ കോള്‍ഇന്ത്യ ലിമിറ്റഡില്‍ അമ്പതിലേറെ തൃണമൂല്‍ പ്രവര്‍ത്തകരെ ട്രെയിനികളായി നിയമിക്കാന്‍ എംഡി ശശികുമാറിനു മേല്‍ സമ്മര്‍ദം ചെലുത്തി. നോര്‍ത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന് കീഴിലുള്ള കല്‍ക്കരിഖനികളില്‍ സുരക്ഷാജീവനക്കാരായി ഇവരെ നിയമിക്കാനായിരുന്നു നിര്‍ദേശം. ഒരു നടപടിക്രമവും പാലിക്കാതെയായിരുന്നു ഇവരുടെ നിയമനം. പത്രങ്ങളില്‍ പരസ്യമുണ്ടായില്ല. പരീക്ഷയും അഭിമുഖവും ഒഴിവാക്കി. അമ്പതിലേറെ പേരുകളുള്ള പട്ടിക മന്ത്രി നേരിട്ട് എംഡി ശശികുമാറിന് കൈമാറുകയായിരുന്നു. ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കാനും നിര്‍ദേശിച്ചു. ഇവരില്‍ ഒരാള്‍പോലും പരിശീലനത്തിന് എത്തിയില്ലെന്ന് ശശികുമാര്‍ പറഞ്ഞതായി പരേഖ് വെളിപ്പെടുത്തുന്നു. ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവച്ചശേഷം തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുകയാണ് ഇവരെല്ലാം ചെയ്തത്. കോള്‍ഇന്ത്യയില്‍ ജീവനക്കാര്‍ അധികമാണെന്ന കാരണംപറഞ്ഞ് സര്‍ക്കാര്‍ നിയമനിരോധനം ഏര്‍പ്പെടുത്തിയിരുന്ന ഘട്ടത്തിലാണ് ഒരു മാനദണ്ഡവും പാലിക്കാതെ തൃണമൂല്‍ പ്രവര്‍ത്തകരെ കൂട്ടത്തോടെ നിയമിച്ചത്. കോള്‍ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി കൂടാതെ കൊല്‍ക്കത്തയില്‍ കമ്പനിയുടെപേരില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് മമത തറക്കല്ലിട്ടു. ആശുപത്രി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കുന്നതിന് കൊല്‍ക്കത്ത കോര്‍പറേഷന് 25 ലക്ഷം രൂപ കൈമാറാന്‍ കോള്‍ഇന്ത്യ എംഡിക്ക് നിര്‍ദേശംനല്‍കി.

കൊല്‍ക്കത്തയില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങേണ്ട ഒരു ബാധ്യതയും കോള്‍ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. കോള്‍ഇന്ത്യ ഖന കമ്പനിയാണ്. ആശുപത്രി വ്യവസായത്തിലേക്ക് കടക്കേണ്ട കാര്യമില്ല. മാത്രമല്ല, കൊല്‍ക്കത്തയില്‍ കോള്‍ഇന്ത്യയുടെ 0.25 ശതമാനം ജീവനക്കാര്‍ മാത്രമാണുള്ളത്. ജീവനക്കാരുടെ ക്ഷേമത്തിനാണെങ്കില്‍ അമ്പത് ശതമാനത്തിലേറെ ജീവനക്കാര്‍ കഴിയുന്ന ജാര്‍ഖണ്ഡിലാണ് ആശുപത്രി പണിയേണ്ടത്. ബംഗാളില്‍ തനിക്ക് താല്‍പ്പര്യമുള്ള ഒട്ടനവധി സര്‍ക്കാരിതര സംഘടനകള്‍ക്ക് കോള്‍ഇന്ത്യയില്‍നിന്ന് വലിയതോതില്‍ ഫണ്ട് നേടിക്കൊടുക്കാനും മമത ഇടപെട്ടു. കമ്പനി എംഡിയെ സമ്മര്‍ദത്തിലാക്കിയായിരുന്നു ഈ നടപടിയും. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ പ്രഗത്ഭ വ്യക്തികളെയാണ് സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചിരുന്നത്. മമത മന്ത്രിയായശേഷം കുറെ തൃണമൂല്‍ പ്രവര്‍ത്തകരെ ഡയറക്ടര്‍മാരായി തിരുകിക്കയറ്റി. കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പല ഡയറക്ടര്‍മാരെയും പിരിച്ചുവിട്ട് അവരുടെ സ്ഥാനത്താണ് തൃണമൂലുകാരെ തിരുകിക്കയറ്റിയത്.

deshabhimani

No comments:

Post a Comment