Saturday, April 5, 2014

മാതൃഭൂമിയില്‍ പ്രധാന "തെര. ഡ്യൂട്ടി" പാലക്കാട്ട്

മാതൃഭൂമി പത്രത്തിലെ ജീവനക്കാര്‍ക്ക് "അധിക തെരഞ്ഞെടുപ്പ് ഡ്യൂട്ടി" പാലക്കാട്ട്. പത്രപ്രവര്‍ത്തകരെയും ജീവനക്കാരെയും വിവിധ യൂണിറ്റുകളില്‍നിന്ന് പാലക്കാട്ടേക്ക് നിയോഗിച്ചു. എന്നാല്‍, അധിക ഡ്യൂട്ടിക്കെതിരെ കടുത്ത അമര്‍ഷം പത്രപ്രവര്‍ത്തകരിലും ജീവനക്കാരിലും പുകയുന്നുണ്ടെങ്കിലും "ശിക്ഷ" ഭയന്ന് തല്‍ക്കാലം പ്രതികരിക്കാന്‍ തയ്യാറല്ല, പലരും. യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിക്കല്‍, യോഗങ്ങള്‍ സംഘടിപ്പിക്കല്‍, വീടുകള്‍ കയറിയിറങ്ങല്‍, വിവിധ ആവശ്യങ്ങള്‍ക്ക് പണം വിതരണംചെയ്യല്‍ തുടങ്ങിയവയാണ് മാതൃഭൂമിക്കാര്‍ക്കുള്ള "തെര.ഡ്യൂട്ടി"! ഒരു പരിചയവുമില്ലാത്ത പാലക്കാട്ടെ ഗ്രാമപ്രദേശങ്ങളിലടക്കം പോയി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. വേണ്ടത്ര പണവും അനുവദിച്ചിട്ടുണ്ട്. മനഃസാക്ഷി പണയംവച്ച് പ്രചാരണം നടത്താന്‍ വൈമനസ്യമുള്ളവരും നിര്‍ബന്ധ ഡ്യൂട്ടിക്ക് വഴങ്ങിയിരിക്കുകയാണ്. മാനേജ്മെന്റിന്റെ സ്വന്തം ആളുകള്‍ ഒപ്പമുള്ളതിനാല്‍ നിഷേധിക്കാനും വയ്യ.

വീടുകളില്‍ ലഘുലേഖകള്‍, സ്ലിപ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതോടൊപ്പം ജനങ്ങള്‍ക്കിടയിലെ അഭിപ്രായം രഹസ്യമായി അറിഞ്ഞ് ബന്ധപ്പെട്ടവര്‍ക്ക് "റിപ്പോര്‍ട്ട്" ചെയ്യലാണ് സര്‍ക്കുലേഷന്‍ വിഭാഗത്തിലുള്ളവരുടെ ചുമതല. മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ഇവരുടെ നിര്‍ദേശത്തിന് വിധേയമായി പ്രവര്‍ത്തിച്ചുകൊള്ളണമെന്നതാണ് ഇവരുടെ മനോഭാവം. പലയിടത്തും ഇതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായി. വിവിധ ആവശ്യങ്ങള്‍ക്കുള്ള പണം വിതരണംചെയ്യുന്ന ചുമതല സ്വാഭാവികമായും മാതൃഭൂമിയിലെ അക്കൗണ്ട്സ് വിഭാഗത്തിലുള്ളവര്‍ക്കുതന്നെ. പാലക്കാട്ട് പ്രത്യേക എഡിറ്റോറിയല്‍ വിഭാഗംതന്നെ രൂപീകരിച്ചാണ് മറ്റ് മാധ്യമങ്ങള്‍ക്ക് കുറിപ്പ് തയ്യാറാക്കിനല്‍കുന്നതും ലഘുലേഖകള്‍ തയ്യാറാക്കുന്നതും.

മാതൃഭൂമിയില്‍നിന്ന് രാജിവച്ച് പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പത്രപ്രവര്‍ത്തകന്‍ ശ്രീജിത്തിനെ മാതൃഭൂമി ജീവനക്കാര്‍ ആരെങ്കിലും സഹായിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിപുലസംവിധാനം ഒരുക്കിയിട്ടുണ്ട്. വേജ്ബോര്‍ഡ് നിര്‍ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ മാതൃഭൂമി ജീവനക്കാരെയും രഹസ്യമായി നിരീക്ഷിക്കുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍, ഫെയ്സ്ബുക്ക് എന്നിവ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പാലക്കാട്ട് ജോലിചെയ്ത ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റമായി പോയ ജീവനക്കാരെ അജ്ഞാതമായ ലാന്‍ഡ് നമ്പരുകളില്‍നിന്ന് വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിക്കുന്നു. രാജേഷിന് അനുകൂലമായി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ തന്ത്രം. വലിയ മനുഷ്യാവകാശവും സ്വാതന്ത്ര്യവും പ്രസംഗിക്കുന്നവരില്‍ നിന്ന് സ്വതന്ത്രചിന്തയ്ക്കും രാഷ്ട്രീയനിലപാടുകള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരെ കത്തിമുന നീളുമ്പോള്‍ മാനേജ്മെന്റിന്റെ അടിമകളല്ലാത്ത ജീവനക്കാരാകെ കടുത്ത മാനസികസംഘര്‍ഷം നേരിടുകയാണ്.

deshabhimani

No comments:

Post a Comment