Tuesday, April 1, 2014

ട്രഷറി കാലി നിത്യച്ചെലവിന് പോലും കാശില്ല

സാമ്പത്തികവര്‍ഷത്തിന്റെ അവസാന നാളില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ട്രഷറി കാലിയായി. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇന്ധനം നിറയ്ക്കാന്‍ കാശില്ലാതെ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ പെരുവഴിയിലായി. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേറെ വഴിതേടണം.

932 കോടിയുടെ നീക്കിയിരുപ്പുമായാണ് തിങ്കളാഴ്ച രാവിലെ ട്രഷറി പ്രവര്‍ത്തനം തുടങ്ങിയത്. സഹകരണബാങ്കുകളില്‍നിന്ന് 78 കോടി രൂപ നിക്ഷേപമായെത്തി. വാണിജ്യനികുതി വരവ് 600 കോടി രൂപയും. വകുപ്പുകളുടെ നീക്കിയിരിപ്പില്‍നിന്ന് 10 കോടിയുമുള്‍പ്പെടെ 1620 കോടി രൂപയാണ് തിങ്കളാഴ്ചത്തെ ആകെ വരവ്. ഇത് ആകെ ചെലവിന്റെ നാലയലത്തുപോലും എത്തില്ലെന്ന് ഉറപ്പായതോടെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. യുഡിഎഫ് ഭരണനേതൃത്വമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന അതോറിറ്റികള്‍ക്കും ബില്ലുകള്‍ ട്രഷറിയിലേക്ക് നല്‍കേണ്ടതില്ലെന്ന് രഹസ്യമായി കര്‍ശന നിര്‍ദേശം നല്‍കി.

സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയില്‍നിന്ന് പണം ട്രഷറിയിലേക്ക് മറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഉച്ചയ്ക്കുമുമ്പ് സബ് ട്രഷറികള്‍ നിശ്ചലമായി. പ്രധാന ട്രഷറികളില്‍ അടിയന്തര ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും അക്കൗണ്ടുവഴി മാറാവുന്ന ചെക്ക് നല്‍കി. പരമാവധി ബില്‍തുക ട്രഷറി സേവിങ്സ് അക്കൗണ്ടില്‍ നിലനിര്‍ത്തി. 2400 കോടിയുടെ കുടിശ്ശികയില്‍ ഒരു രൂപപോലും കരാറുകാര്‍ക്ക് നല്‍കിയില്ല. എന്നിട്ടും ഉച്ചയോടെ പണംതീര്‍ന്നു. സാധാരണനിലയില്‍ മാര്‍ച്ച് 31ന് അര്‍ധരാത്രി കഴിഞ്ഞാലും പ്രവര്‍ത്തിക്കാറുള്ള ട്രഷറികള്‍ വൈകിട്ടോടെ അടച്ചുപൂട്ടി.

ചൊവ്വാഴ്ച അവധിയാണ്. ബുധനാഴ്ച ട്രഷറി തുറക്കുമ്പോള്‍ ഫണ്ട് ശൂന്യമായിരിക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കൂടിയ പലിശക്ക് ധനസ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുക്കാന്‍ നെട്ടോട്ടമോടുകയാണ്. ആദായനികുതിയുടെ പേരില്‍ പരമാവധി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കും. സര്‍ക്കാര്‍വാഹനങ്ങളില്‍ ഇന്ധനം തീരുന്നതോടെ നിര്‍ത്തിയിടേണ്ടിവരും. ഗ്രാമീണമേഖലയിലെ കുടിവെള്ളവിതരണമടക്കം നിലയ്ക്കും. കേന്ദ്ര നികുതി വിഹിതമായി എല്ലാ മാസവും കിട്ടുന്ന വിഹിതത്തില്‍നിന്ന് മുന്‍കൂര്‍ (വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്) കൈപ്പറ്റി നിത്യനിദാനചെലവ് നടത്തിത്തുടങ്ങി. 175 കോടി രൂപ തിങ്കളാഴ്ച എടുത്തു. 175 കോടി രൂപകൂടി മാത്രമേ ഇനി എടുക്കാനാകൂ. ഇതോടെ സംസ്ഥാനം പൂര്‍ണമായും ഓവര്‍ഡ്രാഫ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. തെരഞ്ഞെടുപ്പായതിനാല്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഒരു ദിവസംപോലും മുടങ്ങാതിരിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശക്ക് ധനസ്ഥാപനങ്ങളില്‍നിന്ന് പണം കടമെടുക്കുക എന്ന മാര്‍ഗമാണ് സര്‍ക്കാര്‍ തേടുന്നത്. ഇതിനായി എല്‍ഐസിയുമായി ചര്‍ച്ചതുടങ്ങി.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment