Tuesday, April 1, 2014

സ്വാതന്ത്ര്യ സമരസേനാനി കോണ്‍ഗ്രസ് വിട്ടു

കൊച്ചി: ""72 വര്‍ഷമായി ഈ കോണ്‍ഗ്രസ് പതാക പിടിക്കുന്നു. ഇനിയും കൊള്ളരുതായ്മകള്‍ സഹിക്കാന്‍ വയ്യ. ഇവരൊക്കെയാണ് കോണ്‍ഗ്രസ് എങ്കില്‍ ആ കോണ്‍ഗ്രസില്‍ ഞാനില്ല. മുഖ്യമന്ത്രിക്ക് നാണമില്ലെങ്കില്‍ വേണ്ട, ഞങ്ങള്‍ക്കൊക്കെ അതുണ്ട്. അതിനാല്‍ ഞാന്‍ ഈ പാര്‍ടി വിടുകയാണ്"". സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ എ ഭാനുപ്രകാശിന്റേതാണ് ഈ വാക്കുകള്‍. പതിനാലാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരപ്രഖ്യാപനം ഏറ്റെടുത്ത് സ്കൂളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയതിന് പുറത്താക്കപ്പെട്ട ഭാനുപ്രകാശ് അന്നുമുതലേ കോണ്‍ഗ്രസാണ്. സംഘടനാ കോണ്‍ഗ്രസിന്റെ എഐസിസി അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍വരെ പ്രവര്‍ത്തിച്ച അദ്ദേഹം, 2010ല്‍ രാഷ്ട്രപതി ഡല്‍ഹിയില്‍ വിളിച്ചുവരുത്തി പ്രത്യേകം ആദരിച്ച നാലു മലയാളി സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളുമാണ്.

പള്ളുരുത്തിയിലെ വീട്ടിലിരുന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മയെക്കുറിച്ചു പറയുമ്പോള്‍ ഈ ഗാന്ധിയന് രോഷം അടങ്ങുന്നില്ല. ""എത്ര തവണയായി കോടതി ഈ ഭരണത്തെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നു. കഴിഞ്ഞദിവസവും ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷവിമര്‍ശം കണക്കിലെടുത്തെങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കുമെന്നു കരുതി. അദ്ദേഹം നാണംകെട്ടും തുടരുകയാണ്. ഇവരുടെ പാര്‍ടിയില്‍ തുടരാന്‍ ഇനി വയ്യ. ഇപ്പോഴും കോണ്‍ഗ്രസ് അംഗത്വമുണ്ട്. അത് ഉപേക്ഷിക്കുകയാണ്""- അദ്ദേഹം പറഞ്ഞു. ""മൂത്തകുന്നം അമ്പലത്തിലെ ഉത്സവച്ചടങ്ങില്‍ അഴിമതി ആരോപണം വന്തിനാലാണ് അന്നത്തെ ഗതാഗതമന്ത്രി ഇ ജോണ്‍ ഫിലിപ്പ് മന്ത്രിസ്ഥാനം രാജിവച്ചത്. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കൊലക്കേസില്‍ ആരോപണവിധേയനായി മുഖ്യമന്ത്രി കെ കരുണാകരനും രാജിവച്ചു. താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ സ്ത്രീയെ കണ്ടതിനാണ് മന്ത്രി പി ടി ചാക്കോ രാജിവച്ചത്. ഇതൊക്കെ പഴയകാലം ഇന്ന് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒരു നാണവുമില്ല."". ""സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫുമായി ബന്ധപ്പെട്ടും നിരന്തര ആരോപണമുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കോടതിയുടെയും വിമര്‍ശനം. എന്നിട്ടും അധികാരത്തില്‍ തുടരുക എന്നത് മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ അതും പോയി. ഉമ്മന്‍ചാണ്ടിയെ മാറ്റി ആന്റണി എത്തുമെന്നും കരുതി. അതും ഉണ്ടായില്ല."". ""നിലവിലത്തെ സാഹചര്യത്തില്‍ ഇടതുപക്ഷമാണ് വിശ്വസിക്കാവുന്ന പ്രസ്ഥാനം. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ അവരെ പിന്തുണയ്ക്കും. മരിക്കുംവരെ ഗാന്ധിയനായി തുടരും""- അദ്ദേഹം തന്റെ ഭാവി നിലപാടും വ്യക്തമാക്കുന്നു.

മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്കൂളില്‍ രണ്ടാം ഫോം വിദ്യാര്‍ഥിയായിരിക്കെയാണ് ത്രിവര്‍ണപതാക ഉയര്‍ത്തിയതിന് ഭാനുപ്രകാശിനെ സ്കൂളില്‍നിന്നു പുറത്താക്കിയത്. ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയില്‍ വച്ചു. മട്ടാഞ്ചേരി ടിഡി ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പഠിപ്പുമുടക്കിയതിന് അറസ്റ്റ് ഭീഷണിയുണ്ടായപ്പോള്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം സംഘടനാ കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തിയ ഭാനുപ്രകാശ് പ്രജാമണ്ഡലത്തിന്റെ മുഖപത്രമായ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തകനായി. 1963 മുതല്‍ "91 വരെ മലയാള മനോരമയുടെ പ്രാദേശിക ലേഖകനും വാണിജ്യകാര്യ ലേഖകനുമായിരുന്നു. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്കൂളില്‍ അധ്യാപികയായി വിരമിച്ച ലീലയാണ് ഭാര്യ. ലീബ കിഷോര്‍, വാണിജ്യകാര്യ പത്രപ്രവര്‍ത്തകരായ ലില്ലിബെറ്റ് ഭാനുപ്രകാശ്, കെ ബി ഉദയഭാനു എന്നിവരാണ് മക്കള്‍.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment