Tuesday, April 15, 2014

പൊതുമരാമത്തില്‍ വന്‍ വെട്ടിപ്പ്: കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മറ

സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ മറയാക്കി പൊതുമരാമത്തുവകുപ്പില്‍ വന്‍ വെട്ടിപ്പ്. പൊതുമേഖലാ സ്ഥാപനം എന്നനിലയില്‍ കോര്‍പറേഷന് ടെന്‍ഡര്‍ നടപടികളില്‍ നല്‍കിയ ഇളവ് ദുരുപയോഗംചെയ്താണ് തട്ടിപ്പ്. വകുപ്പുമന്ത്രിയുടെ ഓഫീസും കരാറുകാരും കോര്‍പറേഷന്‍ ഉന്നതരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പിന്നില്‍. മലബാര്‍മേഖലയിലെ മരാമത്തുജോലികളിലാണ് തട്ടിപ്പേറെയും. ചെലവ് വര്‍ധിപ്പിച്ച് കാണിച്ചും പണം കവരുന്നു. അനുവദിച്ച ബജറ്റുവിഹിതവും മറികടന്ന് പൊതുമരാമത്ത് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ നടക്കുന്നത് കൊടിയ അഴിമതിയാണ്. നിലവില്‍ 17.5 ശതമാനംവരെ അടങ്കല്‍ അധികരിച്ചുള്ള ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നുണ്ട്. ഇതിനുപുറമെ ടെന്‍ഡറില്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറഞ്ഞ ക്വട്ടേഷന്റെ 10 ശതമാനം അധികരിച്ച തുകയ്ക്ക് കണ്‍സ്ട്രക്ഷന്‍ കോര്‍പേറഷന് കരാര്‍ ഏല്‍പ്പിക്കാമെന്ന വ്യവസ്ഥ ദുരുപയോഗംചെയ്യുന്നു. 10 ശതമാനം അധികരിച്ച തുകയ്ക്ക് കോര്‍പറേഷനെ ഏല്‍പ്പിക്കുന്ന ജോലിയാണ് കരാറുകാര്‍ക്ക് മറിച്ചുനല്‍കുന്നത്.

കോര്‍പറേഷന് ടെന്‍ഡര്‍ നടപടിയില്‍ ഒട്ടേറെ ഇളവുണ്ട്. 2.5 ശതമാനം നിരതദ്രവ്യം കെട്ടേണ്ടതില്ല. 10 ശതമാനം സുരക്ഷാനിക്ഷേപം വേണ്ട. ജോലി പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞുമാത്രം മടക്കിനല്‍കുന്ന തുകയാണിത്. അന്തിമബില്‍ നല്‍കുമ്പോള്‍ തിരിച്ചുനല്‍കുന്ന 10 ശതമാനം അടങ്കല്‍തുക പിടിച്ചുവയ്ക്കല്‍ തുടങ്ങിയവ കോര്‍പറേഷന് ഒഴിവാക്കിയിട്ടുണ്ട്. ഇതാണ് കരാറുകാരുടെ പ്രധാന ആകര്‍ഷണം. മറിച്ചുനല്‍കുന്ന കരാറുകളില്‍ കോര്‍പറേഷന് അഞ്ച് ശതമാനമാണ് കമീഷന്‍. രണ്ട് ശതമാനം മന്ത്രിഓഫീസുമായി ബന്ധപ്പെട്ട വര്‍ക്കാണ്. മൂന്ന് ശതമാനം ഇതിലും കരാറുകാര്‍ക്ക് ലാഭം. ഇതിന്റെ പങ്ക് കോര്‍പറേഷനിലെയും വകുപ്പിലെയും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നു. മന്ത്രിഓഫീസുമായി അടുപ്പമുള്ളവര്‍ക്ക് കോര്‍പറേഷന്റെ കമീഷന്‍ വീണ്ടും കുറയും. വന്‍കിട കരാറുകാരാണ് ഒത്തുകളിക്കുന്നത്.

പ്രവൃത്തികളുടെ ബില്‍തുക ഉയര്‍ത്തിക്കാട്ടിയും തട്ടിപ്പ് നടക്കുന്നു. മലബാര്‍പ്രദേശത്ത് ഒരു പ്രവൃത്തിയുടെ അടങ്കലില്‍ 16 ലക്ഷം രൂപയായിരുന്നു. മന്ത്രിഓഫീസിന്റെ ഇടപെടലിനെതുടര്‍ന്ന് ബില്‍തുക 36 ലക്ഷമാക്കി. ഇത് ഭൂരിപക്ഷം പ്രവൃത്തികളിലും ആവര്‍ത്തിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ ബില്‍തുക വര്‍ധിപ്പിക്കാനും കുറയ്ക്കാനുമുള്ള അധികാരം വകുപ്പിനുണ്ട്. ഇതിന്റെ മറവില്‍ താല്‍പ്പര്യമുള്ളവരുടെ ബില്‍തുക കുത്തനെ ഉയര്‍ത്തുന്നു. പിന്നില്‍ കമീഷന്‍ ലേലം വിളിയും. അപ്രധാനമായ റോഡുകള്‍ക്കും റബറൈസ്ഡ് ടാറിങ് (ബിഎംബിസി) നടത്തുക വഴിയും തട്ടിപ്പ് നടത്തുന്നു. മലപ്പുറത്തെ മന്ത്രിയുടെ മണ്ഡലത്തിലെ മിക്ക റോഡും റബറൈസ് ചെയ്യുന്നു. ഇത്തരത്തിലുള്ള ടാറിങ്ങിന് കിലോമീറ്ററിന് ഒരുകോടിയാണ് ചെലവ്. സാധാരണനിലയില്‍ ടാര്‍ചെയ്യാന്‍ 10 ലക്ഷം മതി. അടിസ്ഥാനം ഉറപ്പില്ലാത്ത റോഡുകളുടെ മുകളില്‍ നടത്തുന്ന റബറൈസ്ഡ് ടാറിങ് അധികകാലം നില്‍ക്കില്ല. ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇതിന്റെ കമീഷന്‍ ലഭിക്കുന്നുണ്ട്. ധനവകുപ്പിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അടങ്കല്‍ അധികരിച്ച ദര്‍ഘാസ് അനുവദിക്കുന്നതും ബില്‍തുക കൂട്ടിനല്‍കുന്നതും. മന്ത്രിസഭായോഗത്തില്‍ തടസ്സം ഒഴിവാക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ള ഉറപ്പ്. പൊതുമരാമത്തുവകുപ്പിലെ അഴിമതിയാണ് വകുപ്പിനുള്ള ബജറ്റുവിഹിതത്തിലും കൂടിയ ചെലവ് വരുന്നതിന് കാരണമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment