Monday, April 14, 2014

സംഘടിതമേഖലയിലെ തൊഴിലാളികള്‍ കൂടുമാറുന്നു

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിരുദ്ധ നയങ്ങള്‍ ചെറുകിടവാണിജ്യ, വ്യവസായമേഖലയെ വീര്‍പ്പുമുട്ടിക്കുന്നു. ഇതേത്തുടര്‍ന്ന് സംഘടിതമേഖലയിലെ തൊഴിലാളികള്‍ ഇതര മേഖലകളിലേക്ക് കൂടുമാറുന്നു. ജനങ്ങളുടെ വരുമാനത്തകര്‍ച്ച ചെറുകിട ഉല്‍പ്പാദനമേഖലയിലും മാന്ദ്യം സൃഷ്ടിക്കുന്നു. കൊച്ചിയിലെ ചായപ്പൊടി കമ്പനിയിലെ ലോഡിങ് തൊഴിലാളിയായിരുന്ന മട്ടാഞ്ചേരി ബസാര്‍ റോഡ് സ്വദേശി പി എം മുഹമ്മദാലി ഇപ്പോള്‍ പെയിന്റിങ് ജോലിയെയാണ് ആശ്രയിക്കുന്നത്. കയറ്റുമതി അധിഷ്ഠിതമായ സ്വകാര്യകമ്പനിയില്‍ മികച്ച വേതനവും ആനുകൂല്യങ്ങളുമുള്ള തൊഴിലാളിയായിരുന്നു. ഇപ്പോള്‍ അന്നത്തേതിന്റെ പകുതി കൂലി മാത്രമാണുള്ളത്. പലപ്പോഴും ജോലി ഇല്ലാത്ത സ്ഥിതിയാണ്.

അരൂരിലെ മത്സ്യസംസ്കരണ ഫാക്ടറിയില്‍ ജോലിനോക്കിയിരുന്ന ഇടക്കൊച്ചി സ്വദേശി ബേബിയാകട്ടെ ഇപ്പോള്‍ നഗരത്തിലെ ഫ്ളാറ്റുകളില്‍ ഊഴമനുസരിച്ച് തൂപ്പുജോലി ചെയ്താണ് ജീവിക്കുന്നത്. പഴയ ആനുകൂല്യങ്ങള്‍ ഇന്ന് പഴങ്കഥ. കയറ്റുമതി അധിഷ്ഠിത വ്യവസായമേഖലയിലെ തകര്‍ച്ചയാണ് മുഹമ്മദാലിക്കും ബേബിക്കുമൊക്കെ തൊഴില്‍ നഷ്ടമാക്കിയത്.

ചായപ്പൊടിയും മത്സ്യോല്‍പ്പന്നങ്ങളും ഇതര കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളാലും സമ്പന്നമായിരുന്നു എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളെങ്കില്‍ ഇന്ന് ഇവിടം ഈ വ്യവസായങ്ങളുടെ ശവപ്പറമ്പാണ്. കയറ്റുമതിക്ക് നേതൃത്വം നല്‍കിയ മത്സ്യോല്‍പ്പന്ന സ്ഥാപനങ്ങള്‍തന്നെ ഇപ്പോള്‍ ഇറക്കുമതിക്ക് ചുക്കാന്‍ ഏന്തുന്നു. മത്സ്യസംസ്കരണമേഖലയിലും അനുബന്ധ മത്സ്യമേഖലയിലും തൊഴിലെടുത്തിരുന്ന അനേകര്‍ക്ക് തൊഴില്‍ നഷ്ടമായി. നിതാഖാത്ത്പോലുള്ള നിയമങ്ങളെത്തുടര്‍ന്ന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയപ്പോള്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞത് ചെറുകിട വ്യവസായമേഖലയില്‍ രൂക്ഷ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് കേരള ചെറുകിട വ്യവസായി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ചെരുപ്പു കമ്പനി ഉടമയുമായ വി കെ സി മുഹമ്മദ്കോയ പറഞ്ഞു. കടുത്ത നിയന്ത്രണവും സാമ്പത്തികമാന്ദ്യവുംമൂലം നിര്‍മാണ മേഖല രൂക്ഷമായ പ്രതിസന്ധിയിലായത് കമ്പി വ്യവസായത്തെ രൂക്ഷമായി ബാധിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ പറയുന്നു. മണല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയന്ത്രണം ദോഷമായി ബാധിച്ചു. രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും ചെറുകിട വ്യവസായ മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെറുകിട വ്യവസായികള്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. മരണമടയുന്ന ചെറുകിട വ്യവസായിയുടെ കുടുംബത്തിന് 10 ലക്ഷം സമാശ്വാസമായി അനുവദിക്കുന്ന പദ്ധതി ഫലത്തില്‍ അട്ടിമറിച്ചു. കളിമണ്ണെടുക്കാന്‍ അനുവാദം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ 200ഓളം ഓട് ഫാക്ടറികളും പ്രതിസന്ധിയിലായി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കുന്ന അനുമതി ഇതുവരെ നല്‍കിയിട്ടില്ല. മഴ തുടങ്ങിയാല്‍ മണ്ണെടുക്കാനാവാതെവരുമെന്നതിനാല്‍ ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് സര്‍ക്കാര്‍ അനാസ്ഥ ദോഷകരമായി ബാധിക്കുക.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment